Follow Us On

16

September

2024

Monday

മധ്യപ്രദേശില്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് എതിരെ സംഘടിത നീക്കങ്ങള്‍

മധ്യപ്രദേശില്‍ ക്രൈസ്തവ  സ്ഥാപനങ്ങള്‍ക്ക് എതിരെ സംഘടിത നീക്കങ്ങള്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള ശ്രമങ്ങളുമായി തീവ്രഹിന്ദുത്വ സംഘടനകള്‍ രംഗത്ത്. ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അസാധ്യമാക്കുന്നതിനുള്ള സംഘടിതമായ ശ്രമങ്ങളാണ് നടക്കുന്നത്. ബിജെപി ഭരണം നടത്തുന്ന മധ്യപ്രദേശില്‍ പോലീസ് അടക്കമുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ അക്രമികള്‍ക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. എന്നുമാത്രമല്ല, വൈദികരെയും സന്യസ്തരെയും കള്ളക്കേസുകളില്‍ കുടുക്കുന്ന സംഭവങ്ങളും ഏറിവരുന്നു. പരാതിക്കാര്‍ പലപ്പോഴും തീവ്ര വര്‍ഗീയത പ്രചരിപ്പിക്കുന്ന സംഘടനകളുടെ ഭാരവാഹികളോ പ്രവര്‍ത്തകരോ ആണ്.

ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഇംഗ്ലീഷില്‍ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞ അധ്യാപകരായ കന്യാസ്ത്രീമാര്‍ക്കെതിരെ മധ്യപ്രദേശില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത് കഴിഞ്ഞദിവസമായിരുന്നു. മധ്യപ്രദേശിലെ ഗുനയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന വന്ദന കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഇംഗ്ലീഷില്‍ പ്രാര്‍ത്ഥന ചൊല്ലാന്‍ നിര്‍ബന്ധിച്ചു എന്നാരോപിച്ച് കന്യാസ്ത്രീമാര്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തി എന്ന വകുപ്പുപ്രകാരം കേസ് എടുത്തിരിക്കുകയാണ്. സാഗര്‍ രൂപതയില്‍ സിസ്റ്റേഴ്‌സ് ഓഫ് എലിസബത്ത് കോണ്‍ഗ്രിഗേഷന്റെ കീഴില്‍ കഴിഞ്ഞ 50 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന പ്രശസ്തമായ ഈ സ്ഥാപനത്തില്‍ 3700 കുട്ടികള്‍ പഠിക്കുന്നുണ്ട്.

പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ കാതറിന്‍ വട്ടോളി, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ രശ്മി കുഴിയില്‍, സ്‌കൂള്‍ മാനേജ്‌മെന്റ് എന്നിവരെയാണ് കേസില്‍ പ്രതികളാക്കിയിരിക്കുന്നത്. ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയാണ് കേസ് നല്‍കിയിരിക്കുന്നത്.
ക്രൈസ്തവസ്‌കൂളുകളുടെ സത്‌പേര് തകര്‍ക്കുക എന്ന ഗൂഡലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണിതെന്ന് സാഗര്‍ രൂപത ബിഷപ് ഡോ. ജെയിംസ് അത്തിക്കളം പറഞ്ഞു.

മധ്യപ്രദേശിലെ ജബല്‍പൂര്‍ രൂപതാ വൈദികനായ ഫാ. അബ്രാഹം താഴത്തേടത്തും ഒരു പ്രൊട്ടസ്റ്റന്റ് ബിഷപ്പും അഞ്ച് ക്രിസ്ത്യന്‍ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരുമടക്കം 14 പേര്‍ രണ്ടു മാസമായി ജാമ്യം ലഭിക്കാതെ ജയിലിലാണ്. വിദ്യാര്‍ത്ഥികളില്‍നിന്നും ഈടാക്കിയ വര്‍ധിപ്പിച്ച ഫീസ് തിരികെ നല്‍കണമെന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവിനെതിരെ നിലപാടു സ്വീകരിച്ചതിന്റെ പേരില്‍ ഇവരുടെ പേരില്‍ കള്ളക്കേസുകള്‍ എടുക്കുകയായിരുന്നു.

ഫീസ് വര്‍ധനവിന്റെ എല്ലാ വ്യവസ്ഥകളും പാലിച്ചിരുന്നുവെന്നും അമിത ഫീസ് വാങ്ങിയിട്ടില്ലെന്നും ജബല്‍പൂര്‍ രൂപതാ ഭാരവാഹികള്‍ അറിയിച്ചു. ജില്ല വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവിനെതിരെ ജബല്‍പൂര്‍ രൂപത മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഇംഗ്ലീഷില്‍ പ്രാര്‍ത്ഥന ചൊല്ലാന്‍ ആവശ്യപ്പെട്ടതിനെതിരെയും ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ടും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസുകള്‍ എടുത്തു എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ ആരിലും ഞെട്ടല്‍ ഉണ്ടാകും. വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി പൊതുജനമധ്യത്തില്‍ സ്ഥാപനങ്ങളുടെ സത്‌പേര് നശിപ്പിക്കാന്‍ നോക്കുന്നത് മിഷനറിമാരെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?