മാള: വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിന് മെയ് 30ന് കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ-ധന്യന്‍ ഫാ. ജോസഫ് വിതയത്തില്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കൊടിയേറും. പ്രധാന തിരുനാള്‍ ജൂണ്‍ എട്ടിനും എട്ടാമിടം ജൂണ്‍ 15നും നടക്കും. മെയ് 30 മുതലുള്ള നവനാള്‍ദിനങ്ങളില്‍ ദിവസവും രാവിലെ 10.30നു ദിവ്യബലി, സന്ദേശം, നൊവേന, നേര്‍ച്ചഭക്ഷണം എന്നിവയും വൈകുന്നേരം ആറിനു ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, നേര്‍ച്ചഭക്ഷണം എന്നിവയും ഉണ്ടാകും.
തിരുനാള്‍ കൊടിയേറ്റ് ദിനത്തില്‍ വിശുദ്ധയുടെ മാതൃഇടവ കയായ അങ്കമാലി തുറവൂര്‍ സെന്റ് അഗസ്റ്റിന്‍സ് ദൈവാലയത്തില്‍നിന്ന് ഉച്ചകഴിഞ്ഞു മൂന്നിനുള്ള ആരാധനയെത്തുടര്‍ന്ന് പുറപ്പെടുന്ന ദീപശിഖാപ്രയാണം വൈകുന്നേരം 5.45ന് തീര്‍ഥാടന കേന്ദ്രത്തില്‍ എത്തിച്ചേരും. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ദീപശിഖ സ്വീകരിച്ചു കബറിടത്തിലെ വിളക്കു തെളിക്കും. തുടര്‍ന്ന് തിരുനാള്‍ കൊടിയേറ്റം മാര്‍ തട്ടില്‍ നിര്‍വഹിക്കും. തുടര്‍ന്ന് മാര്‍ റാഫേല്‍ തട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും.
പഞ്ചക്ഷതധാരിയായ വിശുദ്ധ മറിയം ത്രേസ്യയെ അനുസ്മരിച്ചു ജൂണ്‍ ഒന്നുമുതല്‍ അഞ്ചുവരെ പഞ്ചദിനസംഗമം നടക്കും. ഒന്നിന് ഗായകസംഗമം, സംഘഗാനമത്സരം, രണ്ടിന് യുവജനസംഗമം, മൂന്നിന് കുടുംബസംഗമം, നാലിനു മാതൃസംഗമം, അഞ്ചിന് വിദ്യാര്‍ത്ഥി സംഗമം എന്നിവ ഉണ്ടാകും.
പ്രധാന തിരുനാള്‍ദിനമായ ജൂണ്‍ എട്ടിനു രാവിലെ ആറുമുതല്‍ രാത്രി ഏഴുവരെ വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെടും. 9 30ന് തിരുനാള്‍ കുര്‍ബാനയ്ക്ക് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞു മൂന്നിനുള്ള ദിവ്യബലിയെത്തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും തിരുശേഷിപ്പു വണക്കവും നടക്കും. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ നേര്‍ച്ച ഭക്ഷണം വിതരണം ചെയ്യും.
Leave a Comment
Your email address will not be published. Required fields are marked with *