Follow Us On

14

October

2024

Monday

ജീവിതത്തില്‍ നിങ്ങള്‍ ‘ഫ്രീ ആണോ’? പരിശോധിക്കാന്‍ ഇതാ ഒരു എളുപ്പവഴി…

ജീവിതത്തില്‍ നിങ്ങള്‍ ‘ഫ്രീ ആണോ’? പരിശോധിക്കാന്‍ ഇതാ ഒരു എളുപ്പവഴി…

വത്തിക്കാന്‍ സിറ്റി: നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനാണോ? നിങ്ങള്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പരിതസ്ഥിതികളില്‍, സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ? അതോ, പണം, അധികാരം, വിജയിക്കാനുള്ള വ്യഗ്രത തുടങ്ങിയവയുടെ തടവിലാണോ നിങ്ങള്‍? ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് നടത്തിയ വിചിന്തനത്തില്‍ ഫ്രാന്‍സിസ് പാപ്പാ ചോദിച്ച ചോദ്യമാണിത്. ക്രിസ്തുവിനെപ്പോലെ സ്വതന്ത്രനാണോ അതോ ലൗകികതയുടെ തടവിലാണോ എന്ന് സ്വയം ചിന്തിക്കാന്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു. ദൈവത്തെ സമീപിക്കുന്നതില്‍ നിന്ന് തടയുന്ന എല്ലാറ്റിനെയും ഒഴിവാക്കാന്‍ പാപ്പാ ആഹ്വാനം ചെയ്തു.

യേശു സമ്പത്തിന്റെ കാര്യത്തില്‍ സ്വതന്ത്രനായിരുന്നു. അതുകൊണ്ടാണ് നസ്രത്ത് എന്ന ഗ്രാമത്തിന്റെ സുരക്ഷിതത്വം ഉപേക്ഷിച്ചുകൊണ്ട് യേശു ദാരിദ്ര്യം നിറഞ്ഞതും അനിശ്ചിതവുമായ ജീവിതം തിരഞ്ഞെടുത്തത്. തന്റെ അടുക്കല്‍ സൗഖ്യം തേടി വന്ന രോഗികളെയും സഹായാര്‍ത്ഥികളെയും പ്രതിഫലമൊന്നും സ്വീകരിക്കാതെ അവിടുന്ന് സുഖപ്പെടുത്തി.

അധികാരവുമായി ബന്ധപ്പെട്ടും യേശു സ്വാതന്ത്ര്യം അനുഭവിച്ചു. തന്നെ പിന്തുടരാന്‍ അനേകരെ വിളിച്ചപ്പോഴും ആരെയും നിര്‍ബന്ധിച്ചില്ല. അധികാരികളുടെ പിന്തുണ അവിടുന്ന് തേടിയില്ല. മറിച്ച്, ഏറ്റവും ദുര്‍ബലരായവരുടെ പക്ഷം ചേരുകയും അപ്രകാരം ചെയ്യുവാന്‍ അനുയായികളെ പഠിപ്പിക്കുകയും ചെയ്തു. അവസാനമായി പ്രശസ്തിക്കും അംഗീകാരത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ യേശുവിന്റെ സ്വാതന്ത്ര്യത്തെ ഹനിച്ചിരുന്നില്ല. തെറ്റിദ്ധരിക്കപ്പെടുമെന്നോ ജനപ്രീതി നഷ്ടപ്പെടുമെന്നോ ഭയന്ന് യേശു ഒരിക്കലും സത്യം പറയാന്‍ വിമുഖത കാണിച്ചില്ല.

കുരിശില്‍ മരിക്കേണ്ടി വന്നപ്പോഴും അവിടുന്ന് സത്യത്തിന് സാക്ഷ്യം വഹിച്ചു. ഏതെങ്കിലും വ്യക്തിക്കോ വസ്തുവിനോ വേണ്ടി തന്റെ സ്വാതന്ത്ര്യത്തെ ഹനിക്കാനോ വിട്ടുകൊടുക്കാനോ അവിടുന്ന് തയാറായില്ല.  യേശു യഥാര്‍ത്ഥത്തില്‍ ഒരു സ്വതന്ത്ര മനുഷ്യനായിരുന്നുവെന്ന് ഇതെല്ലാം നമ്മെ പഠിപ്പിക്കുന്നു. സമ്പത്തിന്റെയോ അധികാരത്തിന്റെയോ സുഖസൗകര്യങ്ങളുടെയോ അംഗീകാരത്തിന്റെയോ പിന്നാലെയുള്ള യാത്ര നമ്മെ ഇവയുടെ അടിമകളാക്കി മാറ്റുമെന്ന് പാപ്പ വ്യക്തമാക്കി.

ദൈവത്തിന്റെ  സ്നേഹം ഹൃദയങ്ങളില്‍ നിറയ്ക്കുകയും അത് സ്വയമേവ കവിഞ്ഞൊഴുകാന്‍ അനുവദിക്കുകയും ചെയ്തല്‍ നാം സ്വാതന്ത്ര്യത്തില്‍ വളരുകയും അതിന്റെ സുഗന്ധം നമുക്ക് ചുറ്റും പടരാന്‍ ഇടയാകുകയും ചെയ്യുമെന്നും പാപ്പ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?