Follow Us On

23

November

2024

Saturday

മാര്‍പാപ്പയ്ക്ക് സ്വാഗത ഗാനം ഒരുക്കിയ സംഗീത സംവിധായകന് വിട

മാര്‍പാപ്പയ്ക്ക് സ്വാഗത ഗാനം ഒരുക്കിയ സംഗീത സംവിധായകന് വിട
ബേബി ജോണ്‍ കലയന്താനി
വത്തിക്കാനില്‍വച്ച് 2014 നവംബര്‍ 23ന് ചാവറ പിതാവിന്റെയും എവുപ്രാസ്യയമ്മയുടെയും വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ   കൃതജ്ഞതാ ബലിയര്‍പ്പണ വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ ബലിവേദിയിലേക്ക് വരുമ്പോള്‍-‘വാനില്‍ വാരോളിയില്‍….വെണ്‍മേഘ ചിറകില്‍…..ഈശോ മിശിഹാ ആഗതനാകുന്നു’ എന്ന സ്വാഗത ഗാനമായിരുന്നു ആലപിച്ചത്. ആ ഗാനം ചിട്ടപ്പെടുത്തിയത് ജെയിന്‍ വാഴക്കുളം എന്ന ജെയ്‌മോനായിരുന്നു.
ക്രിസ്തീയ ഭക്തിഗാന രംഗത്ത് ശ്രദ്ധേയനായ സംഗീത സംവിധായകനും ഗാനശുശ്രൂഷകനും ആയിരുന്ന ജെയിന്‍ വാഴക്കുളം കഴിഞ്ഞ ദിവസം തന്റെ 53-മത്തെ വയസില്‍ ദൈവസന്നിധിയിലേക്ക് യാത്രയായി. ശാരീരിക അസ്വസ്ഥകള്‍ മൂലം തൊടുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അവിടെ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
ജയിന്‍ വാഴക്കുളം എന്ന സംഗീത സംവിധായകനെ അധികമാരും അറിയണമെന്നില്ല. എന്നാല്‍, ‘നീയറിയാതെ നിന്‍ നിഴലായി അരികില്‍ വരും ദൈവം…..’ എന്ന ഗാനം ഒരിക്കലെങ്കിലും മൂളാത്തവര്‍ കുറവായിരിക്കും. കേള്‍വിക്കാരുടെ ഹൃദയങ്ങളില്‍ അഭൗമികമായ ദൈവാനുഭവം നിറയ്ക്കുന്ന ഈ ഗാനത്തിന് സംഗീതം നല്‍കിയത് ജയിന്‍ വാഴക്കുളമായിരുന്നു. ഇങ്ങനെയുള്ള നിരവധി ഗാനങ്ങള്‍ക്ക് എന്റെ പ്രിയപ്പെട്ട സുഹൃത്ത് സംഗീതം നല്‍കിയിട്ടുണ്ട്.
തിരുവോസ്തിയില്‍ വാഴുമീശോ
തിരുമുമ്പില്‍ അണയുന്നു ഞങ്ങള്‍
ഉരുകുന്നു ഹൃദയത്തിന്‍ നൊമ്പരങ്ങള്‍
കരതാരില്‍ ഏകുന്നു ഞങ്ങള്‍…
ഇതും ജെയിന്‍ ഈണം നല്‍കിയ പ്രശസ്തമായ മറ്റൊരു ആരാധനഗീതമാണ്. ഇങ്ങനെയുള്ള നിരവധി ഗാനങ്ങള്‍ക്ക് ജെയിന്‍ സംഗീതം പകര്‍ന്നിരുന്നിരുന്നു.  കഴിഞ്ഞ 30 വര്‍ഷമായി ഗാനശുശ്രൂഷയില്‍ ജെയിന്‍ വളരെ സജീവമായിരുന്നു. പ്രശസ്തരായ അനേകം ധ്യാനഗുരുക്കന്മാരോടൊപ്പം വേദികളില്‍ ഗാനശുശ്രൂഷ ചെയ്തിട്ടുണ്ട്.
ജെയിന്റെ ട്യൂണുകള്‍ക്ക് ദൈവാനുഭവത്തിലേക്ക് കേള്‍വിക്കാരെ നയിക്കാന്‍ പ്രത്യേകമായൊരു സിദ്ധി ഉണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതു ദൈവം നല്‍കിയ കൃപയായിരുന്നു എന്ന് അദ്ദേഹത്തെ അടുത്ത് അറിയുന്നവര്‍ക്ക് നിശ്ചയമുണ്ട്.
അധികമൊന്നും സംഗീതം അഭ്യസിക്കാത്ത ജയിന്‍ ദിവ്യകാരുണ്യ സന്നിധിയിലിരുന്ന്  കീബോര്‍ഡില്‍ വിരലുകള്‍ ചേര്‍ത്തുവച്ചപ്പോള്‍ ഒഴുകിയിറങ്ങിയ ട്യൂണാണ് ഇപ്പോഴും അനേകരുടെ ഹൃദയങ്ങളെ ദൈവ സന്നിധിയിലേക്ക് ഉയര്‍ത്തുന്ന ‘നീയറിയാതെ നിന്‍ നിഴലായി അരികില്‍ വരും ദൈവം’ എന്ന ഗാനം.  ആ ഗാനം ആലപിച്ചത് പ്രശസ്ത ഗായകന്‍ ബിജു നാരായണനായിരുന്നു. അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്, ഹൃദയത്തില്‍ തട്ടിയാണ് ഞാന്‍ ആ ഗാനം ആലപിച്ചത് എന്നായിരുന്നു.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്ത് വാഴക്കുളത്ത് ചിറയ്ക്കല്‍ ജോസഫ്-ലില്ലി ദമ്പതികളുടെ മൂത്തമകനാണ് ജെയിന്‍. ഭാര്യ: ഷാന്‍സി, വിദ്യാര്‍ത്ഥികളായ ജെറിന്‍, ജോയല്‍. എന്നിവരാണ് മക്കള്‍.
‘നീയറിയാതെ നിന്‍ നിഴലായി അരികില്‍ വരും ദൈവം’ എന്ന വരികള്‍പ്പോലെ, ജയിന്‍പോലും അറിയാതെ അദ്ദേഹത്തെ ദൈവം കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ദൈവസന്നിധിയില്‍ ഗാനമാലപിക്കാന്‍ യാത്രയായ പ്രിയപ്പെട്ട സ്‌നേഹ ഗായകന് വിട.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?