Follow Us On

21

November

2024

Thursday

ദിവ്യബലി മധ്യേ മരിച്ചുവീണ വിശുദ്ധനായ കാപ്പുകാട്ടച്ചന്‍

ദിവ്യബലി മധ്യേ മരിച്ചുവീണ  വിശുദ്ധനായ കാപ്പുകാട്ടച്ചന്‍

ഫാ. ജോസഫ് വയലില്‍ സിഎംഐ,  ഫാ. ജോസഫ് കാപ്പുകാട്ട് സിഎംഐയെ അനുസ്മരിക്കുന്നു

സിഎംഐ സഭയുടെ കോഴിക്കോട് സെന്റ് തോമസ് പ്രൊവിന്‍സ് അംഗമായിരുന്ന ഫാ. ജോസഫ് കാപ്പുകാട്ട് 2024 ജൂണ്‍ 30 നാണ് അവിചാരിതമായി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്‌. അച്ചന്റെ പൗരോഹിത്യജീവിതത്തെ മൂന്ന് ഘട്ടങ്ങളായാണ് ഞാന്‍ കാണുന്നത്. ഒന്നാം ഘട്ടത്തില്‍ സെമിനാരി റെക്ടര്‍, നോവിസ് മാസ്റ്റര്‍ തുടങ്ങിയ നിലകളില്‍ സന്യാസാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന ശുശ്രൂഷയാണ് അദ്ദേഹം ചെയ്തത്. രണ്ടാമത്തെ ഘട്ടത്തില്‍ സമൂഹവുമായി ബന്ധപ്പെട്ട ശുശ്രൂഷകളില്‍ അദേഹം വ്യാപൃതനായി. ഇടവക വികാരി, സാമൂഹ്യസേവകന്‍ തുടങ്ങിയ നിലകളിലാണ് ഈ ഘട്ടത്തില്‍ അദ്ദേഹം പ്രവര്‍ത്തിച്ചത്. ഒരുപാടുപേരുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന മകവുറ്റ ഇടവക വികാരിയുടെ ചിത്രമാണ് അദ്ദേഹത്തെക്കുറിച്ച് എന്റെ മനസില്‍ തെളിഞ്ഞു നില്‍ക്കുന്നത്. കരിസ്മാറ്റിക് നവീകരണ രംഗത്തും ജീസസ് യൂത്തിന്റെ ശുശ്രൂഷകളിലും അദേഹം സജീവമായിരുന്നു. ചില സാമൂഹ്യപ്രശ്‌നങ്ങളിലും അദ്ദേഹം ഇടപെടുകയുണ്ടായി. ദേവഗിരി ദൈവാലയ വികാരിയായിരുന്ന അവസരത്തില്‍, ദൈവാലയത്തിനടുത്തുള്ള ഒരു മദ്യഷാപ്പിനെതിരെ സമരം നടത്തിയതും അത് പൂട്ടിയതും ഞാന്‍ ഓര്‍മിക്കുന്നു.

എന്നാല്‍ മൂന്നാംഘട്ടത്തിലെ അദ്ദേഹത്തിന്റെ ജീവിതം വളരെ അവിചാരിതവും ആക്‌സമികവുമായി നമുക്ക് അനുഭവപ്പെടും. ഈ ഘട്ടത്തില്‍ അദ്ദേഹം എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിരമിച്ചു; പൂര്‍ണ സന്യാസ ജീവിതത്തിലേക്ക് അദ്ദേഹം മാറി. സന്യാസ സമര്‍പ്പണ ജീവിതം കൂടുതല്‍ ശക്തമായി ജീവിക്കുവാന്‍ അദ്ദേഹം എല്ലാ ബാഹ്യപ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി പ്രാര്‍ത്ഥനാജീവിതത്തിലേക്ക് പ്രവേശിച്ചു. ജനറാളച്ചന്റെ കീഴില്‍ മലയാറ്റൂര്‍ പ്രാര്‍ത്ഥനാജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി  ഒരു സ്ഥാപനം തുടങ്ങിയപ്പോള്‍ അദ്ദേഹം അവിടെ പോയി താമസിച്ചു. പിന്നീട് ആ സ്ഥാപനം കോഴിക്കോട് കക്കാടംപൊയിലിലേക്ക് മാറ്റി സ്ഥാപിച്ചപ്പോള്‍ അദ്ദേഹം അവിടേക്ക് മാറി. ജൂണ്‍ 30 ന് മരിക്കുമ്പോള്‍ കാപ്പുകാട്ടച്ചനും മറ്റൊരച്ചനുമായിരുന്നു അവിടെ ഉണ്ടായിരുന്നത്.

