Follow Us On

26

December

2024

Thursday

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വിജയം; ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: തൃശൂര്‍ അതിരൂപത

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വിജയം; ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: തൃശൂര്‍ അതിരൂപത
തൃശൂര്‍: സുരേഷ് ഗോപി തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ചതിനെ തുടര്‍ന്ന് ക്രൈസ്തവ സമുദായത്തിനുനേരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ക്കെതിരെ തൃശൂര്‍ അതിരൂപത രംഗത്ത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും അവയെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും അതിരൂപത. അനര്‍ഹമായ നേട്ടങ്ങള്‍ക്കുവേണ്ടി അതിരൂപതാനേതൃത്വം ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണച്ചുവെന്ന ആരോപണം വേദനാജനകമാണെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യ മതനിരപേക്ഷമൂല്യങ്ങളെയും വിലമതിക്കുന്നവരും ദൈവവിശ്വാസവും ന്യൂനപക്ഷ അവകാശങ്ങളും മാനിക്കുന്നവരുമായ രാഷ്ട്രീയകക്ഷികളെയും നേതാക്കളെയും അംഗീകരിക്കണമെന്നത് അതിരൂപത എക്കാലത്തും സ്വീകരിച്ചുവന്നിട്ടുള്ള ശക്തമായ നിലപാടാണ്. ഇക്കാര്യങ്ങള്‍ ഫെബ്രുവരി 25-ന് തൃശൂരില്‍ സംഘടിപ്പിച്ച സമുദായജാഗ്രതാ സമ്മേളനത്തില്‍ അതിരൂപതാ നേതൃത്വം വ്യക്തമാക്കിയിരുന്നു.
അനാവശ്യ ആരോപണങ്ങളിലൂടെ സഭയെ ഇകഴ്ത്തിക്കാണിക്കുവാന്‍ ശ്രമിക്കുന്നവര്‍, അതിരൂപതയുടെ ഭാഗമായ മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ഇതരരാഷ്ട്രീയകക്ഷികള്‍ക്ക് മേല്‍ക്കൈ ഉണ്ടായത് മനഃപൂര്‍വം വിസ്മരിക്കുകയാണ്.
സ്വന്തം വീഴ്ചകള്‍ മറച്ചുവച്ചും പോരായ്മകള്‍ സ്വയം അംഗീകരിക്കാതെയും തോല്‍വിയുടെ ഉത്തരവാദിത്വം മറ്റുള്ളവരില്‍ കെട്ടിവയ്ക്കാനുള്ള രാഷ്ട്രീയകൗശലത്തിന്റെ ഭാഗമാണ് നിലവിലെ വിവാദങ്ങള്‍. തൃശൂരിലെ ക്രൈസ്തവ സമുദായത്തെയും അതിരൂപതാ നേതൃത്വത്തെയും അനാവശ്യ ആരോപണങ്ങളിലൂടെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത് വെറും വ്യാമോഹം മാത്രമായിരിക്കുമെന്നും നേതൃത്വം ഓര്‍മപ്പെടുത്തി.
പത്രസമ്മേളനത്തില്‍ അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബിജു കുണ്ടുകുളം, കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപതാ പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി, കത്തോലിക്കാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. ജേവീസ്, അതിരൂപതാ പബ്ലിക് റിലേഷന്‍ പ്രസിഡന്റ് ജോര്‍ജ് ചിറമേല്‍ എന്നിവര്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?