Follow Us On

13

June

2024

Thursday

കേരളത്തിന്റെ യാത്ര എങ്ങോട്ടാണ്?

കേരളത്തിന്റെ യാത്ര എങ്ങോട്ടാണ്?

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

കേരളത്തിനും മലയാളികള്‍ക്കും നാംതന്നെ നല്‍കുന്ന ചില വിശേഷണങ്ങളുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്, സാക്ഷര കേരളം, പ്രബുദ്ധകേരളം തുടങ്ങിയവ. ഇവയെല്ലാം ശരിയായ വിശേഷണങ്ങളാണുതാനും. എന്നാല്‍ അടുത്ത കാലത്ത് ഇവിടെ നടക്കുന്ന ഒരുപാട് സംഭവങ്ങള്‍ നമ്മെ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയുമാണ്. നമുക്ക് ചോദിക്കേണ്ടിവരുന്നു: കേരളത്തിന്റെ യാത്ര എങ്ങോട്ടാണ്? നമ്മളാരും സങ്കല്‍പിക്കാത്തതും കേട്ടുകേള്‍വിപോലുമില്ലാത്തതുമായ ദുരന്തങ്ങളുടെയും അതിക്രമങ്ങളുടെയും കഥകള്‍ നിരന്തരം കേള്‍ക്കുകയാണ്. ഈ ദുരന്തങ്ങളെ നമുക്ക് ഏതാനും വിഭാഗങ്ങളായി തിരിച്ച് കാണാന്‍ ശ്രമിക്കാം.

കുടുംബപ്രശ്‌നങ്ങളാണ് അവയില്‍ ഒന്ന്. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍, മാതാപിതാക്കളെ തനിച്ചാക്കി മാറിത്താമസിക്കുന്ന മക്കള്‍, മാതാപിതാക്കളെ വീട്ടില്‍നിന്ന് ബലമായി പുറത്താക്കുന്ന മക്കള്‍, അപ്പനെയും അമ്മയെയുമെല്ലാം മര്‍ദിക്കുകയും കൊല്ലുകയും ചെയ്യുന്ന മക്കള്‍, മക്കളെ കൊന്ന് കിണറ്റില്‍ ചാടുന്ന അമ്മമാര്‍, ഭാര്യയെയും മക്കളെയും കൊന്നിട്ട് ആത്മഹത്യ ചെയ്യുന്ന ഭര്‍ത്താക്കന്മാര്‍, ഭാര്യയെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുന്ന ഭര്‍ത്താക്കന്മാര്‍, ദാമ്പത്യ വിശ്വസ്തത പുലര്‍ത്താത്ത ദമ്പതികള്‍, പലതരം ഗാര്‍ഹികപീഡനങ്ങള്‍, സാമ്പത്തിക മേഖലയിലെ അച്ചടക്കമില്ലായ്മയും ദുര്‍വ്യയങ്ങളുംമൂലം തകര്‍ന്നുപോകുന്ന കുടുംബങ്ങള്‍, ദമ്പതികള്‍ തമ്മിലുള്ള കലഹങ്ങള്‍ തുടങ്ങിയവയെല്ലാം ഉദാഹരണങ്ങളാണ്. ഇവയെല്ലാം പണ്ടും ഉള്ളതല്ലേ? ഇപ്പോള്‍ മാധ്യമങ്ങള്‍ ശക്തമായതുകൊണ്ട് പുറംലോകം അറിയുന്നു എന്നേയുള്ളൂ എന്ന് തര്‍ക്കിക്കാം. പക്ഷേ പണ്ട് ഇത്രയും പ്രശ്‌നങ്ങള്‍ വ്യാപകമായി കേരളത്തിലെ കുടുംബങ്ങളില്‍ ഉണ്ടായിരുന്നോ? ഇല്ല എന്നതല്ലേ സത്യം? കുടുംബത്തില്‍പോലും സ്വസ്ഥത ഇല്ലെങ്കില്‍പിന്നെ എവിടെനിന്ന് അത് കിട്ടും?

