Follow Us On

21

November

2024

Thursday

പ്രവേശനോത്സവം

പ്രവേശനോത്സവം

ഫാ. മാത്യു ആശാരിപറമ്പില്‍

‘ബലൂണ്‍’ ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് ജൂണ്‍മാസത്തിലാണെന്ന് തോന്നുന്നു. സ്‌കൂള്‍ തുറക്കുന്ന ദിനങ്ങളില്‍ സംസ്ഥാനമൊട്ടാകെ എല്ലാ സ്‌കൂളുകളിലും ബലൂണ്‍ വീര്‍പ്പിച്ച് അലങ്കരിക്കുകയാണ്. സ്‌കൂള്‍പരിസരങ്ങളും ഓഫീസും ക്ലാസ്മുറികളും വിവിധ വര്‍ണങ്ങളുള്ള ബലൂണ്‍കൊണ്ട് അലങ്കരിച്ചാണ് വിദ്യാലയവര്‍ഷം ആരംഭിക്കുന്നത്. പ്രവേശനോത്സവം എന്ന പേരിട്ട് അലങ്കാരം നടത്തി, കുട്ടികളുടെ കൈയിലും ബലൂണ്‍ കൊടുത്ത് ഉത്സവമേളം ഒരുക്കിയാണ് വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നത്. ഇത്രമാത്രം ആര്‍ഭാടമാക്കിയും അലങ്കരിച്ചുമാണോ ജ്ഞാനസമ്പാദനം തുടങ്ങേണ്ടതും നടത്തേണ്ടതുമെന്ന വേറിട്ട ചിന്തയില്‍നിന്നാണ് ഈ കുറിപ്പ്. ബലൂണ്‍ കമ്പനിക്കാരന്റെ ബിസിനസ് തന്ത്രവും ഈ മേളത്തിന് പുറകിലുണ്ടോ എന്ന കുസൃതിചോദ്യവും ബാക്കിയാവുന്നു.

മണ്ണ് പറന്നിരുന്ന ക്ലാസ് മുറികള്‍

ദരിദ്രവും അനാകര്‍ഷകവും അരോചകവുമായ അന്തരീക്ഷങ്ങള്‍ പഴങ്കഥയായി മാറുമ്പോള്‍ ഇത്തരം ചടങ്ങുകളും അപ്രസക്തമായിത്തീരുകയാണ്. ഓലമേഞ്ഞ പള്ളിക്കൂടങ്ങളും മണ്ണ് പറക്കുന്ന തറയുമുള്ള ക്ലാസ്മുറികളും ഓര്‍മകളില്‍നിന്നുപോലും അപ്രത്യക്ഷമായി. ഓട് വിരിച്ച, നെടുംനീളന്‍ സ്‌കൂള്‍കെട്ടിടങ്ങള്‍ വേഷംമാറി കോണ്‍ക്രീറ്റ് സൗധങ്ങളായി മാറിയിരിക്കുന്നു. കാല്‍ ഉറക്കാത്ത ബെഞ്ചുകളും ഇളകിയാടുന്ന ഡസ്‌ക്കുകളും കസേരകളടക്കം സ്മാര്‍ട്ട് റൂമുകള്‍ക്കും വഴിമാറിയിരിക്കുന്നു. തിളങ്ങുന്ന ടൈലുകളും മനോഹരമായ കസേരകളും മേശകളുമായി ഉറപ്പാര്‍ന്ന കെട്ടിടങ്ങളില്‍ മനോഹരമായി വിദ്യാഭ്യാസ സമ്പ്രദായത്തെ ആദ്യമായി പുനര്‍ അവതരിപ്പിച്ചത് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളാണ്. തങ്ങളുടെ നിലനില്‍പിന് കൂടുതല്‍ കുട്ടികളെ ലഭിക്കുവാന്‍ ഈ ചായക്കൂട്ടുകള്‍ അനിവാര്യമായ ബിസിനസ് തന്ത്രമായിരുന്നു. തുടര്‍ന്ന് എയ്ഡഡ് സ്‌കൂളുകളും നിലനില്‍പിനായി ആകര്‍ഷണീയമായ സംവിധാനങ്ങള്‍ ഒരുക്കി തിളങ്ങുവാന്‍ തുടങ്ങി. കുട്ടികള്‍ ദിശമാറി പറക്കുന്ന അപകടം മനസിലാക്കി സര്‍ക്കാര്‍ സംവിധാനങ്ങളും ചലിച്ചുതുടങ്ങി.

