Follow Us On

26

December

2024

Thursday

വാക്കുകള്‍ ബാക്കിവയ്ക്കുന്നത്‌

വാക്കുകള്‍ ബാക്കിവയ്ക്കുന്നത്‌

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS

ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ ഇഫാക്കാര എന്നൊരു ഗ്രാമമുണ്ട്. ആഫ്രിക്കയില്‍ ഉണ്ടായിരുന്ന ഒരു വര്‍ഷം അവിടെ പോയപ്പോള്‍ മക്കാണ്ട എന്നൊരു മനുഷ്യനെ കണ്ടുമുട്ടി. ഏതാണ്ട് 60 വയസ് പ്രായമുള്ള ഒരാള്‍. മക്കാണ്ട ആ ഗ്രാമത്തിലേക്ക് എവിടെനിന്നു വന്നു എന്ന് ആര്‍ക്കുമറിയില്ല. അയാള്‍ക്ക് ഒരു പ്രത്യേകതയുണ്ട് സൈക്കിളിലാണ് സഞ്ചാരം. ആ സൈക്കിള്‍ ആണ് അദ്ദേഹത്തിന്റെ വീട്. സൈക്കിളില്‍ വസ്ത്രങ്ങളും ഭക്ഷണവും കുടിവെള്ളവുമുണ്ട്. മക്കാണ്ട അധികം സംസാരിക്കില്ല. ചെറിയ മൂളലുകള്‍ മാത്രം. ആംഗ്യങ്ങളിലൂടെ ആണ് കൂടുതലും സംസാരിക്കുന്നത്. പക്ഷേ ആള് ഹാപ്പിയാണ്.

ആ സൈക്കിളില്‍ അയാള്‍ സൂക്ഷിക്കുന്ന ഒത്തിരി കാര്യങ്ങളുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹത്തിന് കിട്ടിയ പുസ്തകങ്ങള്‍, ലോക്കറ്റുകള്‍ , നോട്ടീസുകള്‍, എല്ലാം ഇങ്ങനെ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. വേറെ ഗ്രാമത്തില്‍നിന്നും ആരെങ്കിലുമൊക്കെ വരുമ്പോള്‍ ഉത്സാഹത്തോടെ അതെടുത്ത് കാണിക്കും. ഞാന്‍ മറ്റൊരിടത്തും ഇങ്ങനെ ഒരു മനുഷ്യനെ കണ്ടിട്ടില്ല. ആ ഗ്രാമത്തിന് അയാള്‍ പ്രിയപ്പെട്ടതായി മാറുന്നതും അങ്ങനെയാണ്. കാരണം അയാള്‍ ആരെയും വേദനിപ്പിക്കുന്നില്ല, അയാള്‍ ആരോടും കലഹിക്കുന്നില്ല.

ഗ്രാമത്തിലെ കുട്ടികള്‍ മക്കാണ്ടയുടെ സൈക്കിളിന്റെ പുറകെ ഓടുന്നത് കണ്ടു. ഞാന്‍ അതുതന്നെ നോക്കിനിന്നു. മക്കാണ്ട എന്താണ് ചെയ്യുന്നത് എന്നറിയാനുള്ള കൗതുകവും ഉണ്ടായിരുന്നു. ഈ കുസൃതി കുട്ടികള്‍ അയാളുടെ സൈക്കിളിന്റെ പുറകെ പോയി ഓരോന്നിലും പിടിച്ചു വലിക്കുകയാണ്. സൈക്കിളിന് പിറകില്‍ കെട്ടിവച്ചിരിക്കുന്ന ഓരോ കൂടിലും അവന്മാര്‍ വലിക്കുകയാണ്. ശല്യത്തിന്റെ അങ്ങേയറ്റമാണ്. കുറേനേരം ഇത് തുടര്‍ന്നുകൊണ്ടേയിരുന്നു. മക്കാണ്ട അവരെ ഒന്ന് നോക്കി പോലുമില്ല. പിള്ളേര് കുറെക്കഴിഞ്ഞ് മടുത്തു പിന്മാറി. മക്കാണ്ട സൈക്കിളും തള്ളി ദൂരേക്ക് പോയി.
മക്കാണ്ട അങ്ങനെയാണെന്ന് എല്ലാവരും പറയുന്നു. ഒരു വാക്കുകൊണ്ടുപോലും ആരെയും മുറിപ്പെടുത്താതെ, പരിഭവം പറയാതെ ഒരു മനുഷ്യന്‍. മനുഷ്യര്‍ക്ക് ഇങ്ങനെയൊക്കെ ആകാന്‍ സാധിക്കുമോ..? വാക്കുകള്‍ വറ്റിപ്പോകുന്ന മനുഷ്യര്‍ ഉണ്ടോ..?ചിലപ്പോള്‍ ഉണ്ടായിരിക്കും.

