Follow Us On

22

January

2025

Wednesday

ദൈവ സ്‌നേഹത്തിന്റെ ഏഴാം പകല്‍

ദൈവ സ്‌നേഹത്തിന്റെ  ഏഴാം പകല്‍

ഫാ. ജിന്‍സണ്‍ ജോസഫ് മാണി മുകളേല്‍ സിഎംഎഫ്‌

ഭൂമിയെ എങ്ങനെയാണ് വ്യാഖ്യാനിക്കാന്‍ കഴിയുക? സ്‌നേഹിക്കാന്‍ മാത്രം സാധിക്കുന്ന ഒരപ്പന്റെ മനസ് ആയിട്ട് ഈ ഭൂമിയെ വായിച്ചെടുക്കാവുന്നതാണ്. ഭൂമിയില്‍ എവിടെയാണ് സ്‌നേഹം? സ്‌നേഹം ഭര്‍ത്താവിലുണ്ട്, ഭാര്യയിലുണ്ട്, മക്കളിലുണ്ട്, അയല്‍പക്കത്തെ അമ്മിണി ചേച്ചിയിലുണ്ട്, ഇടവകയിലെ വികാരിയച്ചനിലുണ്ട് എന്നൊക്കെ നമ്മള്‍ പറയുമായിരിക്കാം. എന്നാല്‍ ആ സ്‌നേഹത്തിലെല്ലാം അപൂര്‍ണതയുടെ മുദ്രണങ്ങളുണ്ട്. ആ അപൂര്‍ണത ഒരു നാള്‍ നമ്മെ വേദനിപ്പിക്കും. ആര്‍ക്കും എല്ലാ കാലവും ഒരേപോലെ ആരെയും സ്‌നേഹിക്കാനും പരിഗണിക്കാനുമാകില്ല. കൊച്ചുകുട്ടിയോടുള്ള അമ്മയുടെ സ്‌നേഹമല്ല, അമ്പത്തിയഞ്ചാം വയസില്‍ അമ്മയ്ക്ക് മകനോടുള്ളത്. എക്‌സ്‌പെയറി ഡേറ്റ് ഇല്ലാത്ത സ്‌നേഹം നല്‍കാന്‍ മനുഷ്യര്‍ക്കാവില്ല.

മനസില്‍ മഴ പെയ്യുമ്പോള്‍
ഈശോ കാണിച്ചു തന്ന അപ്പന്റെ സ്‌നേഹത്തിന് മരണമില്ല. എന്നാല്‍ ആ സ്‌നേഹത്തെ വായിച്ചെടുക്കേണ്ട ഭാഷ ഒരുപാടു പേര്‍ ഇനിയും പഠിച്ചിട്ടില്ല. ദൈവ സ്‌നേഹത്തിന്റെ ഏറ്റവും ഉദാത്തമായ വഴി അവിടുത്തോടു കൂടി സമയം ചെലവഴിക്കുക എന്നതു തന്നെയാണ്. പൗലോസ് ശ്ലീഹാ പറയുന്നതുപോലെ നിര്‍ത്താതെ പ്രാര്‍ത്ഥിക്കുക എന്നതു മാത്രമാണ് ത്രിയേകദൈവത്തെ പ്രേമിക്കാനുള്ള വഴി. പ്രേമം എന്ന വാക്ക് താത്കാലികം എന്ന ധ്വനി ചില മനസുകളിലെങ്കിലും ജനിപ്പിക്കുമെങ്കിലും ആ വാക്ക് ജനിപ്പിക്കുന്ന താത്പര്യവും തീക്ഷ്ണതയും ദാഹവും പകര്‍ന്നു തരാന്‍ മറ്റൊരു വാക്കില്ല.

എപ്പോഴും പ്രാര്‍ത്ഥിക്കുന്നത് എന്തിന് എന്ന ചോദ്യത്തിന് ആധ്യാത്മികാചാര്യന്മാര്‍ നിരവധി ഉത്തരങ്ങള്‍ തന്നിട്ടുണ്ട്. എന്നാല്‍ ഈ തിരുമണിക്കൂറില്‍ അതിനുള്ള ഉത്തരം ഒന്നുമാത്രം: അത് പ്രേമത്തിലായിരിക്കുന്നവന്റെ സ്വഭാവമാണ്. അവര്‍ക്ക് പ്രാര്‍ത്ഥിക്കാതിരിക്കാനാവില്ല. ഓരോ പ്രാര്‍ത്ഥനയും മനസില്‍ മഴ പെയ്യിക്കുകയാണ്. ഭൂമിയിലെ സകല കാര്യങ്ങളും വികര്‍ഷണങ്ങളാകുമ്പോള്‍ പ്രാര്‍ത്ഥന ആനന്ദത്തിന്റെ ഗോവണിയാകുന്നു.

ആനന്ദത്തിന്റെ വാതിലുകള്‍
വായ്‌കോട്ടയും പലവിചാരവും കടന്നുവരുന്ന ഒരു കുടുംബ പ്രാര്‍ത്ഥനയുടെ പശ്ചാത്തലത്തിലാണ് അനേകര്‍ ഇപ്പോഴും ജീവിക്കുന്നത്. എന്നാല്‍ ആനന്ദത്തിന്റെ പ്രാര്‍ത്ഥനയിലേക്ക് ഒരാള്‍ക്ക് മാറാന്‍ പറ്റുന്നത് എങ്ങനെയാണ്? ഉത്തരം ഒന്നു മാത്രം, പരിശുദ്ധാത്മാവ് നമ്മുടെ മനസിനെ ഏറ്റെടുക്കണം. പരിശുദ്ധാത്മാവേ വരണമേ എന്നു നമ്മള്‍ പ്രാര്‍ത്ഥിച്ചു തുടങ്ങിയാല്‍ മാത്രം മതി. അതോടെ ആനന്ദത്തിന്റെ എല്ലാ വാതിലുകളും തുറക്കുകയായി.