കുടുംബത്തില്‍പോലും സ്‌നേഹമില്ലെങ്കില്‍ പിന്നെ എവിടെനിന്ന് അത് കിട്ടും? കുടുംബത്തില്‍പോലും ക്ഷമയും സഹിഷ്ണുതയും ഇല്ലെങ്കില്‍ മറ്റെവിടെ അത് കാണും? ഭാര്യയും ഭര്‍ത്താവും തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും സഹോദരങ്ങള്‍ തമ്മിലും സ്‌നേഹവും ക്ഷമയും സഹിഷ്ണുതയും പരസ്പര സഹകരണവും ഇല്ലെങ്കില്‍ മറ്റെവിടെ അത് ഉണ്ടാകും? ഉപരിപ്ലവവും വഴിതെറ്റിക്കുന്നതുമായ സൗഹൃദബന്ധങ്ങള്‍ ധാരാളം ഉണ്ടാകാം. നല്ല സ്‌നേഹബന്ധങ്ങളും കുറെയെല്ലാം ഉണ്ട്. പക്ഷേ പുറത്ത് എന്തു ഉണ്ടായാലും സ്വന്തം വീട്ടില്‍ ഇതൊന്നുമില്ലെങ്കില്‍ അത് ഒരു ദുരവസ്ഥയല്ലേ? മനസ് മടുപ്പിക്കുന്ന അവസ്ഥ അല്ലേ? അതിനാല്‍ നമ്മുടെ കുടുംബങ്ങളിലും കുടുംബബന്ധങ്ങളിലും ഒരു പുതുചൈതന്യം ആവശ്യമല്ലേ?

രണ്ടാമത്തെ പ്രശ്‌നം, നാട്ടില്‍ നടക്കുന്ന എണ്ണമറ്റ അതിക്രമങ്ങളാണ്. ചതിച്ചും വീട്ടില്‍ കയറിയും വഴിനടക്കുമ്പോഴും വണ്ടിയോടിച്ച് പോകുമ്പോഴും മറ്റും ഗുണ്ടകള്‍ വന്ന് മനുഷ്യരെ ഉപദ്രവിക്കുന്നു; മര്‍ദിക്കുന്നു, കൊല്ലുന്നു, കൊള്ളയടിക്കുന്നു. ബസില്‍ ബഹളം, പെട്രോള്‍ പമ്പില്‍ അടിപിടി, കടകളില്‍ അക്രമം, ആശുപത്രികളില്‍ അക്രമം, പൊതുസ്ഥലങ്ങളില്‍ അക്രമം. ഇത് എന്തൊരു അവസ്ഥയാണ്? ഏതെല്ലാം തരത്തിലുള്ള അതിക്രമങ്ങളെപ്പറ്റി നാം നിരന്തരം കേള്‍ക്കുന്നു!

മൂന്നാമതൊരു പ്രശ്‌നമാണ്, ലൈംഗികാതിക്രമങ്ങള്‍. സ്ത്രീകളെ അപമാനിക്കുന്ന സംഭവങ്ങള്‍, പ്രായംചെന്ന സ്ത്രീകളെപ്പോലും ഉപദ്രവിക്കുന്ന സംഭവങ്ങള്‍, പെണ്‍കുട്ടികളോടും ശിശുക്കളോടുപോലും ചെയ്യുന്ന ലൈംഗികാതിക്രമങ്ങള്‍ എന്തുമാത്രമാണ്? നാലാമത്തെ പ്രശ്‌നം ലഹരിവസ്തുക്കളുടെ വന്‍തോതിലുള്ള കച്ചവടവും ഉപയോഗവുമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് മദ്യപാനവും പുകവലിയും ആയിരുന്നു മുഖ്യപ്രശ്‌നങ്ങള്‍. എന്നാല്‍ ഇന്ന് കഞ്ചാവ്, രാസലഹരി തുടങ്ങിയവയുടെ കച്ചവടവും ഉപയോഗവും വ്യാപകമാണ്; ഇതിലൂടെ തകരുന്ന വ്യക്തികളും കുടുംബങ്ങളും എന്തുമാത്രമാണ്! സ്ത്രീകളെയും യുവജനങ്ങളെയും കുട്ടികളെയുമെല്ലാം ലഹരിവസ്തുക്കളുടെ കച്ചവടത്തിലെ പങ്കാളികളും ഉപയോക്താക്കളും ആയി മാറ്റുകയാണല്ലോ.

