Follow Us On

23

November

2024

Saturday

മുറിവുകളുണക്കി സാക്ഷ്യം നല്‍കിക്കൊണ്ട് സഭയോടൊപ്പം ഒന്നിച്ചു മുന്നേറാം: മാര്‍ റാഫേല്‍ തട്ടില്‍

മുറിവുകളുണക്കി സാക്ഷ്യം നല്‍കിക്കൊണ്ട് സഭയോടൊപ്പം ഒന്നിച്ചു മുന്നേറാം:  മാര്‍ റാഫേല്‍ തട്ടില്‍

കാക്കനാട്: മുറിവുകളുണക്കി സാക്ഷ്യം നല്‍കിക്കൊണ്ട് വിശ്വാസസ്ഥിരതയോടെ സഭയോടൊപ്പം ഒന്നിച്ചു മുന്നേറാനുള്ള ആഹ്വാനവുമായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിനോടും സഭാദിനത്തോടും അനുബന്ധിച്ച് സീറോമലബാര്‍സഭയുടെ കേന്ദ്രകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രയാസഘട്ടങ്ങളില്‍ പരാജയഭീതിയോടെ പിന്മാറുന്നതിനുപകരം ധീരതയോടെ അവയെ നേരിടാന്‍ തോമാശ്ലീഹായുടെ ജീവിതമാതൃക നമ്മെ സഹായിക്കുമെന്നും മാര്‍ തട്ടില്‍ പറഞ്ഞു.

പൊതുസമ്മേളനത്തില്‍ എം.എസ്.എം.ഐ. സന്ന്യാസിനീസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എല്‍സി വടക്കേമുറി, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം, മാതൃവേദി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ആന്‍സി മാത്യു ചേന്നോത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങിന് കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സ്വാഗതമാശംസിക്കുകയും മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കൂരിയാ ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു.

സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനത്തിന് മുന്നോടിയായി സീറോമലബാര്‍സഭയുടെ ചരിത്രമവതരിപ്പിക്കുന്ന ഡോക്കുമെന്ററി പ്രദര്‍ശിപ്പിച്ചു. സഭയുടെ ഗവേഷണ പഠന കേന്ദ്രമായ ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്റര്‍ പ്രസിദ്ധീകരിച്ച Aptsoolate of St Thomas in India എന്ന പുസ്തകം മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പിതാവിനു നല്കി പ്രകാശനം ചെയ്തു. എല്‍ആര്‍സ. പഠനപരമ്പരയെ മാര്‍ ടോണി നീലങ്കാവിലും പുതിയ പുസ്തകത്തെ എഡിറ്റര്‍ റവ. ഡോ. പയസ് മലേകണ്ടത്തിലും പരിചയപ്പെടുത്തി. റവ. ഡോ. തോമസ് മണ്ണൂരാന്‍പറമ്പില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ‘പൗരസ്ത്യരത്‌നം’ അവാര്‍ഡ് ചടങ്ങില്‍ പ്രഖ്യാപിച്ചു. ആരാധനക്രമ വിഷയത്തില്‍ അതുല്യമായ സംഭാവനകള്‍ നല്‍കിയ റവ. ഡോ. വര്‍ഗീസ് പാത്തികുളങ്ങര സിഎംഐ ആണ് അവാര്‍ഡിനര്‍ഹനായത്.

നേരത്തെ ആഘോഷമായ റാസാ കുര്‍ബാനയില്‍ മേജര്‍ ആര്‍ച്ചുബിഷപ് കാര്‍മികത്വം വഹിച്ചു. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ വചനസന്ദേശം നല്‍കി. എറണാകുളം അങ്കമാലി അതിരൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍, കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. സമര്‍പ്പിതസമൂഹങ്ങളുടെ മേജര്‍ സുപ്പീരിയേഴ്‌സും രൂപതകളുടെ വികാരി ജനറല്‍മാരും സെമിനാരികളുടെ റെക്ടര്‍മാരും രൂപതകളെയും സമര്‍പ്പിതസമൂഹങ്ങളെയും പ്രതിനിധീകരിച്ചുവന്ന വൈദികരും സമര്‍പ്പിതരും അല്മായരും വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്നു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?