Follow Us On

22

December

2024

Sunday

ബെയ്‌റൂട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ മാര്‍പാപ്പാ ആശ്വസിപ്പിച്ചു.

ബെയ്‌റൂട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ മാര്‍പാപ്പാ ആശ്വസിപ്പിച്ചു.

2020 ഓഗസ്റ്റ് 4 ന് ബെയ്‌റൂട്ട് തുറമുഖത്തെയും നഗരത്തിന്റെ ഒരു ഭാഗത്തെയും തകര്‍ത്ത് 235 പേരുടെ മരണത്തിനും 6,500 പേര്‍ക്ക് ഗുരുതര പരിക്കുകള്‍ക്കും ഇടവരുത്തിയ സ്‌ഫോടനത്തില്‍ ഇരകളായവരുടെ കുടുംബാംഗങ്ങളെ ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ സ്വീകരിക്കുകയും വാത്സല്യത്തോടെ ആശ്വസിപ്പിക്കുകയും ചെയ്തു. ‘പീഡിതരായ ജനതയാണ് ലെബനനിലേത്’ എന്ന്  പാപ്പാ അനുസ്മരിച്ചു. സ്‌ഫോടനത്തില്‍ ഇരകളായവര്‍ക്കുവേണ്ടി താന്‍ പ്രാര്‍ത്ഥിച്ചുവെന്നും, തന്റെ പ്രാര്‍ത്ഥനകള്‍ ഇന്നും തുടരുന്നുവെന്നും പാപ്പാ പ്രത്യേകം എടുത്തു പറഞ്ഞു.

സ്‌ഫോടനത്തില്‍ മരണമടഞ്ഞ ഓരോ വ്യക്തികളെയും സ്വര്‍ഗ്ഗസ്ഥനായ പിതാവ് വ്യക്തിപരമായി അറിയുന്നുണ്ടെന്നും, ഇന്ന് സ്വര്‍ഗത്തില്‍ നിന്നുകൊണ്ട് അവര്‍ ലെബനന്‍ ജനതയുടെ കഷ്ടപ്പാടുകള്‍ കണ്ടുകൊണ്ട് നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരസ്പരവിരുദ്ധമായ ശക്തികളും താല്‍പ്പര്യങ്ങളും ഉടലെടുക്കുന്ന ലെബനന്‍ സമൂഹത്തില്‍ സത്യവും നീതിയും എല്ലാറ്റിനും മേല്‍ ആധിപത്യം പുലര്‍ത്തണമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ‘ലെബനനിലും, പലസ്തീനിലും, ഇസ്രായേലിലും യുദ്ധം കാരണം ഓരോ ദിവസവും നിരവധി നിരപരാധികള്‍  മരിക്കുന്നതു  കാണുന്നതിന്റെ വേദന  അവരോടൊപ്പം  താനും അനുഭവിക്കുന്നു’വെന്ന് പാപ്പാ പറഞ്ഞു.

‘യുദ്ധം എല്ലായ്‌പ്പോഴും ഒരു പരാജയമാണ്, രാഷ്ട്രീയത്തിന്റെ പരാജയമാണ്, മാനവികതയുടെ പരാജയമാണ്, ലജ്ജാകരമായ കീഴടങ്ങലാണ്’, പാപ്പാ പറഞ്ഞു. ലെബനന്‍ ഒരു സമാധാന പദ്ധതിയാണെന്നുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ വാക്കുകളും ഫ്രാന്‍സിസ് പാപ്പാ ഉദ്ധരിച്ചു. വ്യത്യസ്ത സമുദായങ്ങള്‍ സഹവര്‍ത്തിത്വം പുലര്‍ത്തുന്ന, പ്രത്യേക നേട്ടങ്ങള്‍ക്ക് മുന്നില്‍ പൊതുനന്മയ്ക്ക് പ്രാധാന്യം നല്‍കുന്ന സാഹോദര്യത്തിന്റെ നാടാണ് ലെബനന്‍ എന്നും പാപ്പാ എടുത്തുപറഞ്ഞു. അതിനാല്‍ നിരാശപ്പെടുത്താത്ത ദൈവത്തിലുള്ള പ്രത്യാശയില്‍ മുന്‍പോട്ടു പോകുവാന്‍ ആഹ്വാനം ചെയ്തു. തന്റെ പ്രാര്‍ത്ഥനകളില്‍ എപ്പോഴും ലെബനന്‍ ജനതയുണ്ടാകുമെന്ന ഉറപ്പും പാപ്പാ നല്‍കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?