Follow Us On

22

January

2025

Wednesday

തിരിച്ചുകിട്ടുന്ന ആയിരം മണിക്കൂറുകള്‍

തിരിച്ചുകിട്ടുന്ന ആയിരം  മണിക്കൂറുകള്‍

 ഫാ. സ്റ്റാഴ്‌സണ്‍ കള്ളിക്കാടന്‍

സെമിനാരിയിലെ ഏകാന്തതയെ അതിജീവിച്ചത് വായനയിലൂടെയായിരുന്നു. അത് പരി. അമ്മ തന്ന ബോധ്യമായിരുന്നു. വിശുദ്ധരുടെ ജീവചരിത്രവും പരി. അമ്മയുടെ സന്ദേശങ്ങളും ഞാന്‍ നിരന്തരം വായിച്ചിരുന്നു. എനിക്ക് വായിക്കാനുള്ള പുസ്തകങ്ങള്‍ എങ്ങനെയെങ്കിലും എന്റെ കൈയില്‍ എത്തുമായിരുന്നു. അതു പരിശുദ്ധ മാതാവിന്റെ അനുഗ്രഹമായിട്ടാണ് ഞാന്‍ കരുതുന്നത്. അങ്ങനെ സെമിനാരി കാലഘട്ടത്തില്‍ എനിക്ക് ലഭിച്ച പുസ്തകമാണ് ‘ലോകത്തിനു വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശം.’ ഈ പുസ്തകം ‘സോഫിയാ ബുക്‌സ്’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ലോകത്തിനു വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശം’ എന്റെ ജീവിതയാത്രാ പുസ്തകമാണെന്ന് പറയാം. പരി. അമ്മയുടെ സ്വരം ഞാന്‍ കേട്ടിരുന്നത് ആ പുസ്തകത്തിലൂടെയായിരുന്നു.
എന്നും ഉണരുമ്പോള്‍ ഈ പുസ്തകത്തില്‍ നിന്ന് ഒരധ്യായം വായിച്ചിരുന്നു. ഒരു ദിവസം എനിക്കു ലഭിച്ചത് ഇപ്രകാരമായിരുന്നു: ‘നീ എന്നോടും എന്റെ പുത്രനോടുമൊപ്പം സമയം ചെലവഴിക്കുമ്പോഴാണ് ദൈവകൃപകള്‍ നിന്നിലേക്ക് ഒഴുകുന്നത്. നിന്റെ എല്ലാ ആവശ്യങ്ങളിലും എന്നിലേക്ക് നോക്കുക. അപ്പോള്‍ നിനക്ക് നിരാശപ്പെടേണ്ടി വരികയില്ല. എന്റെ കുഞ്ഞേ ഞാന്‍ നിന്നെ അനുഗ്രഹിക്കുന്നു.’

മോശം വിദ്യാര്‍ത്ഥി
സത്യം പറഞ്ഞാല്‍ അമ്മയുടെ ഈ മൊഴികള്‍ എന്നെ കരയിപ്പിച്ചു. കാരണം ഞാന്‍ ഒരുപാട് നിരാശനായ സമയത്തായിരുന്നു ഇങ്ങനെ ഒരു സന്ദേശം അമ്മ എനിക്ക് നല്‍കിയത്. നിരാശക്കുള്ള കാരണം പഠനത്തിലുള്ള എന്റെ പിന്നാക്കാവസ്ഥയായിരുന്നു. ഓര്‍മക്കുറവും അശ്രദ്ധയും ജന്മനാലുള്ള എന്റെ കുറവുകളായിരുന്നു. ഭാഷാപഠനവും സെമിനാരി നിയമങ്ങളുമൊക്കെ എനിക്ക് വഹിക്കാനാകാത്ത ഭാരങ്ങളായി അനുഭവപ്പെട്ടിരുന്നു. പരീക്ഷകളില്‍ പലതും തോറ്റുപഠിച്ചിട്ട് കിട്ടാത്തതും പഠിക്കാനുള്ള സെമിനാരിയിലെ സമയ കുറവും എന്നെ ഡിപ്രഷനിലേക്ക് തള്ളിവിട്ട സമയത്താണ് പരിശുദ്ധ അമ്മ നിരാശപ്പെടരുതെന്ന് എന്നോടു പറഞ്ഞത്.
ഈ സന്ദേശം വായിച്ച അന്നുതന്നെയാണ് സെമിനാരിയില്‍ ഒരു കോമണ്‍ ഗാതറിംഗ് ഉണ്ടായിരുന്നത്. കോട്ടയം സെമിനാരിയിലെ ഗാതറിംഗ് ഒരുപാട് പ്രത്യേകതയുള്ളതാണ്. പല രൂപതകളില്‍ നിന്നുമുള്ള 300-ല്‍ അധികം വൈദിക വിദ്യാര്‍ത്ഥികളാണ് അവിടെ പുരോഹിതരാവാന്‍ പഠിക്കുന്നത്. അവരില്‍ ഏറ്റവും മോശം വിദ്യാര്‍ത്ഥി ഞാനാണെന്ന് എനിക്ക് നല്ല ബോധ്യവുമുണ്ടായിരുന്നു. എന്നെക്കാള്‍ കഴിവും പ്രാഗല്‍ഭ്യവും കുടുംബ മഹിമയും ഉണ്ടായിരുന്നവരുടെ ഇടയില്‍ ഞാന്‍ ഒരു കൃമിയായിരുന്നു.