അന്ന് രാവിലെ മൂന്ന് മണിക്ക് അദ്ദേഹം എഴുന്നേറ്റു. നാല് മണിക്ക് രണ്ടച്ചന്‍മാരും ഒപ്പം പ്രാര്‍ത്ഥനയില്‍ ജീവിക്കുന്ന മറ്റുള്ളവരും ചേര്‍ന്ന് കുര്‍ബാന ആരംഭിച്ചു. ”കര്‍ത്താവേ അങ്ങയുടെ പരിശുദ്ധാത്മാവ് എഴുന്നള്ളി വന്ന് ഈ കുര്‍ബാനയില്‍ ആവസിച്ച് ഇതിനെ വിശുദ്ധീകരിക്കുകയും പവിത്രീകരിക്കുകയും ചെയ്യണമേ” എന്ന പ്രാര്‍ത്ഥനയുടെ സമയത്ത് അദ്ദേഹം ബോധം നഷ്ടപ്പെട്ട് നിലത്തേക്ക് വീഴുകയായിരുന്നു. തലച്ചോറില്‍ രക്തസ്രാവം ഉണ്ടായി അബോധാവസ്ഥയിലായ അദ്ദേഹത്തെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാല്‍ ഉച്ചകഴിഞ്ഞപ്പോഴേക്കും അദ്ദേഹം മരിച്ചു.

ഇവിടെ ഒന്നുരണ്ട് ചിന്തനീയമായ കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. എല്ലാ  ഭൗതികപ്രവര്‍ത്തനങ്ങളും ഉപേക്ഷിച്ച ആളാണ് കാപ്പുകാട്ടച്ചന്‍. പിന്നെ എന്തിനാണ് അദ്ദേഹം വെളുപ്പിന് മൂന്ന് മണിക്ക് എഴുന്നേറ്റ് നാല് മണിക്ക് ദിവ്യബലി അര്‍പ്പിക്കുന്നത്.? അതിന്റെ ഉത്തരം, അദ്ദേഹം സന്യാസത്തിന്റെ ഏറ്റവും കഠിനമായ വഴികളിലൂടെ സഞ്ചരിച്ചു എന്നതാണ്. അദ്ദേഹത്തിന്റെ ജീവതശൈലി ഏകദേശം ഇങ്ങനെയായിരുന്നു. വെളുപ്പിന് മൂന്ന് മണിക്ക് എഴുന്നേല്‍ക്കും. നാല് മണിക്ക് ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് പ്രാര്‍ത്ഥന. എട്ടരയാകുമ്പോള്‍ ഒരു ഭക്ഷണമുണ്ട്. കഞ്ഞിയും പയറും. എല്ലാവര്‍ക്കും അത് തന്നെ. ആ കഞ്ഞിയും പയറും വേവിച്ചുണ്ടാക്കുന്നത് കാപ്പുകാട്ടച്ചന്‍ തന്നെയാണ്. പിന്നെ പകല്‍ അദ്ദേഹത്തിന് ഭക്ഷണമില്ല. രാത്രിയിലും കഞ്ഞിയും പയറും. ഇത് തന്നത്താന്‍ വച്ച് എല്ലാവര്‍ക്കും നല്‍കി അദ്ദേഹവും കഴിക്കും. ബാക്കി മുഴുവന്‍ സയവും പ്രാര്‍ത്ഥനയിലാണ്. ആരോടും മിണ്ടുകയില്ല. എത്ര പരിചയക്കാര്‍ ചെന്നാലും അദ്ദേഹം പുറത്തുണ്ടെങ്കില്‍ ഒരു വാക്കെങ്ങാനും സംസാരിക്കും. പ്രാര്‍ത്ഥനയിലാണെങ്കില്‍ പുറത്തിറങ്ങി വരുകയില്ല.

