Follow Us On

08

September

2024

Sunday

രാജ്യം കൈവരിക്കുന്ന നേട്ടങ്ങള്‍ തകര്‍ത്തെറിയാന്‍ ലഹരിക്ക് കഴിയും

രാജ്യം കൈവരിക്കുന്ന നേട്ടങ്ങള്‍ തകര്‍ത്തെറിയാന്‍ ലഹരിക്ക് കഴിയും
ഭരണങ്ങാനം: രാജ്യം കൈവരിക്കുന്ന നേട്ടങ്ങള്‍ തകര്‍ത്തെറിയാന്‍ ലഹരിക്ക് കഴിയുമെന്ന് കേരള നിയമസഭാ മുന്‍സ്പീക്കര്‍ വി.എം. സുധീരന്‍. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കെസിബിസി മദ്യവിരുദ്ധ സമിതി പാലായുടെ ആഭിമുഖ്യത്തില്‍ ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പാരീഷ് ഹാളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ലഹരിവിരുദ്ധ ദിനം പൊതുസമൂഹത്തിന് മാത്രമല്ല ഭരണാധികാരികള്‍ക്കും ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്ന് വി.എം സുധീരന്‍ പറഞ്ഞു. ലഹരിവിരുദ്ധ ദിനം കൊണ്ടാടുമ്പോള്‍ നാനാവിധത്തിലുള്ള ലഹരിയുടെ ലഭ്യതകുറച്ചുകൊണ്ടു വരികയെന്നത് ഭരണാധികാരികളുടെ ചുമതലയാണ്. നിര്‍ഭാഗ്യവശാല്‍ ഭരണത്തിലെത്തുന്നവര്‍ മദ്യം പോലുള്ളവയുടെ പ്രചാരകരായി മാറുന്നു. ഭരണകൂടങ്ങള്‍ പരാജയപ്പെടുമ്പോള്‍ ജുഡീഷ്യറിയുടെ ഭാഗത്തുനിന്നും ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലായെന്നതും ദൗര്‍ഭാഗ്യകരമാണെന്നും വി.എം സുധീരന്‍ പറഞ്ഞു.
ഭരണഘടനയുടെ 47-ാം അനുഛേദത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മദ്യനിരോധനം ഏര്‍പ്പെടുത്താം എന്ന് പറയുന്നുണ്ട്. ഭരണഘടനാപരമായ ചുമതല ഇക്കാര്യത്തില്‍ ഒരു സര്‍ക്കാരുകളും തന്നെ നിര്‍വഹിക്കുന്നില്ല.
സത്യമാണ് ഈശ്വരന്‍ എന്ന ഗാന്ധിജിയുടെ ഉദാത്തമായ സന്ദേശം ഉള്‍ക്കൊണ്ട് സത്യത്തിനും നീതിക്കും നാടിന്റെ നന്‍മയ്ക്കുംവേണ്ടി ഉണര്‍ന്ന് നാം പ്രവര്‍ത്തിക്കണമെന്ന് വി.എം സുധീരന്‍ ഓര്‍മിപ്പിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുരുവിള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹണി എച്ച്.എല്‍., എക്‌സൈസ് ഇന്‍സ്പെക്ടര്‍ ജെക്സി ജോസഫ്, ഫാ. ജോണ്‍ കണ്ണന്താനം, ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി, ഫാ. ആല്‍ബിന്‍ പുതുപ്പറമ്പില്‍, സാബു എബ്രാഹം, ജോസ് കവിയില്‍, അലക്സ് കെ. എമ്മാനുവല്‍, ജെസ്സി ജോസ്, സാജു ജോസ്  എന്നിവര്‍ പ്രസംഗിച്ചു.
മാസാചരണ പരിപാടികളുടെ ഭാഗമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളനികള്‍, തൊഴില്‍ മേഖലകള്‍ എന്നിവിടങ്ങളിലൂടെ ലഹരിവിരുദ്ധ പ്രതിജ്ഞ, സന്ദേശം, കോര്‍ണര്‍ യോഗങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കും. പ്രസംഗം-ഉപന്യാസം-ചിത്രരചന മത്സരങ്ങളും ഒരു മാസം നീണ്ടുനില്ക്കുന്ന പരിപാടികളില്‍പെടുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?