Follow Us On

05

May

2025

Monday

അധ്യാപക ദിനത്തില്‍ വേറിട്ട മാതൃകയുമായി ഒരു അധ്യാപകന്‍

അധ്യാപക ദിനത്തില്‍ വേറിട്ട മാതൃകയുമായി ഒരു അധ്യാപകന്‍
തൃശൂര്‍: രക്തദാനം നടത്തിയാണ് തൃശൂര്‍ സെന്റ് തോമസ് കോളജിലെ ഊര്‍ജതന്ത്ര അധ്യാപകന്‍ ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ അധ്യാപകദിനത്തെ എതിരേറ്റത്. അദ്ദേഹം നടത്തുന്ന 56-ാമത് രക്തദാനമായിരുന്നു അത്. ഈ അധ്യാപകന്‍ രക്തദാന രംഗത്ത് നിറസാന്നിധ്യമായിയിട്ട് രണ്ടരപതിറ്റാണ്ടായി. പ്രീഡിഗ്രിക്ക് തൃശൂര്‍ സെന്റ് തോമസ് കോളജില്‍ പഠിക്കുന്ന കാലത്ത് തന്റെ സഹപാഠിയുടെ അമ്മയുടെ ഓപ്പറേഷനുവേണ്ടിയാണ് ആദ്യമായി രക്തം ദാനം ചെയ്തത്. പിന്നീട് അതു ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു.
തൃശൂര്‍ ഐഎംഎ ബ്ലഡ് ബാങ്ക്, തൃശൂര്‍ ജില്ലാ ആശുപത്രി, അമല മെഡിക്കല്‍ കോളജ്, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് എന്നിവരുമായി സഹകരിച്ച് ഇതിനകം ഇരുപതിലധികം രക്തദാന ക്യാമ്പുകള്‍ പറപ്പൂരിലും തൃശൂരിലുമായി സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ അടിയന്തിര ആവശ്യങ്ങളില്‍ രക്ത ദാന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തുവരുന്നു. സുഹൃത്തുക്കളും വിദ്യാര്‍ത്ഥികളും പിന്തുണയുമായി ഒപ്പമുണ്ട്.
ജില്ലയിലെ രക്തദാനാവശ്യങ്ങളില്‍ ഏവരും ആശ്രയിക്കുന്ന സെന്റ് തോമസ് കോളജിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍കൂടിയായ ഡോ. ഡെയ്‌സന്‍ രക്തദാന ബോധവല്‍ക്കരണരംഗത്തും സജീവമാണ്. സാമൂഹ്യപ്രവര്‍ത്തകനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും അറിയപ്പെടുന്ന അധ്യാപകന്‍കൂടിയായ ഇദ്ദേഹത്തിന് 25 തവണ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ രക്തദാനം നിര്‍വഹിച്ചതിനുള്ള പുരസ്‌കാരവും നേരത്തെ ലഭിച്ചിട്ടുണ്ട്.
ഈ വര്‍ഷത്തെ ലോക രക്തദാനദിനത്തോടനുബന്ധിച്ച് സെന്റ് തോമസ് കോളജില്‍ ഐഎംഎ ക്രമീകരിച്ച പരിപാടിയില്‍ മോഡല്‍ വോളന്ററി ബ്ലഡ് ഡോണര്‍ അവാര്‍ഡും അന്നേദിവസംതന്നെ ജില്ലാ ആശുപത്രിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ റിപ്പീറ്റ് ബ്ലഡ് ഡോണര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.
അക്കാദമികരംഗത്തും സാഹിത്യരംഗത്തും കരിയര്‍ മേഖലയിലുമായി എട്ട് പുസ്തകങ്ങളുടെ രചയിതാവും വിവിധ മലയാള ദിനപത്രങ്ങളിലെ എഴുത്തുകാരനുമായ ഇദ്ദേഹത്തിന് സഹൃദയ വേദിയുടെ 2022-ലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനായ അധ്യാപകനുള്ള അവാര്‍ഡ്, 2023-ലെ മികച്ച ലേഖന സമാഹാരത്തിനുള്ള യു.എ ഖാദര്‍ ഭാഷാശ്രീ സാഹിത്യ അവാര്‍ഡ്, 2024-ലെ തൃശൂര്‍ റോട്ടറി ക്ലബിന്റെ ലിറ്റററി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?