പണ്ടൊക്കെ ചില സന്യാസിമാരുടെ ജീവിതത്തില്‍ എല്ലാം ഉപേക്ഷിച്ചു എന്നൊക്കെ കേട്ടിട്ടുണ്ട്. അങ്ങനെയുള്ള സന്യാസിമാര്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെന്ന് നമുക്ക് മനസിലാകുന്നത് ഇതുപോലുള്ള വൈദികരെ പരിചയപ്പെടുമ്പോഴാണ്. ലളിതമായ ഭക്ഷണം, അതും രണ്ടു നേരം മാത്രം, ബാക്കി മുഴുവന്‍ നേരം പ്രാര്‍ത്ഥന. ഒരു പത്രമോ ടിവി വാര്‍ത്തയോ ഒന്നും കാണാതെ സ്വന്തം വിശുദ്ധീകരണത്തിനും ലോകം മുഴുവന്റെയും വിശുദ്ധീകരണത്തിനുമായി 22 കൊല്ലമാണ് കാപ്പുകാട്ടച്ചന്‍ മുഴുവന്‍ സമയവും പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചത്. ആ ദൈവസ്‌നേഹത്തില്‍ നിന്ന് ഒന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. അങ്ങനെ ജീവിച്ച ഈ മനുഷ്യന്‍ ഒരു ദിവ്യബലിയുടെ മധ്യേ വീണ് മരിക്കുകയാണ്, അഥവാ മരിച്ചു വീഴുകയാണ്. പിന്നീട് അദ്ദേഹം ഒന്നും സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന് ബോധം തെളിഞ്ഞിട്ടില്ല. വെന്റിലേറ്ററില്‍ കിടന്ന് അദ്ദേഹം മരിച്ചു. അദ്ദേഹത്തെ ഒരു വിശുദ്ധനായി ഞാന്‍ കാണുകയാണ്.  മരിച്ച നിമിഷം മുതല്‍ മൃതസംസ്‌കാരം വരെ അദ്ദേഹത്തിന് വേണ്ടി നടത്തിയ ധാരാളമായ പ്രാര്‍ത്ഥനകള്‍ എന്തെങ്കിലും പാപകടങ്ങള്‍ ബാക്കിയുണ്ടായിരുന്നെങ്കില്‍ അവയും മായ്ച്ചുകളഞ്ഞ് അദ്ദേഹത്തെ സ്വര്‍ഗരാജ്യത്തില്‍ എത്തിച്ചിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഞങ്ങള്‍ അടുത്ത് ഇടപെട്ട ആളുകളാണ്. ഒന്നിച്ച് ജീവിച്ചിരുന്ന ആളുകളാണ്. അന്നും ഇന്നും അദ്ദേഹത്തെ വ്യക്തിപരമായി അറിയാം. കളങ്കമില്ലാത്ത, സേവനസന്നദ്ധനായ എപ്പോഴും പ്രാര്‍ത്ഥിക്കുന്ന ഒരച്ചന്‍.  വലിയ സമര്‍പ്പണവും ത്യാഗവും എടുത്തുകൊണ്ടാണ് ഈ ജീവിതശൈലിയിലേക്ക് അദ്ദേഹം മാറിയത്. 22 വര്‍ഷങ്ങളോളം അത് തുടര്‍ന്നു. അദ്ദേഹത്തിന്റെ പാവനസ്മരണക്ക് മുന്നില്‍ ശിരസ് നമിക്കുകയും കൈകള്‍ കൂപ്പുകയും ചെയ്യുന്നു. അദ്ദേഹത്തിന് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. എങ്കിലും അതിലുപരി അച്ചന്റെ മധ്യസ്ഥതയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. ദൈവം അദ്ദേഹത്തെ നിത്യവിരുന്നില്‍ പങ്കാളിയാക്കിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം വഴി ദൈവം നമ്മെ ധാരാളമായി അനുഗ്രഹിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.  അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം തേടി കര്‍ത്താവിന്റെ മുമ്പില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?