വാക്കുകള്‍ക്കൊരു പ്രത്യേക ശക്തിയുണ്ട്, മനുഷ്യബന്ധങ്ങളെ വിളക്കി ചേര്‍ക്കാനും അറുത്തു മുറിക്കാനും കഴിയുന്നത് വാക്കുകള്‍ കൊണ്ട് മാത്രമാണ്. വാക്കുകള്‍ അത്രമേല്‍ ശക്തമാണ്. നമ്മള്‍ കൂടുതല്‍ മുറിവേറ്റത് എപ്പോഴാണ്..?നമ്മള്‍ ശൂന്യരായി നിന്നുപോയത് എപ്പോഴാണ്..?
ഓര്‍ത്തു നോക്കിയിട്ടുണ്ടോ..? ഒന്നോര്‍ത്തെടുക്കുന്നത് നന്നാവും. ജീവിതത്തത്തില്‍ മുറിവുകള്‍ ആഴത്തില്‍ തൊടുന്നത് വാക്കുകള്‍ കൊണ്ടാണ്. വാക്കുകളേക്കാള്‍ മറ്റെന്താണ് അത്രമേല്‍ നമ്മളെ മുറിപ്പെടുത്തുന്നത്. ചിലരുടെ വാക്കുകള്‍ ഏല്‍പ്പിച്ച പ്രഹരത്തില്‍ നിന്ന് നമ്മള്‍ കരകയറിയിട്ടില്ല എന്നതാണ് സത്യം. ജീവിതത്തിന്റെ നന്മ തിന്മകളുടെ ഏറ്റവും നല്ല ഉപകരണം വാക്കുകളാണ്. വാക്കുകള്‍ തൊടുത്തുവിടുന്നത് തന്നെയല്ലേ ലോകത്തുള്ള സകല കലഹങ്ങളും, യുദ്ധങ്ങള്‍ പോലും.

ചില മൗനങ്ങളും അങ്ങനെ തന്നെ. ചിലരുടെ മൗനത്തില്‍ നമ്മള്‍ ആഴത്തിലേക്ക് വീണുപോകുന്നു. കാരണം നമ്മള്‍ കാത്തിരിക്കുന്നത് അവരുടെ വാക്കുകള്‍ക്കു വേണ്ടിയാണ്. നമ്മെ ഉയിര്‍പ്പിക്കുന്ന വാക്കുകള്‍. കേള്‍ക്കാത്ത ഒരായിരം ശബ്ദങ്ങള്‍ ഇവിടെ കറങ്ങിത്തിരിയുമ്പോള്‍, എന്തു കേള്‍ക്കണം ആരെ കേള്‍ക്കണം എന്നൊക്കെയുള്ളത് ഒരു തിരഞ്ഞെടുപ്പാണ്. കേള്‍ക്കാന്‍ ആരുമില്ലാതെ വാക്കുകള്‍ കൊതിക്കുന്നുണ്ട്.

കേള്‍ക്കാത്ത ശബ്ദമായി ഒരായിരം വാക്കുകള്‍ നമുക്ക് ചുറ്റുമുണ്ട്. ഇനിയും കേള്‍ക്കാന്‍ പറ്റാത്ത വാക്കുകള്‍ നമുക്ക് മീതെ വട്ടംകറങ്ങുന്നുണ്ട്. വാക്കുകള്‍ അങ്ങനെയുമാണ്. ഒരു ജന്മത്തെ മുഴുവന്‍ വിശുദ്ധമാക്കുന്ന സുകൃതങ്ങളായി അത് രൂപപ്പെടും. സൗഖ്യത്തിന്റെ ഏറ്റവും വിലപിടിപ്പുള്ള മരുന്നായി അത് നമുക്കു വേണ്ടി കാത്തിരിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?