മികച്ച അധ്യാപകരും പഠനരീതികളും നിലനില്‍ക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളെ വിടുവാന്‍ മാതാപിതാക്കള്‍ മടിച്ചത് അവയുടെ ശോചനീയമായ സാഹചര്യങ്ങളും സംവിധാനങ്ങളുംമൂലമാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങളുടെ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുവാന്‍ തീവ്രപരിശ്രമം നടത്തി. ധാരാളം ഫണ്ട് കെട്ടിടനിര്‍മാണത്തിനും പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുവാനുമായി സംലഭ്യമാക്കി. ക്ലാസ്മുറികളും പഠന ഉപകരണങ്ങളും സ്വകാര്യസ്‌കൂളുകളെക്കാള്‍ മികച്ചതാക്കുവാന്‍ വിദ്യാഭ്യാസവകുപ്പും പരിശ്രമിച്ചു. ആ പരിശ്രമത്തിന്റെ ഫലം അത്ഭുതാവഹമായിരുന്നു. ഇന്ന് സര്‍ക്കാര്‍സ്‌കൂളും സംവിധാനങ്ങളും സൗകര്യങ്ങളും വളരെ ഉന്നതവും ആകര്‍ഷണീയവുമാണ്. പാമ്പും പഴുതാരയും ഇഴജന്തുക്കളും ഭീഷണിപ്പെടുത്തുന്ന അന്തരീക്ഷമല്ല ഇന്ന് വിദ്യാലയങ്ങളില്‍. അതായത് ഇന്ന് സ്‌കൂള്‍ അന്തരീക്ഷം വൃത്തിഹീനമോ അരോചകമോ ഭയപ്പെടുത്തുന്നതോ അല്ല.

ഒരു കുടയില്‍ മൂന്നു പേര്‍

ഓലമേഞ്ഞ സ്‌കൂള്‍കെട്ടിടവും ചോര്‍ന്നൊലിക്കുന്ന ഓടിട്ട ക്ലാസ്മുറികളും എനിക്ക് ഓര്‍മയുണ്ട്. ഒരു കുടയില്‍ മൂന്ന് സഹോദരങ്ങള്‍ മഴയത്ത് നനഞ്ഞും നനയാതെയും സ്‌കൂളില്‍ പോയതും ഓര്‍മിക്കുന്നു.
സിനിമാഷൂട്ടിങ്ങിനുവേണ്ടി അഭിനയിച്ചതല്ല, ഓരോരുത്തര്‍ക്കും കുടയില്ലാത്തതിന്റെ പേരില്‍ ഒന്നിച്ച് നടക്കേണ്ടിവന്ന ഇല്ലായ്മയുടെ ഗതികേടായിരുന്നു. രണ്ടോ മൂന്നോ ജോഡി വസ്ത്രങ്ങള്‍ മഴയത്തും വെയിലത്തുമായി മാറിമാറി ഇടുന്ന സ്‌കൂള്‍യാത്രകളും റബര്‍ബാന്റുകൊണ്ട് മുറുക്കിക്കെട്ടിയ പുസ്തകക്കെട്ടും ചേട്ടന്റെ തലേവര്‍ഷത്തെ പുസ്തകങ്ങള്‍ ഈ വര്‍ഷം സ്വന്തം പാഠപുസ്തകമാക്കി മാറ്റുന്ന പഠനസമ്പ്രദായവുമെല്ലാം അക്കാലത്ത് സാധാരണമായിരുന്നു.

