Follow Us On

20

April

2025

Sunday

അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവേശനോത്സവം

അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവേശനോത്സവം
കോട്ടയം: വൈകല്യങ്ങളെ കൈവല്യങ്ങളാക്കുവാന്‍ പോന്ന ഇച്ചാശക്തിയോടെ അവര്‍ ചൈതന്യ അങ്കണത്തില്‍ ഒത്തു ചേര്‍ന്നു. ബലൂണുകളും സ്വാഗത ബോര്‍ഡുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ അവരെ വരവേറ്റപ്പോള്‍ അത് നവ്യാനുഭവമായി ആ കുരുന്നുകള്‍ക്ക്. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ഭിന്നശേഷിയുള്ള കുരുന്നുകള്‍ പ്രവേശനോത്സവത്തിനായി തെള്ളകം ചൈതന്യ അങ്കണത്തില്‍ ഒത്തുചേര്‍ന്നത്.
പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി  ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയ റക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്‍, കെഎസ്എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
കെഎസ്എസ്എസിന്റെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കലില്‍ പ്രവര്‍ത്തിക്കുന്ന സമരിറ്റന്‍ റിസോഴ്‌സ് സെന്റര്‍, അഗാപ്പെ ഭവന്‍, കൈപ്പുഴ, കുമരകം എന്നീ അഗാപ്പെ സ്പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നായുള്ള ഭിന്നശേഷിയുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും പ്രവേശനോത്സവത്തില്‍ പങ്കെടുത്തു.
പ്രവേശനോത്സവത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികളുടെ കലാപരിപാടികളും നടത്തി. വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ പരിശീലനങ്ങളും തൊഴില്‍ സംരംഭക സാധ്യതകളും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്എസ്എസിന്റെ നേതൃത്വത്തില്‍ അഗാപ്പെ സ്പെഷ്യല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ച് വരുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?