Follow Us On

20

April

2025

Sunday

പെരിയാര്‍ മലിനീകരണം; മുഖ്യമന്ത്രിക്ക് ആര്‍ച്ചുബിഷപ്പിന്റെ പോസ്റ്റ് കാര്‍ഡ്

പെരിയാര്‍ മലിനീകരണം; മുഖ്യമന്ത്രിക്ക് ആര്‍ച്ചുബിഷപ്പിന്റെ പോസ്റ്റ് കാര്‍ഡ്
കൊച്ചി: കഴിഞ്ഞ മെയ് 20 ന് പെരിയാറില്‍ വീണ്ടും മലിനീകരണം ഉണ്ടാവുകയും നിരവധി മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നഷ്ടം വന്നവര്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം നല്‍കണമെന്നും  ആവശ്യപ്പെട്ട് സേവ് പെരിയാര്‍ ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന പോസ്റ്റ് കാര്‍ഡ് കാമ്പയിന്‍ വരാപ്പുഴ അതിരൂപത ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് പോസ്റ്റ് കാര്‍ഡ് തയാറാക്കി ഉദ്ഘാടനം ചെയ്തു. എഴുതി ഒപ്പിട്ട പോസ്റ്റ് കാര്‍ഡ് പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസിന് കൈമാറിയാണ് അദ്ദേഹം കാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്.
 വിഷയത്തില്‍ ഇടപെടുന്നതിനും നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനും വരാപ്പുഴ അതിരൂപത സേവ് പെരിയാര്‍ ആക്ഷന്‍ കൗണ്‍സിന് രൂപം നല്‍കിയിരുന്നു. ജൂണ്‍ 9 ന് വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിലും സേവ് പെരിയാര്‍ പോസ്റ്റ് കാര്‍ഡ് കാമ്പയിന്‍ സംഘടിപ്പിക്കും.
വരാപ്പുഴ അതിരൂപത ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതല, വരാപ്പുഴ അതിരൂപത നിയുക്ത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, വികാരി ജനറല്‍ മോണ്‍.മാത്യു കല്ലിങ്കല്‍, ഫാ. യേശുദാസ് പഴമ്പിള്ളി, ഫാ. സെബാസ്റ്റ്യന്‍ മൂന്നുകൂട്ടുകല്‍, ഫാ. വിന്‍സന്റ് നടുവിലവീട്ടില്‍, എബിജിന്‍ അറക്കല്‍, ബൈജു ആന്റണി, റോയി പാളയത്തില്‍, ആഷ്‌ലിന്‍ പോള്‍, എന്‍.ജെ പൗലോസ്, ജെയ്‌സന്‍ ദൗരേവ്, സി.ജെ ആന്റണി  തുടങ്ങിയവര്‍ സംബന്ധിച്ചു.
മലിനീകരണത്തെ തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതികള്‍ പലതും പരാതിക്കാരുടെ മൊഴി പോലും എടുക്കാതെ അവസാനിപ്പിച്ചതില്‍ ആക്ഷന്‍ കൗണ്‍സില്‍ യോഗം ശക്തിയായി പ്രതിഷേധിച്ചു. കുറ്റക്കാരെ കണ്ടുപിടിക്കാതെ കേസ് നടപടികള്‍ അവസാനിപ്പിച്ച പോലീസ് നടപടിക്കെതിരെ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസിന് പരാതി നല്‍കും. ശരിയായ അന്വേഷണവും തുടര്‍നടപടികളും ഉണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കുമെന്നും സമിതി ഭാരവാഹികള്‍ അറിയിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?