ഈശോ കാട്ടിത്തന്ന ഏറ്റവും വലിയ ഗിഫ്റ്റാണ് പരിശുദ്ധാത്മാവ്. ആ ആത്മാവിന്റെ വരദാനങ്ങള്‍ സ്വീകരിക്കാതെ ഒരു മനുഷ്യന്‍ കടന്നുപോകുന്നത് എന്തുമാത്രം ദൗര്‍ഭാഗ്യകരമാണ്. കൊച്ചുകൊച്ചു സുകൃതജപങ്ങള്‍ ദാഹത്തോടെ ചൊല്ലിത്തുടങ്ങുന്ന നമ്മെ ആത്മാവ് ഏറ്റെടുക്കുമ്പോള്‍ നമ്മള്‍ പുതുസൃഷ്ടിയാകുന്നു. മലമുകളില്‍ എത്താന്‍ ഉള്ള വഴി മാത്രമേ ആര്‍ക്കും പറഞ്ഞു തരാന്‍ സാധിക്കൂ.

സ്‌നേഹത്തിലെല്ലാം അപൂര്‍ണതയുടെ മുദ്രണങ്ങളുണ്ട്. ആ അപൂര്‍ണത ഒരു നാള്‍ നമ്മെ വേദനിപ്പിക്കും. ആര്‍ക്കും എല്ലാ കാലവും ഒരേപോലെ ആരെയും സ്‌നേഹിക്കാനും പരിഗണിക്കാനുമാകില്ല. എക്‌സ്‌പെയറി ഡേറ്റ് ഇല്ലാത്ത സ്‌നേഹം നല്‍കാന്‍ മനുഷ്യര്‍ക്കാവില്ല.

പറുദീസയിലേക്കുള്ള വഴി
പരിശുദ്ധാത്മാവിന്റെ കത്തിപ്പടരലാണ് ക്രിസ്തീയതയുടെ ആനന്ദം. ആത്മാവിനോട് ചേര്‍ന്നു പ്രാര്‍ത്ഥിച്ചു തുടങ്ങുമ്പോള്‍ നമ്മള്‍ കണ്ടുമുട്ടുന്ന മനുഷ്യരും സ്ഥലങ്ങളും രൂപാന്തരപ്പെടുകയാണ്. പ്രാര്‍ത്ഥനയിലെ അക്ഷരങ്ങള്‍ കൊണ്ടല്ല, ആത്മാവിന്റെ കൃപ സാഹചര്യങ്ങളെ രൂപപ്പെടുത്തുന്നു. അവിടെ മാനവ സേവനത്തിനുള്ള ഉത്സാഹം അണപൊട്ടിയൊഴുകുന്നു. ആ കത്തിപ്പടരലില്‍ മാത്രമേ അപരന് വേണ്ടി കുരിശെടുക്കാന്‍ നമുക്ക് സാധിക്കൂ. ആത്മാവിനോട് പ്രാര്‍ത്ഥിക്കുമ്പോള്‍ അപ്പന്റെ മനസിലേക്ക് നമ്മള്‍ക്ക് പ്രവേശനം കിട്ടുന്നു. ഭൂമി അപ്പന്റെ സ്‌നേഹമാണ് എന്ന് നിര്‍വചനം നമുക്ക് കിട്ടുന്നു. അതോടെ സഹോദരങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ അറിവില്ലായ്മ കൊണ്ടു സംഭവിക്കാവുന്നതാണ് എന്ന ക്രിസ്തു ബോധം ഉണരുകയായി. ചുരുക്കിപ്പറഞ്ഞാല്‍ ഒരു മനുഷ്യന്‍ പറുദീസയിലേക്ക് നടക്കുകയായി.

പിന്‍വിളി
ഇതെല്ലാം പറയുമ്പോഴും ഈ പ്രേമം നമുക്ക് നഷ്ടപ്പെടാം. കാരണം സൃഷ്ടിയെ സ്‌നേഹിക്കാന്‍ പോയാല്‍ നമ്മള്‍ പരാജയപ്പെടും. ഒരു ആകര്‍ഷണം തരുന്ന ഭ്രമത്തിലേക്ക് പോകുക എന്നതാണ് നമ്മുടെ ദുരന്തം. ‘വലിയ കടലില്‍നിന്ന് കിണറ്റിലേക്ക് ചാടാന്‍ കൊതിക്കുന്ന മനുഷ്യമനസിന്റെ കൊതി’ നമ്മള്‍ അതിജീവിക്കണം. നിരന്തരം അപ്പനെ പ്രേമിച്ചോളൂ, അത് നിരന്തരം യാഥാര്‍ത്ഥ്യബോധ്യത്തില്‍ ജീവിക്കാന്‍ നമ്മളെ ശക്തരാക്കും. ആ ഏഴാം പകലിലാണ് അവിടുന്ന് നമ്മെ സൃഷ്ടിച്ചത്. അവിടുത്തേക്ക് മാത്രമേ നമ്മെ ആശ്വസിപ്പിക്കാന്‍ സാധിക്കൂ എന്ന സനാതന സത്യത്തിലേക്ക് മിഴി തുറന്നേ പറ്റൂ. ആ സത്യം തിരിച്ചറിഞ്ഞ് അപ്പന്റെ സ്‌നേഹം തിരിച്ചറിയാനുള്ള കൃപ നമുക്ക് ലഭിക്കട്ടെ.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?