ഏറ്റെടുക്കാന്‍
മടിച്ച ഉത്തരവാദിത്വം
അന്ന് ആ മീറ്റിംഗിനിടയിലാണ് ചില വോളണ്ടറി ഡ്യൂട്ടികള്‍ ഏറ്റെടുക്കാന്‍ ഞങ്ങളോട് റെക്ടറച്ചന്‍ ആവശ്യപ്പെട്ടത്. സെമിനാരിയിലെ നിര്‍ബന്ധിത ഡ്യൂട്ടി തന്നെ ചെയ്തുതീര്‍ക്കാന്‍ പറ്റാത്ത അത്രയും ഉള്ളതുകൊണ്ട് വോളണ്ടറി ഡ്യൂട്ടികള്‍ ഏറ്റെടുക്കാന്‍ ആര്‍ക്കുംതന്നെ താല്പര്യം ഉണ്ടായിരുന്നില്ല. അതിലെ ഒരു ഉത്തരവാദിത്വം സെമിനാരി പരിസരത്തുള്ള പരിശുദ്ധ അമ്മയുടെ ഗ്രോട്ടോ ദിവസവും അടിച്ചു വൃത്തിയാക്കി പൂവ് വയ്ക്കുക എന്നതായിരുന്നു.
രാവിലെ കുര്‍ബാന കഴിഞ്ഞ് വളരെ കുറച്ച് സമയമേ ക്ലാസിനു മുമ്പ് കിട്ടിയിരുന്നുള്ളൂ. അതുകൊണ്ട് ഈ ഉത്തരവാദിത്വം ആരും ഏറ്റെടുക്കാന്‍ താല്പര്യപ്പെട്ടിരുന്നില്ല. മാത്രമല്ല, ആ ഗ്രോട്ടോയുടെ സൈഡില്‍ ഒരു പ്ലാവും ഒരു മാവും ഉണ്ടായിരുന്നു. അതില്‍നിന്ന് എപ്പോഴും ഇല കൊഴിയുകയും ചക്കപ്പഴം വീണ് വളരെ അലങ്കോലമായാണ് അത് കിടന്നിരുന്നത്. ഈ ഗ്രോട്ടോയിലുള്ള കുളം വൃത്തിയാക്കാന്‍ തന്നെ വലിയ ബുദ്ധിമുട്ടായിരുന്നു. ഇത് അറിയാവുന്ന ആരും തന്നെ ഈ ക്ലീനിംഗ് ഏറ്റെടുത്തില്ല.
ആരും ഈ ഡ്യൂട്ടി ഏറ്റെടുക്കുന്നില്ലേ എന്ന് റെക്ടറച്ചന്‍ ആരാഞ്ഞപ്പോള്‍ പരിശുദ്ധ അമ്മ രാവിലെ നല്‍കിയ സന്ദേശം ഞാന്‍ ഓര്‍ത്തു. പരിശുദ്ധ അമ്മയ്ക്ക് സമയം നല്‍കുക അമ്മ നിന്നെ സഹായിക്കുമെന്ന്. ഈ സന്ദേശം വീണ്ടും എന്റെ മനസിലേക്ക് വന്നു. പിന്നെ ഒന്നും ചിന്തിച്ചില്ല ഗ്രോട്ടോ ക്ലീനിംഗ് ഒരു വര്‍ഷത്തേക്ക് ഞാന്‍ ഏറ്റെടുത്തു. എഴുന്നേറ്റ് നിന്ന് ‘ഞാന്‍ ചെയ്‌തോളാം’ എന്ന് പറഞ്ഞപ്പോള്‍ സെമിനാരിയിലെ എന്റെ ബാച്ചുകാരും എന്റെ പഠനനിലവാരം അറിയാവുന്നവരും എന്നെ നോക്കി എന്തിന്റെ കേടാണ് മോനെ എന്ന് പറഞ്ഞ് കളിയാക്കി.

