മരണത്തെ മുഖാമുഖം കണ്ട ആ നിമിഷത്തില്‍ പ്രാര്‍ത്ഥിച്ചതുപോലെ അത്ര ആത്മാര്‍ത്ഥമായി ഡോ. മേരി നീല്‍ ഒരിക്കലും പ്രാര്‍ത്ഥിച്ചിട്ടില്ല. ‘അങ്ങയുടെ ഹിതം എന്റെ ജീവിതത്തില്‍ നിറവേറട്ടെ’എന്ന പ്രാര്‍ത്ഥനയിലൂടെ നീല്‍ തന്റെ ജീവിതം മുഴുവന്‍ ദൈവത്തെ ഭരമേല്‍പ്പിക്കുകയായിരുന്നു. കയാക്കിംഗ് ട്രിപ്പിനിടയില്‍ വെള്ളച്ചാട്ടത്തില്‍ പെട്ട് ബോട്ട് സഹിതം വെള്ളത്തിനടിയിലായ മേരി നീലിനെ ഏകദേശം ഇരുപത് മിനിറ്റിനുശേഷമാണ് ശേഷമാണ് സുഹൃത്തുക്കള്‍ പുറത്തെടുക്കുന്നത്. സാധാരണ ഒരു മനുഷ്യന് ഒരിക്കലും വെള്ളത്തിനടിയില്‍ അതിജീവിക്കാന്‍ കഴിയാത്ത അത്ര സമയത്തിന് ശേഷം…
വെള്ളത്തിനടിയില്‍ വച്ച് ആ പ്രാര്‍ത്ഥന ചൊല്ലി കഴിഞ്ഞ സമയത്ത് മേരി നീലിന് ഭയമോ വേദനയോ ഒന്നുമല്ല അനുഭവപ്പെട്ടത്. മറിച്ച് ക്രിസ്തു പൊതിഞ്ഞു പിടിക്കുന്നതുപോലെ ഒരനുഭവം. താന്‍ ജീവിച്ചാലും മരിച്ചാലും തന്റെ ഭര്‍ത്താവും മക്കളുമെല്ലാം ദൈവകരങ്ങളില്‍ സുരക്ഷിതരായിരിക്കും എന്ന ആശ്വസിപ്പിക്കുന്ന ചിന്തകള്‍. ക്രമേണ തന്റെ ആത്മാവ് ശരീരം വിട്ട് ആ വെള്ളച്ചാട്ടത്തിന്റെ മുകളിലേക്ക് പറന്നുയരുന്നതായി മേരി നീല്‍ തിരിച്ചറിഞ്ഞു. ഈ സമയം സുഹൃത്തുക്കള്‍ തന്റെ ശരീരം കരയ്ക്കടുപ്പിക്കുന്നതും ശ്വാസം നല്‍കാന്‍ ശ്രമിക്കുന്നതെല്ലാം ഡോ. നീല്‍ കാണുന്നുണ്ടായിരുന്നു. താന്‍ മരിച്ചിരിക്കുന്നു എന്ന ബോധ്യം ആ സമയത്താണ് ആദ്യമായി ഉണ്ടായതെന്ന് ഡോക്ടര്‍ ഓര്‍മിക്കുന്നു.
പിന്നീട് ഡോ. നീല്‍ കണ്ടത് സ്വര്‍ഗത്തിലെ കാഴ്ചകളായിരുന്നു. അഭൗമികമായ സൗന്ദര്യമുള്ള പരിശുദ്ധമായ സ്‌നേഹമാണ് മേരി നീല്‍ അവിടെ അനുഭവിച്ചത്. ഭൂമിയിലുള്ള ഒരു ബന്ധത്തോടും സ്‌നേഹത്തോടും തുലനം ചെയ്യാന്‍ കഴിയാത്ത വിധം അത്രമനോഹരമായ അനുഭവമായിരുന്നത്. എന്നാല്‍ ഭൂമിയിലേക്ക് മടങ്ങണമെന്നും ഭൂമിയില്‍ ഇനിയും തനിക്ക് അനവധി കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നുമുള്ള അറിവ് മേരിയെ ദുഃഖിതയാക്കി. ഒന്‍പത് വയസ് മാത്രമുണ്ടായിരുന്ന മകന്‍ അകാലത്തില്‍ മരണമടയുമെന്നും ഇതെല്ലാം ദൈവികപദ്ധതിയുടെ ഭാഗമാണെന്നും സ്വര്‍ഗത്തില്‍ മേരിയെ സ്വീകരിച്ച ആത്മാക്കള്‍ വെളിപ്പെടുത്തി.
ഇത്രയധികം സമയം വെള്ളത്തിനടിയില്‍ കഴിഞ്ഞതിനാല്‍ മരണമോ ബ്രെയിന്‍ ഡെത്തോ സംഭവിച്ചിട്ടുണ്ടാകുമെന്ന് കരുതിയെങ്കിലും ഈ സമയമൊക്കെ മേരിയെ ജീവനിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി സുഹൃത്തുക്കള്‍ സിപിആര്‍ നല്‍കിക്കൊണ്ട് ഇരിക്കുകയായിരുന്നു. ചിലിയിലെ ഉള്‍പ്രദേശത്ത് കയാക്കിംഗ് ട്രിപ്പിലായിരുന്ന മേരിയില്‍ ജീവന്റെ തുടിപ്പുകള്‍ പ്രത്യക്ഷപ്പെട്ട ഉടനെ തന്നെ അവര്‍ക്ക് ആശുപത്രിയിലെത്തിക്കാനും സാധിച്ചത് നിര്‍ണായകമായി. ജീവിതത്തിലേക്ക് തിരികെ വന്ന ഡോ. നീലിന് സാധാരണയായി ഇത്രയും സമയം ഓക്‌സിജന്‍ ലഭിക്കാതിരിക്കുമ്പോള്‍ സംഭവിക്കുന്ന മസ്തിഷ്‌ക തകരാറുകളോ മറ്റ് പ്രശ്‌നങ്ങളോ ഒന്നും ഉണ്ടായില്ല.
