Follow Us On

03

February

2025

Monday

വ്യാജ മതപരിവര്‍ത്തന കേസ്; പോലീസിന് കോടതിയുടെ വിമര്‍ശനം

വ്യാജ മതപരിവര്‍ത്തന കേസ്;  പോലീസിന് കോടതിയുടെ വിമര്‍ശനം

ലക്‌നൗ: ക്രൈസ്തവ പീഡനങ്ങള്‍ക്ക് പേരുകേട്ട ഉത്തര്‍പ്രദേശില്‍ വ്യാജമതപരിവര്‍ത്തന കേസ് എടുത്ത് നിരപരാധികളെ ബുദ്ധിമുട്ടിച്ചതിന് പോലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രതിയെ വെറുതെവിട്ട കോടതി അദ്ദേഹത്തിന് നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.
മതപരിവര്‍ത്തനനിരോധന നിയമമനുസരിച്ച് കേസ് എടുത്ത് ആ വ്യക്തിയുടെ സല്‍പേരിനുകളങ്കമുണ്ടാക്കുകയും ജോലി നഷ്ടപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായിരുന്നു പ്രതിയായ അഭിക്ഷേക് ഗുപ്ത. മെയ് 29, 2022 ലാണ് ഹിന്ദുജാഗര മഞ്ച് ബരേലി ജില്ലാ പ്രസിഡന്റായ ഹിമാന്‍ഷു പാട്ടേല്‍, അഭിേഷക് ഗുപ്തക്കെതിരെ വീട്ടില്‍ 8 അംഗ സംഘം മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് പരാതി കൊടുത്തത്. ആദ്യം പോലീസ് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമമനുസരിച്ച് അഭിക്ഷേക് ഗുപ്തയെ അറസ്റ്റ് ചെയ്തു. പിന്നീട് അദ്ദേഹം സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടായിരുന്ന സുഹൃത്ത് കുന്ദന്‍ലാലിനെയും പോലീസ് അറസ്റ്റ് ചെയ്തു. അതിനെത്തുടര്‍ന്ന് ഗുപ്തയ്ക്ക് ജോലി നഷ്ടമാകുകയും സ്‌കൂളിലെ ഫീസ് നല്‍കാന്‍ കഴിയാത്തതിനാല്‍ കുട്ടികളെ വേറെ സ്‌കൂളിലേക്ക് മാറ്റുവാനും നിര്‍ബന്ധിതമായി.

പോലീസ് രാഷ്ട്രീയനേതാക്കളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഇങ്ങനെ പ്രവര്‍ത്തിച്ചതെന്നും കഥകള്‍ മെനഞ്ഞും കെട്ടിച്ചമച്ചും എടുത്ത കേസ് കോടതിയുടെയും പോലീസിന്റെയും സമയവും പണവും നഷ്ടപ്പെടുത്തിയെന്നും കോടതി വിലയിരുത്തി. പോലീസിന്റെ പ്രവര്‍ത്തനം രണ്ട് വ്യക്തികള്‍ക്ക് പരിഹരിക്കാനാവാത്ത നഷ്ടം വരുത്തിയെന്നും പോലീസ് സീനിയര്‍ സൂപ്രണ്ടിനോട് ഉചിതമായ നടപടി പരാതിക്കാരനും മൂന്ന് സാക്ഷികള്‍ക്കുമെതിരെ സ്വീകരിക്കുവാനും കോടതി നിര്‍ദ്ദേശിച്ചു. അഭിഷേക് ഗുപ്തയെ വെറുതെ വിട്ട കോടതി പോലീസ് ഓഫീസര്‍ക്കും മുന്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്, ജൂറിസ്ട്രിക്ഷണല്‍ ഓഫീസര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കുവാനും ഉത്തരവിടുകയായിരുന്നു.

നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുയാണെന്നും താന്‍ ക്രിസ്തുമതം സ്വീകരിച്ചിട്ടില്ലയെന്നും എന്നാല്‍ താന്‍ ക്രിസ്തുവിന്റെ പ്രബോധനങ്ങളനുസരിച്ചാണ് ജീവിക്കുന്നതെന്നും ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.
നാല്‍പത് ദിവസത്തെ ജയില്‍വാസത്തിനിടിയല്‍ ദൈവത്തിന്റെ കരം തന്നെ സംരക്ഷിച്ചുവെന്നും സ്വന്തം കുടുംബാംഗങ്ങള്‍പോലും കൈയൊഴിഞ്ഞപ്പോള്‍ ദൈവം സംരക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനങ്ങളില്‍ മുന്‍നിരയിലാണ് ഉത്തര്‍പ്രദേശ്. ആദ്യമായിട്ടാണ് കെട്ടിച്ചമച്ച കേസുകള്‍ക്കെതിരെ കോടതി ഇത്ര ശക്തമായ നിലപാടെടുത്തത്. ഇതുപോലെയുള്ള നിരവധി കേസുകള്‍ ഇപ്പോഴും കോടതിയില്‍ കെട്ടിക്കിടക്കുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?