Follow Us On

22

November

2024

Friday

ചിറ്റിലപ്പിള്ളി പിതാവിന്റെ ഊര്‍ജം വിശുദ്ധ കുര്‍ബാന: മാര്‍ റാഫേല്‍ തട്ടില്‍

ചിറ്റിലപ്പിള്ളി പിതാവിന്റെ ഊര്‍ജം വിശുദ്ധ കുര്‍ബാന: മാര്‍ റാഫേല്‍ തട്ടില്‍
താമരശേരി: വിശുദ്ധ കുര്‍ബാനയായിരുന്നു ചിറ്റിലപ്പിള്ളി പിതാവിന്റെ ഊര്‍ജമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ നാലാം ചരമ വാര്‍ഷിക ദിനത്തില്‍ താമരശേരി മേരിമാതാ കത്തീഡ്രലില്‍ ദിവ്യബലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ചുബിഷപ്.
പരിശുദ്ധ കുര്‍ബാനയോടു ചേര്‍ന്നു നിന്ന മനുഷ്യനായിരുന്നു അദ്ദേഹം. സീറോ മലബാര്‍ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കുന്നതില്‍ ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചു; മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. മറിയം ഈശോയെ ഉദരത്തില്‍ സ്വീകരിച്ചതു പോലെയാണ് ചിറ്റിലപ്പിള്ളി പിതാവ് കല്യാണ്‍ രൂപതയെ സ്വീകരിച്ചത്. ഇന്ന് സീറോ മലബാര്‍ സഭയിലെ മികച്ച രൂപതകളിലൊന്നാണ് കല്യാണ്‍. ചിറ്റിലപ്പിള്ളി പിതാവിന്റെ കണ്ണീരും വിയര്‍പ്പും അധ്വാനവുമാണ് അതിനു പിന്നില്‍; അദ്ദേഹം അനുസ്മരിച്ചു.
ചിറ്റിലപ്പിള്ളി പിതാവിലൂടെ താമരശേരി രൂപതയ്ക്കു ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനുള്ള അവസരമാണ് അദ്ദേഹത്തിന്റെ ഓര്‍മദിനമെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.
താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രാഹം വയലില്‍, സീറോ മലബാര്‍ സഭ കൂരിയാ ചാന്‍സലര്‍ ഫാ. അബ്രാഹം കാവില്‍പുരയിടത്തില്‍, എംസിബിഎസ് കോഴിക്കോട് സിയോന്‍ പ്രൊവിന്‍ഷ്യല്‍ ഫാ. മാത്യു ഓലിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
വൈദികരും സന്യസ്തരും ഇടവക പ്രതിനിധികളും ദിവ്യബലിയിലും അനുസ്മരണ ശുശ്രൂഷയില്‍ പങ്കുചേര്‍ന്നു. പാസ്റ്ററല്‍ സെക്രട്ടറി ബെന്നി ലൂക്കോസ് നന്ദി പറഞ്ഞു. താമരശേരി രൂപതാ ചാന്‍സിലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, പ്രൊക്കുറേറ്റര്‍ ഫാ. കുര്യാക്കോസ് മുഖാല, താമരശേരി മേരി മാതാ കത്തീഡ്രല്‍ വികാരി ഫാ. മാത്യു പുളിമൂട്ടില്‍, അസിസ്റ്റന്റ് വികാരി ജോര്‍ജ്ജ് നരിവേലില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?