കാലുകള്‍ക്കുണ്ടായ പൊട്ടലുകള്‍ ഉള്‍പ്പടെ അപകടത്തിന്റെ ഭാഗമായുണ്ടായ മുറിവുകളെല്ലാം ക്രമേണ സുഖപ്പെട്ടു. എന്നാല്‍ അപ്പോഴും ആരോടും പങ്കുവയ്ക്കാനാവാത്ത വേദനപ്പിക്കുന്ന ആ രഹസ്യം ഡോ. മേരി നീലിന്റെ ഹൃദയത്തെ വരിഞ്ഞുമുറുക്കി. താന്‍ ജീവന് തുല്യം സ്‌നേഹിക്കുന്ന മകന്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് മരണപ്പെടുമെന്ന അറിവ് ആ മാതൃഹൃദയത്തെ കീറിമുറിച്ചു. എങ്കിലും ആ രഹസ്യം ഡോക്ടര്‍ ആരോടും പറഞ്ഞില്ല. ഭര്‍ത്താവിനോട് പോലും… പരിശുദ്ധ അമ്മയെ പോലെ ഡോ. മേരി നീല്‍ എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു.
സാവധാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്ന ഡോ. നീല്‍ തന്റെ ‘നിയര്‍ ഡെത്ത് എക്‌സ്പീരിയന്‍സ്’ വിവരിക്കുന്ന പുസ്തകമായ ‘റ്റു ഹെവന്‍ ആന്‍ഡ് ബാക്ക്’ എന്ന പുസ്തകത്തിന്റെ രചനയില്‍ വ്യാപൃതയായി. മകന്‍ വില്ലിയുടെ 18 – ാമത്തെ ജന്മദിനം അടുക്കുന്തോറും ദൈവം തന്റെ മകനെക്കുറിച്ചുള്ള പദ്ധതിയില്‍ മാറ്റം വരുത്തിയിട്ടുണ്ടാകുമെന്ന പ്രതീക്ഷ ഡോ. നീലില്‍ ശക്തമായി. എന്നാല്‍ പുസ്തകം എഴുതി തീര്‍ന്ന ദിവസം ആ ദുരന്തവാര്‍ത്ത ഡോക്ടറിനെ തേടിയെത്തി. ഒരു വാഹനാപകടത്തില്‍ മകന്‍ വില്ലി മരണമടഞ്ഞിരിക്കുന്നു. സ്വര്‍ഗം മുന്‍കൂറായി നല്‍കിയ അറിയിപ്പൊന്നും ആ മാതൃഹൃദയത്തിന്റെ നൊമ്പരം ശമിപ്പിച്ചില്ല. മകന്റെ കൂടെ ഒരു ദിവസം ചിലവഴിക്കാന്‍ വേണ്ടി തന്റെ ജീവന്‍ തന്നെ നല്‍കാന്‍ തയാറാണെന്ന് ഡോ. മേരി നീല്‍ പറയുന്നു.
എന്നാല്‍ ആ തീവ്രവേദനയുടെ നടുവിലും ഒരു ഉറപ്പ് ഡോ. നീലിനെ ആശ്വസിപ്പിച്ചു – തന്റെ മകന്‍ സ്വര്‍ഗത്തിലാണെന്ന ഉറപ്പ്. ഈ ഭൂമിയിലായിരിക്കുന്നതിനെക്കാള്‍ സന്തോഷമുള്ള അവസ്ഥയിലാണ് വില്ലി ഇന്നുള്ളതെന്ന് മേരിക്ക് മറ്റാരും പറഞ്ഞു നല്‍കേണ്ട ആവശ്യമില്ലായിരുന്നു. കാരണം അത് മേരി തന്നെ അനുഭവിച്ചിട്ടുള്ളതാണല്ലോ. കണ്ടുമുട്ടുന്ന എല്ലാ മനുഷ്യരോടും ഡോ. മേരി നീല്‍ ഇന്ന് പങ്കുവയ്ക്കുന്ന സുവിശേഷവും ഇതു തന്നെയാണ്: ”സ്വര്‍ഗം ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. എല്ലാ മനുഷ്യരെക്കുറിച്ചും ദൈവത്തിന് മനോഹരമായ പദ്ധതി ഉണ്ടെന്നതും സത്യമാണ്. മരണം ഭയപ്പെടേണ്ട ഒരു കാര്യമല്ല. കാരണം നമ്മെ അനന്തമായി സ്‌നേഹിക്കുന്ന ദൈവത്തിന്റെ പക്കലേക്കാണ് മരണത്തിലൂടെ നാം കടന്നുപോകുന്നത്. നിത്യമായ സന്തോഷവും സമാധാനവും അവിടെ നമ്മെ കാത്തിരിക്കുന്നു.”
സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയുടെ (യുഎസ്‌സി) മെഡിക്കല്‍ കോളേജില്‍ സ്‌പൈന്‍ സര്‍ജറി വിഭാഗം ഡയറക്ടറായി സേവനം ചെയ്തിട്ടുള്ള ഡോ. മേരി നീല്‍ യുഎസിലെ അറിയപ്പെടുന്ന ഓര്‍ത്തോപീഡിക്ക് സര്‍ജനാണ്.
Leave a Comment
Your email address will not be published. Required fields are marked with *