അഞ്ചാമതൊരു പ്രശ്‌നം, സ്വര്‍ണത്തിന്റെയും മറ്റും കള്ളക്കടത്തും മറ്റുമാണ്. കുറെയെല്ലാം പിടിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഒരു നെറ്റുവര്‍ക്ക് ഇല്ലാതെ ഇത്ര വ്യാപകമായ തോതില്‍ കള്ളക്കടത്തുകള്‍ നടത്താന്‍ പറ്റുമോ?ആറാമത്തെ ഒരു പ്രശ്‌നം മാഫിയകളുടെ കടന്നുവരവും വളര്‍ച്ചയുമാണ്. മണല്‍ മാഫിയ, ഭൂമി മാഫിയ, ക്വാറി മാഫിയ, കള്ളക്കടത്ത് മാഫിയ, മയക്കുമരുന്ന് മാഫിയ, മത്സ്യമാഫിയ തുടങ്ങി പലതരം മാഫിയകള്‍ സജീവമല്ലേ?
ഏഴാമതൊരു പ്രശ്‌നം ഗുണ്ടകളുടെയും ഗുണ്ടാസംഘങ്ങളുടെയും വളര്‍ച്ചയും സ്വാധീനവുമാണ്. ധാരാളം സംഭവങ്ങള്‍ നാം വായിച്ച് കേള്‍ക്കാറുണ്ടല്ലോ. മര്‍ദ്ദിക്കാനും അംഗഭംഗം വരുത്താനും കൊല്ലാനും അക്രമം ഉണ്ടാക്കാനും സമ്പത്ത് കൊള്ളയടിക്കാനും ബാങ്ക് അടവ് തിരിച്ചുപിടിക്കാനും കേസിന് പോകാതിരിക്കാന്‍ ഭയപ്പെടുത്തുവാനും മറ്റും ക്വട്ടേഷന്‍ സംഘങ്ങളുണ്ട്.

എട്ടാമത്, വര്‍ഗീയതയുടെ വളര്‍ച്ചയാണ്. വിവിധ ജാതിയിലും മതങ്ങളിലുംപെട്ട മനുഷ്യര്‍ സാഹോദര്യത്തോടെ ഇവിടെ കഴിഞ്ഞിരുന്നു. ഇപ്പോഴും പൊതുവേ അങ്ങനെയാണ്. എന്നാലും വര്‍ഗീയത വളര്‍ത്തി ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് ശക്തമല്ലേ? തിരഞ്ഞെടുപ്പുകളില്‍പോലും ഈ വര്‍ഗീയത ഉപയോഗിക്കുന്നത് നാം കാണുകയല്ലേ? ഒന്‍പതാമത് ഒരു പ്രശ്‌നം വര്‍ധിച്ചുവരുന്ന ആത്മഹത്യകളാണ്. എത്രയോപേര്‍ ഓരോ വര്‍ഷവും ജീവന്‍ ഒടുക്കുന്നു.

ദൈവത്തിന്റെ സ്വന്തം നാടിന് എന്തുപറ്റി? പ്രബുദ്ധ കേരളത്തിലെ ജനങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത്? നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത്? ഈ സാഹചര്യങ്ങള്‍ കണ്ട് ഗവണ്‍മെന്റും രാഷ്ട്രീയ പാര്‍ട്ടികളും മതങ്ങളും മതനേതാക്കളും ഒക്കെ ഉണരണം. പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരെ ഓരോരോ വിധത്തില്‍ സഹായിക്കാന്‍ എല്ലാവര്‍ക്കും കഴിയണം. എല്ലാവരും മനുഷ്യരാണ്. അതുകഴിഞ്ഞേ മതവും ജാതിയും രാഷ്ട്രീയവുമൊക്കെ ഉള്ളൂ. മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ എല്ലാംതന്നെ സമാനസ്വഭാവം ഉള്ളവയാണ്. അതുകൊണ്ട് കേരളത്തെ ഈ അവസ്ഥയില്‍നിന്ന് എല്ലാവരുംകൂടി രക്ഷിക്കണം. ഗവണ്‍മെന്റ് നിയമവ്യവസ്ഥ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം. അക്രമികളെയും ഗുണ്ടാസംഘങ്ങളെയും മാഫിയകളെയും നിയന്ത്രിക്കണം. മതങ്ങള്‍ മനുഷ്യരെ വിഷമങ്ങളില്‍ സഹായിക്കുന്ന പ്രവൃത്തികളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഈ നാട് എന്നും ദൈവത്തിന്റെ സ്വന്തം നാട് ആയി നിലനില്‍ക്കണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?