Follow Us On

23

December

2024

Monday

പ്രകൃതിദുരന്തങ്ങള്‍; കര്‍ഷകരെ ബലിയാടാക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം: സീറോ മലബാര്‍ സഭ

പ്രകൃതിദുരന്തങ്ങള്‍; കര്‍ഷകരെ ബലിയാടാക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം: സീറോ മലബാര്‍ സഭ
കാക്കനാട്: ആഗോളതാപനം വഴിയുള്ള അതിവര്‍ഷം തുടങ്ങി പ്രകൃതിദുരന്തങ്ങളുടെ യഥാര്‍ത്ഥകാരണം വിശദീകരിക്കുന്ന ശാസ്ത്രീയപഠനങ്ങളെ നിരാകരിച്ചുകൊണ്ട് കര്‍ഷകരെ ബലിയാടാക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹവും തിരുത്തപ്പെടേണ്ടതുമാണെന്ന് സീറോമലബാര്‍ സഭയുടെ 32-ാമതു സിനഡിന്റെ മൂന്നാം സമ്മേളനം വ്യക്തമാക്കി.
പ്രകൃതിദുരന്തങ്ങളുടെ മറവില്‍ കര്‍ഷകദ്രോഹപരമായ നടപടികളാരംഭിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങള്‍ അപലപനീയമാണ്. പരിസ്ഥിതിലോലപ്രദേശങ്ങളായി കേരളത്തിലെ 131 വില്ലേജുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം മലയോര കര്‍ഷകരില്‍ ഏറെ ആശങ്കയുളവാക്കുന്നുണ്ട്. ആയുസു മുഴുവനും അധ്വാനിച്ചുണ്ടാക്കിയ സ്വന്തം കൃഷിഭൂമി മൂല്യരഹിതമായിത്തീരുന്ന ദയനീയമായ സാഹചര്യമാണ് ഈ വിജ്ഞാപനംവഴി കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്.  ഇക്കാര്യത്തില്‍ കര്‍ഷകരുടെ ആശങ്കയകറ്റാനുള്ള വ്യക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് സിനഡാനന്തര സര്‍ക്കുലറില്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ ഡാമിന്റെ കാലപ്പഴക്കംമൂലമുള്ള ദുര്‍ബലാവസ്ഥ കേരളത്തിന്റെ മൂന്നിലൊരു ഭാഗത്തിന് നാശംവരുത്താന്‍ പര്യാപ്തമായ ഭീഷണിയായി വളര്‍ന്നിട്ടുണ്ട്. ‘തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷിതത്വവുമെന്ന’ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള സത്വരനടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് സഭാ അസംബ്ലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ന്യൂനപക്ഷമായ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനോ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനോ സര്‍ക്കാര്‍ നാളിതുവരെ യാതൊന്നും ചെയ്തില്ല എന്ന സത്യം ക്രൈസ്തവ സമൂഹത്തെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സുതാര്യവും നീതിപൂര്‍വകവുമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് മാര്‍ തട്ടില്‍ ആവശ്യപ്പെട്ടു.

കുടുംബപ്രാര്‍ത്ഥന

നമ്മുടെ കുടുംബങ്ങളുടെ ശക്തികേന്ദ്രം നിത്യേനയുള്ള കുടുംബപ്രാര്‍ത്ഥനകളായിരുന്നു. തലമുറകളെ വിശ്വാസപാരമ്പര്യത്തിലും സഭാസ്‌നേഹത്തിലും നിലനിര്‍ത്തുന്നതില്‍ കുടുംബപ്രാര്‍ത്ഥനയ്ക്കുള്ള പങ്ക് വലുതാണ്. എന്നാല്‍ ജോലിത്തിരക്കുകള്‍മൂലം കുടുംബാംഗങ്ങള്‍ വിവിധ ദേശങ്ങളിലായിരിക്കുന്ന സാഹചര്യത്തിലും നമ്മുടെ പവിത്രമായ കുടുംബപ്രാര്‍ത്ഥനാസംസ്‌കാരത്തിന് കുറവു വന്നിട്ടുള്ളതായി സിനഡ് വിലയിരുത്തി. നമ്മുടെ കുടുംബങ്ങളുടെ കൂട്ടായ്മയെയും നിലനില്‍പിനെയും പരിപോഷിപ്പിക്കുന്ന കുടുംബപ്രാര്‍ത്ഥനാരീതി അവികലമായി നിലനിര്‍ത്തുവാന്‍ എല്ലാ കുടുംബാംഗങ്ങളും പരിശ്രമിക്കണം സിനഡ് ഓര്‍മിപ്പിച്ചു.

ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണം

ഏകീകൃത കുര്‍ബാനക്രമം എല്ലാ രൂപതകളിലും നടപ്പിലാക്കാനുള്ള 2012-ലെ സിനഡു തീരുമാനം സഭയിലുടനീളം മാറ്റമില്ലാതെ തുടരുന്നതാണ്. സിനഡു തീരുമാനം നടപ്പിലാക്കാനുള്ള അജപാലനപരമായ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നതിനാല്‍ എറണാകുളം-അങ്കമാലി അതിരൂപതയെ മനസിലാക്കാനും പിതൃസഹജമായ സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കാനുമാണ് സിനഡ് ശ്രമിച്ചത്. ഇതിന്റെ ഞായറാഴ്ചകളിലും കടമുള്ള മുറ്റു ദിവസങ്ങളിലും ഒരു കുര്‍ബാനയെങ്കിലും ഏകീകൃതരീതിയില്‍ ചൊല്ലിത്തുടങ്ങുന്ന പള്ളികളിലെ വൈദികര്‍ക്ക് സഭാപരമായ നടപടികളില്‍നിന്നു താല്‍ക്കാലികമായി ഇളവു നല്‍കുമെന്ന് അറിയിച്ചിരുന്നു.
ഏകീകൃത കുര്‍ബാനയര്‍പ്പണം അതിരൂപത മുഴുവനിലും നടപ്പിലാക്കാനായി ബോധവല്‍ക്കരണത്തിനുവേണ്ടിയുള്ള സാവകാശമായിട്ടാണ് ഇളവു നല്‍കിയത്. ഈ നിര്‍ദേശം നൂറിലധികം പള്ളികളില്‍ നടപ്പിലായെങ്കിലും അതിരൂപതിലെ മറ്റു പള്ളികള്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന വൈമുഖ്യത്തെ യാതൊരുവിധത്തിലും നീതീകരിക്കാനാവില്ല. ഇത്തരം നിലപാടുകള്‍ കുറ്റകരമായി കണ്ടു നടപടികള്‍ സ്വീകരിക്കുന്നതാണ്. ഏകീകൃത കുര്‍ബാനയര്‍പ്പണരീതി നടപ്പിലാക്കിയ പള്ളികളില്‍ പലതിലും ആത്മാര്‍ത്ഥമായ സമീപനം പ്രകടമായില്ല എന്ന പരാതി നിലവിലുണ്ട്. ഒരുമിച്ചു നടക്കാനുള്ള സിനഡിന്റെ പരിശ്രമങ്ങളെ ശരിയായ അര്‍ത്ഥത്തില്‍ മനസിലാക്കി സഹകരിക്കാന്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരോടും സമര്‍പ്പിതരോടും അല്മായരോടും സിനഡ് ആവശ്യപ്പെട്ടു.

ജൂബിലി വര്‍ഷം

ഈശോയുടെ ജനനത്തിന്റെ അനുസ്മരണമായി രണ്ടായിരത്തി ഇരുപത്തിയഞ്ചാം ആണ്ടിനെ സാധാരണ ജൂബിലിവര്‍ഷമായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചിരിക്കുകയാണ്. 2024 ഡിസംബര്‍ മാസം ജൂബിലിക്ക് അടുത്ത ഒരുക്കത്തിനായുള്ള പ്രാര്‍ത്ഥനാദിനങ്ങളായി ആചരിക്കണം.
2024 ഡിസംബര്‍ 24-ന് രാത്രി എല്ലാ കത്തീഡ്രല്‍പള്ളികളിലും തുടര്‍ന്നുവരുന്ന ഞായറാഴ്ച എല്ലാ ഇടവകപ്പള്ളികളിലും ജൂബിലിവര്‍ഷം ജൂബിലിത്തിരി തെളിച്ച് ഉദ്ഘാടനം ചെയ്യുന്നതാണ്. ജൂബിലിവര്‍ഷത്തിന്റെ ലോഗോ ഉള്‍പ്പെടുന്ന ഫലകം എല്ലാ പള്ളളികളിലും സ്ഥാപിക്കേണ്ടതാണ്. സഭയിലുടനീളം പ്രത്യാശയുടെ പുതിയ പ്രകാശം പരക്കാനും കൂട്ടായ്മയുടെയും സഭാസ്‌നേഹത്തിന്റെയും പുതിയ വസന്തം വിരിയാനും ജൂബിലിവര്‍ഷം നിമിത്തമാകട്ടെ എന്ന് സര്‍ക്കുലറില്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആശംസിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?