പാരിസ്: 24 ഗ്രാന്റ് സ്ലാം മത്സരങ്ങള്‍ വിജയിച്ച ടെന്നീസ് ഇതിഹാസം നൊവാക്ക് ജോക്കോവിക്കിന് എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നു പാരിസ് ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ എന്നറിയണമെങ്കില്‍ ഫൈനല്‍ വിജയത്തിന് ശേഷം അദ്ദേഹം നടത്തിയ വികാരനിര്‍ഭരമായ ആഹ്ലാദപ്രകടനം ശ്രദ്ധിച്ചാല്‍ മതി. 2008-ല്‍ 21 ാമത്തെ വയസില്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിക്കൊണ്ട് ജൈത്രയാത്ര ആരംഭിച്ച ജോക്കോവിക്ക് 24 ഗ്രാന്റ്സ്ലാം മത്സരങ്ങള്‍ വിജയിച്ച് ഈ നേട്ടം സ്വന്തമാക്കിയ ഏക പുരുഷതാരമായി മാറിയപ്പോഴും ഒളിമ്പിക്‌സ് സ്വര്‍ണം എന്ന നേട്ടം കിട്ടാക്കനിയായി തുടര്‍ന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ മാസം വിമ്പിള്‍ഡണ്‍ ഫൈനലില്‍ തന്നെ തോല്‍പ്പിച്ച കാര്‍ലോസ് അള്‍ക്കാരസുമായുള്ള വാശിയേറിയ ഫൈനല്‍ മത്സരവും ജോക്കോവിക്കിന് ഏറെ പിരിമുറുക്കം നിറഞ്ഞതായിരുന്നു.
ഒടുവില്‍ 37ാം വയസില്‍ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായമേറിയ താരമായി ഒളിമ്പിക്‌സ് സ്വര്‍ണത്തില്‍ മുത്തമിട്ടപ്പോള്‍ ത്രിത്വസ്തുതി അടയാളം വരച്ചുകൊണ്ട് കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി ജോക്കോവിക്ക് ദൈവത്തിന് നന്ദി പറഞ്ഞു. സെമിഫൈനല്‍ വിജയിച്ചപ്പോഴും രണ്ടാം റൗണ്ടില്‍ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തിയപ്പോഴും സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് വിശ്വാസിയായ ജോക്കോവിക്ക് കുരിശുമുത്തി പരസ്യമായി ദൈവത്തിന് നന്ദി പ്രകടിപ്പിച്ചിരുന്നു. ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച രംഗങ്ങള്‍ക്ക് സാക്ഷിയായ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് പരിഹാരമെന്നവണ്ണം കായികതാരങ്ങള്‍ തന്നെ ദൈവത്തിന് നന്ദിയും മഹത്വവും പ്രകടിപ്പിക്കുന്ന നിരവധി രംഗങ്ങള്‍ക്കാണ് ഇപ്പോള്‍ ഒളിമ്പിക്‌സ് ഗ്രാമം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *