Follow Us On

20

April

2025

Sunday

റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന്‍ വി.സി പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി നിറവില്‍

റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന്‍ വി.സി പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി നിറവില്‍
ഡേവിസ് വല്ലൂരാന്‍
ചാലക്കുടി: സുവിശേഷ വേലക്കായി ലോകം ചുറ്റുന്ന സന്യാസ ശ്രേഷ്ഠന് ഇത് ധന്യമുഹൂര്‍ത്തം. പണ്ഡിതനായ സുവിശേഷ പ്രഘോഷകന്‍, പ്രഗത്ഭനായ വാഗ്മി, മികച്ച സംഘാടകന്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച റവ.ഡോ. അഗസ്റ്റിന്‍ വല്ലൂരാന്‍ വി.സി പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍.
തിരുമുടിക്കുന്നില്‍ വല്ലൂരാന്‍ ദേവസി – റോസി ദമ്പതികളുടെ ഇളയ മകനായി 1949 ജനുവരി നാലിന് ജനിച്ച അദ്ദേഹം  1964-ലാണ് വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷനില്‍ ചേര്‍ന്നത്. 1974 ഒക്ടോബറില്‍ അന്നത്തെ എറണാകുളം-അങ്കമാലി സഹായ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ കൈവയ്പ് ശുശ്രൂഷയാല്‍ പൗരോഹിത്യം സ്വീകരിച്ചു.
പിന്നീട് റോമില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ഗോള്‍ഡ് മെഡലോടെ ഡോക്ടറേറ്റ് നേടി. ഭാരതീയ ചിന്താധാരകളെ കൈസ്തവ ദര്‍ശനങ്ങളിലൂടെ നോക്കിക്കണ്ടുകൊണ്ട് രൂപപ്പെടു ത്തിയതായിരുന്നു അദ്ദേഹം സമര്‍പ്പിച്ച തീസിസ്. അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മയുമായി തീസിസ് വിഷയങ്ങള്‍ പങ്കുവച്ചപ്പോള്‍ പ്രസിഡന്റ് റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാനെ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്.
 കേരളത്തില്‍ തിരിച്ചുവന്ന അദ്ദേഹം മംഗലപ്പുഴ സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും അതോടൊപ്പം മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ഇന്ന് കേരളത്തിലും വിദേശ ത്തുമുള്ള പ്രഗത്ഭരായ വൈദികര്‍ ഫാ. അഗസ്റ്റിന്‍ വല്ലൂരാന്റെ ശിഷ്യന്മാരാണ്. അദ്ദേഹത്തിന്റെ പൗരോഹിത്യ സില്‍വര്‍ ജൂബിലി സ്മാരകമായി മാനസിക അസ്വാസ്ഥ്യം ഉള്ളവര്‍ക്കായി മേലൂരില്‍ ഒരു ആലയം പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
 വാര്‍ത്താമാധ്യമരംഗത്തെ കുതിച്ചുചാട്ടത്തെ മുന്നില്‍കണ്ട് ഡിവൈന്‍ വിഷന്‍ എന്ന ദൃശ്യമാധ്യമം സ്ഥാപിക്കുകയും പിന്നീടതു വിപുലീകരിച്ച്  ‘ഗുഡ്‌നെസ്’ എന്ന പേരില്‍ ടെലിവിഷന്‍ ചാനലായി മാറുകയും ചെയ്തു. ബഹുമുഖ പ്രതിഭയായ ഈ സന്യാസവര്യന്റെ മിഷനറി പ്രവര്‍ത്തനം വി. വിന്‍സെന്റ് ഡി പോളിന്റെ പ്രേഷിത ചൈതന്യത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു.
 ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലും വചനപ്രഘോഷണം നടത്തുന്ന ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍ ശ്രീലങ്കയില്‍ ധ്യാനകേന്ദ്രത്തിന്റെ പുതിയൊരു ശാഖയുടെ നിര്‍മ്മാണത്തിന്റെ പണിപ്പുരയിലാണിപ്പോള്‍. സന്യാസ ജീവിതത്തിന്റെ സുവര്‍ണ ജൂബിലിയുടെ നിറവിലായിരിക്കുന്ന അദ്ദേഹം ജീവിതത്തില്‍ 75 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?