സ്‌കൂളില്‍നിന്ന് കിട്ടിയിരുന്ന ഉപ്പുമാവിന് ഇന്നത്തെ ബിരിയാണിയെക്കാള്‍ രുചി തോന്നിയ കാലം. ഇങ്ങനെ ഇല്ലായ്മകളും പോരായ്മകളുമുള്ള സ്‌കൂള്‍കാലഘട്ടം ഈ കുറിപ്പ് വായിക്കുന്ന പകുതി പേരെങ്കിലും ഓര്‍മിക്കുന്നുണ്ടാവും. ഇന്ന് അവ ഓര്‍ക്കുന്നത് നിരാശയോടെയോ വെറുപ്പോടെയോ അല്ല. മറിച്ച് ഗൃഹാതുരത്വത്തിന്റെ അലയടിക്കുന്ന പുണ്യപ്പെട്ട ഓര്‍മകളായിട്ടാണ്. അത്രയും ദരിദ്രവും അനാകര്‍ഷണവുമായ സാഹചര്യങ്ങളില്‍ പഠിച്ചവരും അനേകം കിലോമീറ്ററുകള്‍ നടന്ന് സ്‌കൂള്‍ തേടിയവരുമൊക്കെ ഇന്ന് എത്രയോ ഔന്നത്യങ്ങളില്‍ എത്തിയിരിക്കുന്നു. ബലൂണ്‍ കെട്ടാത്തതിന്റെ പേരിലോ അലങ്കാരവും ലഡുവുമില്ലാത്തതിന്റെ പേരിലോ ആരുടെയെങ്കിലും പഠനം തീര്‍ന്നുപോവുകയോ ഉയര്‍ന്ന നിലകളില്‍ എത്താതെ നിലച്ചുപോകുകയോ ചെയ്തിട്ടുണ്ടോ?

അധ്യാപകരുടെ തല്ലും തലോടലും ഒരുപോലെ ആസ്വദിച്ചവരാണ് നമ്മള്‍. കര്‍ക്കശരായ അധ്യാപകരായിരുന്നു മിക്ക ക്ലാസ്മുറികളിലും നാം കണ്ടുമുട്ടിയത്. ‘ചാക്കോമാഷു’മാര്‍ അടക്കിഭരിച്ച, ഭീതിയുണര്‍ത്തുന്ന ഓര്‍മകള്‍ ചിലരുടെ മനസില്‍ ഇപ്പോഴും കനല്‍കെടാതെ കിടക്കുന്നുണ്ടാവാം. കുട്ടികള്‍ നന്നായി പഠിക്കണമെന്നും നല്ല സ്വഭാവരൂപീകരണം സാധിക്കണമെന്നും ഉന്നത ജീവിതാവസ്ഥയില്‍ എത്തണമെന്നും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോയവരായിരുന്നു ആ അധ്യാപകര്‍. അടിച്ചും ബെഞ്ചില്‍ കയറ്റിനിര്‍ത്തിയും ക്ലാസില്‍നിന്ന് ഇറക്കിനിര്‍ത്തിയും പഠനത്തെയും ജീവിതത്തെയും പാകപ്പെടുത്തിയ കണക്കുസാറും ഹിന്ദിടീച്ചറും ഇംഗ്ലീഷ് മാഷുമൊക്കെ ഇന്ന് ഓര്‍മകളിലെ പുണ്യദീപങ്ങളാണ്. അധ്യാപകരില്‍നിന്ന് തല്ല് കിട്ടുമോ എന്നു പേടിച്ചാണ് കുട്ടികള്‍ അന്ന് സ്‌കൂളില്‍ പോയിരുന്നത്. ഇന്ന് കുട്ടികളില്‍നിന്ന് തല്ലു കിട്ടുമോ എന്ന് അധ്യാപകര്‍ പേടിക്കുന്നു.
രക്ഷകര്‍ത്താക്കളും അധികാരികളും നിയമസംവിധാനങ്ങളും തങ്ങളെ പീഡിപ്പിക്കുമോ എന്ന് മിക്ക അധ്യാപകരും ഭയപ്പെടുന്നു.

പരീക്ഷ പേപ്പറുകളിലെ
അക്ഷരത്തെറ്റുകള്‍

കാഴ്ചപ്പാടും ജീവിതസാഹചര്യങ്ങളും മാറുന്ന സാഹചര്യത്തില്‍ എന്തിനാണ് അലങ്കാരങ്ങളും ആരവങ്ങളുമുള്ള ഈ പ്രവേശനോത്സവം? ജീവിതത്തിന്റെ ഈ പുതിയ കാല്‍വെയ്പ്പ് ആഹ്ലാദഭരിതവും ആസ്വാദ്യകരവുമായി തുടങ്ങട്ടെ എന്ന് ചിന്തിക്കുന്ന പോസിറ്റീവ് കാഴ്ചപ്പാട് ഈ ആഘോഷങ്ങള്‍ക്ക് പിറകിലുണ്ടാവാം. എന്നാല്‍ ഇത്രമാത്രം ആവേശം ആവശ്യമുണ്ടോ? അംഗന്‍വാടിയും എല്‍കെജിയും യുകെജിയും കഴിഞ്ഞ് അക്ഷരങ്ങളും പാട്ടുകളും പഠിച്ച്, അത്യാവശ്യം കമ്പ്യൂട്ടറും മൊബൈലും അറിയാവുന്ന കുട്ടികളാണ് ഒന്നാം ക്ലാസിലേക്ക് എത്തുന്നത്.

