Follow Us On

11

January

2025

Saturday

വയോധികരെ ശുശ്രൂഷിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണം : മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

വയോധികരെ ശുശ്രൂഷിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണം :  മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍
 ഇടുക്കി: വയോധികരേ ശുശ്രൂഷിക്കുന്ന  സംസ്‌കാരം വളര്‍ത്തിയെടുക്കുവാന്‍ കൂട്ടായി പരിശ്രമിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച നാലാമത് ലോകവയോജന ദിനാചരണത്തിന്റെ രൂപതാതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജീവിത തിരക്കിനിടയില്‍ പ്രായമേറിയ മാതാപിതാക്കള്‍ ഒഴിവാക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുന്ന രീതി വര്‍ധിച്ചുവരുന്ന കാലമാണിത്. വാര്‍ദ്ധക്യത്തില്‍ ആരും ഒറ്റയ്ക്കല്ല എന്ന പ്രതീക്ഷയുടെ സന്ദേശം കൈമാറാന്‍ കഴിയേണ്ടതുണ്ട്. മുതിര്‍ന്ന തലമുറയുടെ കഠിനാധ്വാനവും ത്യാഗപൂര്‍ണ്ണമായ ജീവിതവുമാണ് കുടുംബത്തെയും പൊതുസമൂഹത്തെയും രൂപപ്പെടുത്തുന്നതിന് കാരണമായതെന്ന് പുതുതലമുറ നന്ദിയോടെ സ്മരിക്കണം. കുടുംബങ്ങളില്‍ പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന രീതി കുട്ടികളില്‍ ശീലമാക്കി മാറ്റണം. വയോധികരോടുള്ള ആദരം ആചരണത്തില്‍ അവസാനിക്കാതെ ജീവിത ശൈലിയാക്കി മാറ്റാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 നാലാം ലോകവയോജന ദിനാചരണം ഇടുക്കി രൂപതയില്‍ വിപുലമായ പരിപാടികളോടെ നടത്തി. കനകക്കുന്ന് ഇടവകയില്‍ ഇരുപതോളം വയോജനങ്ങളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അവരെ ആദരിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ കാമാഷി  സെന്റ് ആന്റണീസ് പള്ളിയില്‍ നടന്ന വയോജന ദിനാചരണം രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ ഉദ്ഘാടനം ചെയ്തു.
മിഷന്‍ ലീഗിന്റെയും തിരുബാലസഖ്യത്തിന്റെയും നേതൃ ത്വത്തില്‍ നാലുമുക്ക് ഹോളി ഫാമിലി പള്ളിയില്‍ നടന്ന വയോജന ദിനാചരണത്തിന് രൂപതാ ഡയറക്ടര്‍മാരായ ഫാ. ഫിലിപ്പ് ഐക്കര, ഫാ. അമല്‍ താണോലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കെ സി വൈ എം ന്റെ ആഭിമുഖ്യത്തില്‍ പന്നിയാര്‍കുട്ടി സെന്റ് മേരീസ് പള്ളിയില്‍ നടന്ന ആഘോഷ പരിപാടികള്‍ രൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് നടുപ്പടവില്‍ ഉദ്ഘാടനം ചെയ്തു.
കെസിഎസ്എല്‍ ന്റെ ആഭിമുഖ്യത്തില്‍ നെടുങ്കണ്ടം ആകാശപ്പറവയില്‍ കുട്ടികളും അധ്യാപകരും സന്ദര്‍ശനം നടത്തുകയും അവിടെയുള്ള അന്തേവാസികളെ ആദരിക്കുകയും ചെയ്തു.
എ കെ സി സി യുടെ നേതൃത്വത്തില്‍ ഇരട്ടയാര്‍ അല്‍ഫോന്‍സാ ഭവനില്‍ ലോകവയോജന ദിനാചരണം നടത്തി. ഇടുക്കി രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ വയോജന ദിനാഘോഷം ഉദ്ഘാടനം ചെയ്തു.
മീഡിയാ കമ്മീഷന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ മുരിക്കാശേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ രൂപതാ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരയ്ക്കാട്ട്  ഉദ്ഘാടനം ചെയ്തു. നൂറോളം മാതാപിതാക്കളെ ആദരിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
ഹൈറേഞ്ച് ഡവലപ്‌മെന്റ് സൊസൈറ്റി യുടെ നേതൃത്വത്തില്‍ വാഴത്തോപ്പിലുള്ള ഷന്താള്‍ ഹോം സന്ദര്‍ശിച്ച് അവിടെയുള്ള വരുമായി സംവദിക്കുകയും ചെറിയ സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. രൂപതയിലെ  എല്ലാ ഇടവകകളിലും വിപുലമായ പരിപാടികളോടെ വയോജന ദിനാചരണം നടന്നു.
ഈശോയുടെ വല്യപ്പനും വല്യമ്മയുമായ വി. യോവാക്കീമിന്റെയും വി. അന്നയുടെയും തിരുനാളിനോട് അനുബന്ധിച്ച് എല്ലാവര്‍ഷവും ജൂലൈ മാസത്തെ നാലാമത്തെ ഞായറാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്.  2021 ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ദിനാചരണം ആരംഭിച്ചത്. പരാശ്രയത്വത്തിന്റെ പാതയിലൂടെ നീങ്ങുന്ന മുതിര്‍ന്നവരോട് പുലര്‍ത്തേണ്ട ആദരവും അംഗീകാരവും പുതുതലമുറയെ അറിയിക്കുവാനും തങ്ങള്‍ സ്‌നേഹിക്കപ്പെടുന്നവരാണ് എന്ന അനുഭവം പ്രായമായവര്‍ക്കായി പങ്കുവയ്ക്കുവാനും സാധിക്കണം എന്നതാണ് ഈ ദിനാചരണത്തിന്റെ അന്തസത്ത.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?