Follow Us On

22

January

2025

Wednesday

ജപമാലയുമായി എവറസ്റ്റില്‍ ഒരു വൈദികന്‍

ജപമാലയുമായി എവറസ്റ്റില്‍ ഒരു വൈദികന്‍

കാഠ്മണ്ഡു (നേപ്പാള്‍): ജപമാല ഉയര്‍ത്തി ഒരു കത്തോലിക്ക വൈദികനും സുഹൃത്തും എവറസ്റ്റു കൊടുമുടിയുടെ ബെയ്‌സ് ക്യാമ്പുവരെ എത്തിയെന്നു കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. മാനന്തവാടി രൂപതയിലെ മണിമൂളി ഇടവകാംഗവും സിഎസ്ടി സഭാംഗവുമായ ഫാ. ബിബിന്‍ ചാക്കോ മുംബൈയില്‍ താമസിക്കുന്ന മലയാളിയായ ആന്റോ തോമസിനോടൊപ്പമാണ് ആ ചരിത്രനേട്ടത്തിലേക്ക് നടന്നുകയറിയത്. ആദ്യമായി ബെയ്‌സ് ക്യാമ്പില്‍ എത്തിയ കത്തോലിക്ക പുരോഹിതന്‍ എന്ന ബഹുമതിയും ഇനി ഫാ. ബിബിന് സ്വന്തം. കൊടുംതണുപ്പിനെയും പ്രതികൂല കാലാവസ്ഥയെയും തോല്പിച്ചാണ് ആ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. മൈനസ് ഏഴു മുതല്‍ മൈനസ് 10 വരെയുള്ള തണുപ്പിനും മഞ്ഞുവീഴ്ചയ്ക്കും വീശിയടിക്കുന്ന കാറ്റിനുമൊന്നും പിന്തിരിപ്പിക്കാന്‍ കഴിയുന്നതായിരുന്നില്ല വിശ്വാസത്തെ മുറുകെപ്പിടിച്ചുകൊണ്ടുള്ള ആ യാത്ര.

ലക്ഷ്യം ജപമാല ഭക്തി
ജപമാല ഭക്തി പ്രചരിപ്പിക്കുക, നേപ്പാളിലെ കുട്ടികളുടെ വിദ്യാഭ്യാസം, ഭക്ഷണം പാഴാക്കാതിരിക്കുക തുടങ്ങിയ ആത്മീയവും സാമൂഹികവുമായ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു യാത്ര. ഫാ. ബിബിന്റെ ഹിമാലയ യാത്രയെക്കുറിച്ചും ലക്ഷ്യത്തെപ്പറ്റിയുമുള്ള വാര്‍ത്തകള്‍ നേപ്പാളിലെ മാധ്യമങ്ങളില്‍ വന്നിരുന്നു. വിശ്വാസത്തിന്റെ പിന്‍ബലത്തോടെയുള്ള ഈ സാഹസികയാത്രയില്‍ ജപമാല പ്രാര്‍ത്ഥനകളായിരുന്നു അവര്‍ക്ക് സംരക്ഷണവലയം തീര്‍ത്തത്. ജപമാല ഭക്തിയുടെ പ്രചാരണമെന്ന ലക്ഷ്യം ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ പരിശുദ്ധ മാതാവ് മുമ്പില്‍നിന്നു നയിക്കുന്ന അനുഭവങ്ങളായിരുന്നു അവരെ കാത്തിരുന്നത്. യാത്രയിലുടെനീളം ദൈവസാന്നിധ്യം അനുഭവിക്കാന്‍ സാധിച്ചുവെന്ന് ഫാ. ബിബിന്‍ പറഞ്ഞു. യാത്രക്ക് എല്ലാവിധ പിന്തുണയും നല്‍കി സഭ ഒപ്പം ഉണ്ടായിരുവെന്ന് ഫാ. ബിബിന്‍ വ്യക്തമാക്കി. മിഷന്‍ സുപ്പീരിയറും ആശ്രമം സുപ്പീരിയറും യാത്രയെ ഏറെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

നേപ്പാളിലെ സുര്‍ക്കേയില്‍നിന്നായിരുന്നു യാത്ര ആരംഭിച്ചത്. അവിടെനിന്നും ഏഴുദിവസത്തെ നടപ്പുദൂരമുണ്ട് ബെയ്‌സ് ക്യാമ്പിലേക്ക്. എന്നാല്‍, മൂന്നര ദിവസംകൊണ്ട് അവര്‍ ലക്ഷ്യസ്ഥാനത്ത് എത്തി. യാത്രക്കിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ ദൈവാലയമോ ബലിപീഠമോ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, പ്രാര്‍ത്ഥനകള്‍ ചൊല്ലി മനസുകൊണ്ട് കുര്‍ബാനയും അര്‍പ്പിച്ചുവെന്ന് ഫാ. ബിബിന്‍ പറഞ്ഞു. യാത്രയ്ക്ക് ഒരു ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അവര്‍ക്ക് 20,000-ത്തിനടുത്തുമാത്രമാണ് ചെലവായത്. കാരണം, ഭക്ഷണമൊഴിച്ച് വേറൊന്നിനും ആരും പണം വാങ്ങിയില്ല.

താമസം സൗജന്യം
ട്രെക്കിംഗിനു പോകുന്നവര്‍ താമസിക്കുന്നത് ഷെര്‍പ്പ കമ്മ്യൂണിറ്റിയുടെ ഹോട്ടലുകളിലാണ്. ഹിമാലയന്‍ യാത്രകളില്‍ ഏറ്റവും ചെലവേറിയതാണ് താമസം. എന്നാല്‍, വൈദികനാണെന്നും അവര്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത് വ്യത്യസ്തമായ ലക്ഷ്യങ്ങളാണെന്നും തിരിച്ചറിഞ്ഞപ്പോള്‍ ബിബിനച്ചനും സുഹൃത്തിനും എല്ലാം സൗജന്യമായി.

സാഹസിക യാത്രകളും സാമൂഹ്യപ്രവര്‍ത്തനവും ഏറെ ഇഷ്ടപ്പെടുന്ന ഫാ. ബിബിന്‍ നേപ്പാള്‍ ലിറ്റില്‍ ഫ്‌ളവര്‍ സൊസൈറ്റിയുടെ ഡറയക്ടറാണ്. സഹയാത്രികനായിരുന്ന ആന്റോ തോമസ് സാമൂഹ്യസേവന മേഖലയില്‍ സജീവമാണ്. ഹിമാലയ പര്‍വ്വതം കീഴടക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ഫാ. ബിബിന്‍ പറഞ്ഞു.

അതുമാത്രമല്ല, ലോകത്തിന്റെ നെറുകയിലെത്തി അവിടെ ഒരു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്നാണ് ആഗ്രഹം. യാത്രക്ക് സ്‌പോണ്‍സറെ അന്വേഷിക്കുകയാണ് ഈ വൈദികന്‍. ഹിമാലയന്‍ യാത്രയ്ക്ക് 25 ലക്ഷത്തോളം രൂപ ചെലവുവരുമെന്നാണ് കണക്ക്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?