അവനും അവളും മിടുക്കരാണ്. കരഞ്ഞും അലറിവിളിച്ചും പേടിച്ചും സ്‌കൂളിലേക്ക് എത്തുന്ന കുട്ടികള്‍ ആരെങ്കിലുമുണ്ടോ? ആടിപ്പാടിയും പുത്തന്‍ വസ്ത്രങ്ങളും ഉപകരണങ്ങളുമായി വാഹനത്തില്‍ വരുന്ന കൊച്ചിന് വീണ്ടുമൊരു വാദ്യമേളം ആവശ്യമുണ്ടോ? കരഞ്ഞ് വരുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാന്‍ ബലൂണും മിഠായിയും ആവശ്യമായിരിക്കാം. ഒരുതരം കോമാളിവേഷത്തിലൂടെ ജീവിതത്തിന്റെ ഈ പുതിയ കാല്‍വെയ്പിന്റെ ഗൗരവവും ശ്രേഷ്ഠതയും ചോര്‍ത്തിക്കളയുകയാണ്. പഠനത്തിന്റെ ഗൗരവവും ഔന്നത്യവും സ്‌കൂളിന്റെ മഹത്വവും അധ്യാപകരുടെ ശ്രേഷ്ഠതയും വിലകുറച്ച് അവതരിപ്പിക്കുന്ന ഇത്തരം ആചാരങ്ങള്‍ അപക്വമാണെന്ന് തോന്നുന്നു. പഠനത്തെ പാട്ടും കളിയുമായി സ്വീകരിച്ച തലമുറയുടെ ഇപ്പോഴത്തെ അവസ്ഥ നാം ഗൗരവമായി പഠിക്കണം. അക്ഷരംപോലും എഴുതാന്‍ അറിയാത്ത, സ്വന്തം പേരുപോലും മാതൃഭാഷയില്‍ എഴുതാന്‍ കഴിയാത്തവര്‍ മുഴുവന്‍ എപ്ലസും വാങ്ങിയാണ് 10-ാം ക്ലാസില്‍നിന്നും പുറത്തിറങ്ങുന്നത്.

അക്ഷരത്തെറ്റുകളുടെ കൂമ്പാരമായ പരീക്ഷപേപ്പറുകളെകുറിച്ച് മൂല്യനിര്‍ണയക്യാമ്പില്‍ അധ്യാപകര്‍ സങ്കടപ്പെടുന്നു. വെറുതെ പരീക്ഷാഹോളില്‍ കയറിയാല്‍പോലും ഉയര്‍ന്ന മാര്‍ക്ക് കിട്ടുന്ന അവസ്ഥയിലേക്ക് വിദ്യാഭ്യാസനിലവാരം തലകുത്തി വീണില്ലേ?

ആകാശം ഇരുണ്ടാല്‍
അവധി കൊടുക്കരുതേ

പത്തുശതമാനം യാഥാര്‍ത്ഥ്യവും തൊണ്ണൂറ് ശതമാനം വാചകമടിയും നടത്തുന്ന കലാരൂപമാണല്ലോ ഈ കാലഘട്ടത്തിന്റെ തള്ളല്‍. ചിലപ്പോള്‍ സത്യത്തിന്റെ, യാഥാര്‍ത്ഥ്യത്തിന്റെ തരിപോലും ഉണ്ടാവില്ല. കപടതയുടെ ഈ ശൈലി സമൂഹം മുഴുവന്‍ വ്യാപിക്കുകയാണ്. പൊങ്ങച്ചത്തിന്റെയും വീമ്പ് പറച്ചിലിന്റെയും അതിപ്രസരത്തില്‍ ഏതാണ് സത്യമെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഗതികേടിലാണ് നാം. എല്ലാവരും തള്ളുകയാണ്! സത്യത്തിന്റെ സ്വരമല്ല നാം കേള്‍ക്കുന്നത്, മുഖമല്ല നാം കാണുന്നത്. കര്‍ത്താവ് പറയുന്നു: ”നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനില്‍നിന്ന് വരുന്നു” (മത്തായി 5:37).