കൃപയുടെ അക്ഷരമൊഴികള്‍
ആ കളിയാക്കലുകളെയെല്ലാം പരിശുദ്ധ അമ്മയുടെ സന്ദേശം വെച്ച് ഞാന്‍ ഭേദിച്ചു. രാവിലെ ഭക്ഷണം പോലും കഴിക്കാതെയാണ് ഒരു വര്‍ഷം മുഴുവന്‍ ഞാന്‍ ഗ്രോട്ടോ വൃത്തിയാക്കിയത്. എന്റെ മുറി എങ്ങനെ വൃത്തിയാക്കുമോ അതിനേക്കാള്‍ ഭംഗിയാക്കി ഗ്രോട്ടോ ഞാന്‍ അലങ്കരിച്ചു. അമ്മയ്ക്കും അമ്മയുടെ മകനുമായി സമയം കുറെ മാറ്റിവെച്ചു. ഇപ്പോള്‍ ഈ വരികളെഴുതുമ്പോള്‍ എന്റെ മിഴി നിറയുന്നുണ്ട്. കാരണം എന്റെ അമ്മ പറഞ്ഞത് എത്രയോ ശരിയാണെന്ന് ഞാന്‍ അനുഭവിച്ചത് ഗ്രോട്ടോ ക്ലീനിംഗ് തുടങ്ങിയ അന്ന് മുതലാണ്. എന്റെ സമയം ഞാന്‍ അമ്മയ്ക്ക് നല്‍കിയപ്പോള്‍ അമ്മ ആ സമയം ഇരട്ടിയാക്കി എനിക്ക് തിരിച്ചു തന്നു. എല്ലാ പരീക്ഷയിലും Just Pass പോലും ഇല്ലാതിരുന്ന എനിക്ക് ഉന്നതമാര്‍ക്ക് നല്‍കിയും ഞാന്‍ അര്‍ഹിക്കുന്നതിനേക്കാള്‍ അംഗീകാരം നല്‍കിയും പരിശുദ്ധ അമ്മ എന്നെ സഹായിച്ചു. ഇപ്പോള്‍ എഴുതുന്ന പുസ്തകങ്ങള്‍ പോലും പരിശുദ്ധ അമ്മയ്ക്ക് സമയം കൊടുത്തപ്പോള്‍ അമ്മ സമ്മാനിച്ച കൃപയുടെ അക്ഷരമൊഴികളാണ്. ഒരു ജപമാല ചൊല്ലി അമ്മയ്ക്ക് കാഴ്ചവെച്ച് എഴുതാന്‍ തുടങ്ങുമ്പോള്‍ എന്റെ എഴുത്ത് ഇഴയുകയല്ല, കലമാനെ പോലെ ഓടുന്നത് ഞാന്‍ കണ്‍മുമ്പില്‍ ഇപ്പോഴും കാണുന്ന യാഥാര്‍ത്ഥ്യമാണ്.
പ്രിയ വായനക്കാരാ, എനിക്ക് ഒന്നേ പറയാനുള്ളൂ; പലവിധ കാര്യങ്ങളില്‍ വ്യഗ്രതപ്പെടാതെ മറിയം തിരഞ്ഞെടുത്തതു പോലെ ഒരു തിരഞ്ഞെടുപ്പ് നടത്തുക. അമ്മയുടെ സന്നിധിയില്‍ പോയി മണിക്കൂറുകള്‍ ചെലവഴിക്കുക. ആ മണിക്കൂറുകള്‍ അവള്‍ ആയിരം മണിക്കൂറുകളാക്കി തിരിച്ചു നല്‍കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?