Follow Us On

13

July

2024

Saturday

മാലാഖമാരുടെ ഗ്രാമത്തില്‍ മാലാഖമാരുടെ സംഗമം

മാലാഖമാരുടെ ഗ്രാമത്തില്‍ മാലാഖമാരുടെ സംഗമം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ ചെങ്കലിലുള്ള എയ്ഞ്ചല്‍സ് വില്ലേജ് വലിയൊരു വിശ്വാസ സാക്ഷ്യത്തിന് വേദിയായത് വേറിട്ടൊരു കാഴ്ചയായി മാറി. പൊന്‍കുന്നം ഫൊറോനയുടെ കീഴിലുള്ള പതിനാല് ഇടവകകളില്‍നിന്നുമായി  ആദ്യ കുര്‍ബാന സ്വീകരിച്ച നൂറ്റിഅമ്പതോളം കുട്ടികള്‍ അവരുടെ സന്തോഷം പങ്കുവെക്കാന്‍ ഒരുമിച്ചുകൂടുകയായിരുന്നു.
വലിയ ഉത്സാഹത്തോടും ആനന്ദത്തോടുംകൂടിയാണ് സമയത്തിന് മുന്‍പുതന്നെ അധ്യാപകര്‍ക്കൊപ്പം അവര്‍ എയ്ഞ്ചല്‍സ് വില്ലേജിലെത്തിയത്. എയ്ഞ്ചല്‍സ് വില്ലേജ ഡയറക്ടര്‍ ഫാ. റോയി മാത്യു വടക്കേല്‍, ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിറ്റി സേവ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഊഷ്മളമായ വരവേല്‍പ് നല്‍കി.
ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് സ്വന്തം മാതാപിതാക്കളുടെ അകമ്പടിയോടെ ഇടവകപ്പള്ളിയില്‍ ഈശോയെ ആദ്യമായി സ്വീകരിച്ചതിന്റെ മധുരിക്കുന്ന ഓര്‍മ ഒളിമങ്ങാതെ മനസില്‍ സൂക്ഷിച്ചുകൊണ്ടാണ് അവര്‍ ഈ സംഗമത്തിനെത്തിയത്. തൂവെള്ള ഉടുപ്പും മുടിയും ധരിച്ചു തിരിയുമേന്തി അവര്‍ വീണ്ടും അണിനിരന്നപ്പോള്‍ മാലാഖമാരുടെ ഗ്രാമം അതിമനോഹരിയായി.
മിഷന്‍ ലീഗ് പൊന്‍കുന്നം ഫൊറോന ഡയറക്ടര്‍ ഫാ. ടിബിന്‍ ചേനപുരക്കല്‍, മിഷന്‍ ലീഗ് ഫൊറോന ആനിമേറ്റര്‍ സിസ്റ്റര്‍ ജെസ്‌ലിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്‌നേഹ സംഗമം സംഘടിപ്പിച്ചത്. എല്ലാ മാലാഖകുട്ടികളും എയ്ഞ്ചല്‍സ് വില്ലേജിലെ ഗ്രോട്ടോയുടെ മുന്‍പില്‍ അണിനിരന്നു സമര്‍പ്പണ പ്രാര്‍ത്ഥന നടത്തി. അവിടെനിന്നും റാലിയായി വിശുദ്ധ കുര്‍ബാനക്ക് ചാപ്പലിലെത്തി. ഫാ. റോയി മാത്യു വടക്കേല്‍ അര്‍പ്പിച്ച ദിവ്യ ബലിയില്‍ എല്ലാവരും ഭക്തിപൂര്‍വം പങ്കെടുത്തു. ഫാ. ജിബിന്‍ കോമ്പാറനിരപ്പേല്‍ ക്ലാസെടുത്തു. സ്‌നേഹ വിരുന്നോടെയായിരുന്നു സംഗമം സമാപിച്ചത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?