Follow Us On

26

December

2024

Thursday

സര്‍ക്കാരിന്റെ മദ്യനയം ആശങ്ക ജനിപ്പിക്കുന്നു: കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍

സര്‍ക്കാരിന്റെ മദ്യനയം ആശങ്ക ജനിപ്പിക്കുന്നു: കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍

കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ 2016 മുതല്‍ മദ്യനയവും മദ്യവിപണനവുമായി ബന്ധപ്പെട്ട് നിലപാടുകളും കടുത്ത ആശങ്കജനിപ്പിക്കുന്നതാണെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്. ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേരള സര്‍ക്കാരിന്റെ മദ്യനയവും ലഹരി വിമുക്ത പദ്ധതികള്‍ സംബന്ധിച്ച സമീപനങ്ങളും ഓരോ വര്‍ഷം കഴിയുംതോറും കൂടുതല്‍ അനാരോഗ്യകരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഏതു വിധേനയും മദ്യവില്‍പന ഉയര്‍ത്താനും വരുമാനം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ നടത്തുന്ന പരിശ്രമം വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. വിവിധ റിപ്പോര്‍ട്ടുകള്‍പ്രകാരം സ്വതന്ത്ര വരുമാനസ്രോതസ് എന്ന നിലയില്‍ മദ്യവരുമാനം ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

മദ്യത്തെയും അനുബന്ധ സംവിധാനങ്ങളെയും പരിധിവിട്ട് ഉദാരവത്കരിക്കുന്ന ശൈലി എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുന്‍ നയപ്രഖ്യാപനങ്ങള്‍ക്കും പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ക്കും വിരുദ്ധമാണ്. മദ്യവര്‍ജനത്തിനുള്ള പുതിയ പദ്ധതിക് ആസൂത്രണം ചെയ്യുകയും കൂടുതല്‍ ഫണ്ട് അതിനായി വാകയിരുത്തുകയും ചെയ്യുന്നുവെന്ന് അവകാശപ്പെടുമ്പോഴും മദ്യത്തില്‍നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ മദ്യനയത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. മദ്യനയത്തിലെ ഈ ഇരട്ടത്താപ്പ് അപഹാസ്യമാണ്.

2016-ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍നിന്ന് ഇറങ്ങുമ്പോള്‍ കേരളത്തില്‍ 29 ബാറുകളും 813 ബിയര്‍, വൈന്‍ പാര്‍ലറുകളുമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് ബാറുകള്‍ 900-ത്തിലധികമുണ്ട്. മദ്യത്തില്‍നിന്നുള്ള നികുതിയും ലൈസന്‍സ് ഫീസുകളും ഇക്കാലയളവില്‍ കുത്തനെ ഉയര്‍ന്നു. വ്യാപകമായി ബാറുകള്‍ക്ക് ലൈസന്‍സ് കൊടുത്തും പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചും വീണ്ടും മദ്യത്തില്‍നിന്നുള്ള വരുമാനം ഉയര്‍ത്തിക്കൊണ്ടുവരാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്ന് വ്യക്തം.

ഒരുവശത്ത് മദ്യത്തെ മുഖ്യ വരുമാനമാര്‍ഗമായി കണ്ട് കൂടുതല്‍ വിപണന-വരുമാന സാധ്യതകള്‍ തേടിക്കൊണ്ടിരിക്കുന്ന ഒരു സര്‍ക്കാരിന് യുവജനങ്ങളെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് ഉപയോഗത്തിനും ലഹരി അടിമത്വത്തിനുമെതിരായ പ്രവര്‍ത്തനപദ്ധതികള്‍ ആത്മാര്‍ത്ഥതയോടെ നടപ്പാക്കാന്‍ കഴിയുമെന്ന് കരുതാനാവില്ല. ലഹരി വിമുക്തി ലക്ഷ്യംവച്ചുള്ള ഫലപ്രദമായ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ബിഷപ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?