Follow Us On

10

October

2024

Thursday

സീറോമലബാര്‍സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം: ഫ്രാന്‍സിസ് മാര്‍പാപ്പ

സീറോമലബാര്‍സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍സിറ്റി: സീറോമലബാര്‍സഭയുടെ ആരാധനക്രമ, ദൈവശാസ്ത്ര, ആധ്യാത്മിക, സാംസ്‌കാരിക പൈതൃകം  സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലോക മെമ്പാടുമുള്ള സീറോമലബാര്‍ സഭാംഗങ്ങള്‍ സവിശേഷശ്രദ്ധ പതിപ്പിക്കണമെന്ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. അതുല്യവും അമൂല്യവുമായ ചരിത്രാനുഭവങ്ങള്‍ സ്വന്തമായുള്ള സീറോമലബാര്‍സഭയ്ക്കു ലഭിച്ചതും സഭ മുന്നോട്ടുകൊണ്ടുപോകുന്നതുമായ മഹത്തായ പൈതൃകത്തില്‍ സഭാംഗങ്ങളെ ഉറപ്പിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും മാര്‍പാപ്പ വ്യക്തമാക്കി.
സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റതിനുശേഷം വത്തിക്കാനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മാര്‍ റാഫേല്‍ തട്ടിലിനെയും മെത്രാന്മാരുടെ പ്രതിനിധിസംഘത്തെയും സ്വീകരിച്ചതിനുശേഷം വൈദികരും സമര്‍പ്പിതരും അല്മായരുമടങ്ങുന്ന റോമിലുള്ള സീറോമലബാര്‍ സഭാഗംങ്ങളെ വത്തിക്കാന്‍ പാലസിലെ കണ്‍സിസ്റ്ററി ഹാളില്‍ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ.
സ്വയം ഭരണാവകാശമുള്ള ഒരു വ്യക്തിസഭ എന്ന നിലയില്‍ സീറോമലബാര്‍സഭയെ ഈ പൈതൃക സംരക്ഷണത്തില്‍  സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ മാര്‍പാപ്പ സഭ ഇന്നു നേരിടുന്ന വെല്ലുവിളികളെ ഉത്തരവാദിത്വത്തോടെയും സുവിശേഷാത്മക ധൈര്യത്തോടെയും മേജര്‍ ആര്‍ച്ചു ബിഷപ്പിന്റെയും സിനഡിന്റെയും നേതൃത്വത്തില്‍  ഉചിതമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടു നേരിടുവാനും മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു.
എറണാകുളം-അങ്കമാലി അതിരൂപതയില്‍ വി. കുര്‍ബാനയുടെ ഏകീകൃത അര്‍പ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യങ്ങളെ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ച മാര്‍പാപ്പ ഈ പ്രശ്‌ന പരിഹാരത്തിനായി  നല്‍കിയ കത്തുകളെയും വീഡിയോ സന്ദേശത്തെയും കുറിച്ചു പരാമര്‍ശിച്ചു. സഭയില്‍ ഐക്യം നിലനിര്‍ത്തുകയെന്നത് കേവലം ഒരു ഉപദേശമായി മാത്രം കണക്കാക്കാതെ, അതൊരു കടമയാണെന്നും അനുസരണം വാഗ്ദാനം ചെയ്ത വൈദികര്‍ക്ക് ആ കടമ നിറവേറ്റുന്നതില്‍ പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു. പരിശുദ്ധ കുര്‍ബാനയോടുകാണിക്കുന്ന ഗുരുതരമായ അനാദരവ് കത്തോലിക്കാ വിശ്വാസവുമായി ചേര്‍ന്നുപോകുന്നതല്ലായെന്നും മാര്‍പാപ്പ മുന്നറിയിപ്പു നല്‍കി.
സഭയില്‍ ഐക്യം നിലനിര്‍ത്താനുള്ള ദൃഢനിശ്ചയത്തോടെ ഒരുമിച്ചു പ്രവര്‍ത്തിക്കാനും പ്രാര്‍ഥിക്കാനും ആഹ്വാനം നല്കിയ മാര്‍പാപ്പ പ്രതിസന്ധിഘട്ടങ്ങളില്‍ നഷ്ടധൈര്യരും നിസഹായരുമാകാതെ പ്രത്യാശയില്‍ മുന്നേറാന്‍ ആവശ്യപ്പെട്ടു.
മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ പരിശുദ്ധ പിതാവ് മാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ഓഫീസില്‍ സ്വീകരിച്ചു. പെര്‍മനന്റ് സിനഡ് അംഗങ്ങളായ ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്,  ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററും സഭയുടെ പ്രൊക്യൂറേറ്ററുമായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരും പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ചയില്‍  പങ്കെടുത്തു.
ഇനിയുള്ള ദിവസങ്ങളില്‍ മേജര്‍ ആര്‍ച്ചുബിഷപ്പും മെത്രാന്‍ പ്രതിനിധി സംഘവും വത്തിക്കാനിലെ വിവിധ കാര്യാലയങ്ങള്‍ സന്ദര്‍ശിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും. പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തില്‍ മാര്‍ തട്ടിലിന് മെയ് 15-നു ഔദ്യോഗിക സ്വീകരണം നല്‍കും. മെയ് 19 ഞായറാഴ്ച റോമിലെ സാന്താ അനസ്താസിയ ബെസിലിക്കയില്‍ നടക്കുന്ന ആഘോഷമായ പരിശുദ്ധ കുര്‍ബനയോടെ ഔദ്യോഗിക സന്ദര്‍ശന പരിപാടികള്‍ സമാപിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?