പഠനമെന്നത് ആത്മാര്‍ത്ഥതയും കഠിനാധ്വാനവും താല്‍പര്യവും ഒന്നുചേര്‍ക്കുന്ന ശ്രമകരമായ ദൗത്യമാണ്. അതിന് ബലൂണിന്റെയും വര്‍ണക്കടലാസിന്റെയും താല്‍ക്കാലിക ആകര്‍ഷണത്തിന്റെയും തലത്തിലേക്ക് ഇകഴ്ത്തരുത്. എല്ലാം എളുപ്പവും ആയാസരഹിതവും വേദനാരഹിതവുമാക്കി മാറ്റുന്ന ശൈലിയിലേക്ക് വിദ്യാഭ്യാസസമ്പ്രദായത്തെ തരംതാഴ്ത്തിയതിന്റെ തരംഗങ്ങളാണ് നാം ഇന്ന് അനുഭവിക്കുന്നത്. മണ്ണില്‍ പണിയുവാന്‍, റബര്‍ വെട്ടാന്‍, നിര്‍മാണജോലിയില്‍ ഇടപെടാന്‍, കാര്‍ഷികജോലി ചെയ്യുവാന്‍ മലയാളിക്ക് മനസില്ല. എല്ലാവര്‍ക്കും സുഖകരമായ സര്‍ക്കാര്‍ ജോലി മതി. എന്നാല്‍ രാജ്യത്തിന് പുറത്ത് എന്തുജോലി ചെയ്യുവാനും തയാറാകും. ഇവിടെ ഇത്തരം ജോലികളൊക്കെ ബംഗാളിയെ ഏല്‍പിച്ചിട്ട് കാനഡയിലും ഇംഗ്ലണ്ടിലും അയര്‍ലണ്ടിലും ഓസ്‌ട്രേലിയയിലും നാം ബംഗാളിപ്പണി എടുക്കും.

വിദേശങ്ങളില്‍ പോകുമ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ട്രോളി തള്ളുന്ന, മാക് ഡൊണ്‍ഡ് കടകളില്‍ (നമ്മുടെ നാട്ടിലെ തട്ടുകട) പാത്രം പെറുക്കുന്ന എംബിഎ-കാരനെയും ബിടെക്-കാരനെയും കണ്ടിട്ടുണ്ട്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് വിലയിടിയുവാന്‍ വര്‍ണപ്പൊലിമയുടെ ഈ പ്രവേശനോത്സവം കാരണമായിട്ടുണ്ടോ. ജീവിതം എന്നും എല്ലായിടത്തും ബലൂണും വര്‍ണങ്ങളും ഐസ്‌ക്രീമും മാത്രമല്ലല്ലോ. നൊമ്പരങ്ങളിലൂടെയും വേദനകളിലൂടെയും കഠിനാധ്വാനത്തിലൂടെയും വിരിയുന്ന പൂന്തോട്ടമാണ് ജീവിതം. ഇത്തിരി വേനലിലൂടെ ജീവിതം കടന്നുപോകട്ടെ. അതിന് അനുവദിക്കുക. നാളെയുടെ കൊന്നപ്പൂക്കള്‍ക്കായി…
പ്രിയപ്പെട്ട ജില്ലാ കലക്ടര്‍മാരോട് ഒരു അഭ്യര്‍ത്ഥന. ഒരു മഴമേഘം കണ്ടാല്‍, ഇത്തിരി ശക്തമായി രണ്ടുദിവസം മഴ പെയ്താല്‍ അവധി ഇനി പ്രഖ്യാപിക്കരുതേ… മഴ ആസ്വദിക്കുവാനും മഴയത്തും നടക്കുവാനും കുട്ടികള്‍ പഠിക്കട്ടെ. അമിതമായ സുരക്ഷിതത്വചിന്ത വളര്‍ച്ചയെ മുരടിപ്പിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?