Follow Us On

08

October

2024

Tuesday

സുഹൃത്തേ, ആറടി മണ്ണുപോലും സ്വന്തമായി കിട്ടില്ല

സുഹൃത്തേ,  ആറടി മണ്ണുപോലും  സ്വന്തമായി കിട്ടില്ല

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

ആറടി മണ്ണ്. തലമുറകളായി ഉപയോഗിച്ചു വരുന്ന പ്രയോഗമാണ്. രണ്ടു വാക്കുകളും കൂടി കൂട്ടിക്കെട്ടിയാല്‍ ആറടിമണ്ണ് എന്ന് ഒറ്റവാക്കായും പറയാം. എന്താണീ അഥവാ ഏതാണീ ആറടിമണ്ണ്. ഓരോ മനുഷ്യന്റെയും ശവകുടീരം എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ശവക്കുഴിയുടെ ഏകദേശ നീളമാണ് ആറടി. രണ്ടോ മൂന്നോ അടി വീതിയും കാണും. ഇവിടെക്കിടന്ന് എന്തൊക്കെ കളികള്‍ കളിച്ചാലും എത്ര ഭൂമിയോ സ്വത്തോ സ്വന്തമായി വച്ചാലും അവസാനം കിട്ടാന്‍ പോകുന്നത് ആറടിമണ്ണുമാത്രം എന്നാണ് അര്‍ത്ഥം. കിട്ടുന്ന ഈ ആറടിമണ്ണ് നമ്മള്‍ സമ്പാദിച്ച ഭൂമിയുടെ ഒരു ഭാഗത്ത് ആയിരിക്കുകയുമില്ല. ഈ ആറടിമണ്ണ് കിട്ടാന്‍ പോകുന്നത് സെമിത്തേരിയില്‍ ആയിരിക്കും.

താന്‍ സമ്പാദിക്കുന്ന ഭൂമിയില്‍നിന്ന്, അഥവാ തനിക്ക് അവകാശമായി കിട്ടിയ ഭൂമിയില്‍നിന്ന് ആറടിമണ്ണ് തനിക്ക് സ്വന്തമായി കിട്ടുമെന്ന് ആരും സമാശ്വസിക്കുകയോ വ്യാമോഹിക്കുകയോ വേണ്ടെന്നു ചുരുക്കം. ഏതെങ്കിലും അനേകം മൃതശരീരങ്ങള്‍ ചീഞ്ഞളിഞ്ഞ് അലിഞ്ഞുചേര്‍ന്ന, ഇനിയും അനേക മൃതശരീരങ്ങള്‍ ചീഞ്ഞളിഞ്ഞ് അലിഞ്ഞുചേരാനുള്ള സെമിത്തേരിയില്‍ ഒരു ആറടിമണ്ണ്!
എന്നാല്‍ ഞാന്‍ പറയട്ടെ, എനിക്കും നിനക്കും ആറടിമണ്ണുപോലും കിട്ടുമെന്ന് ഉറപ്പില്ല. കാരണങ്ങള്‍ പറയാം. ഒന്ന്, പലരും മൃതദേഹങ്ങള്‍ ദഹിപ്പിക്കുകയാണ്. ഒരേ സ്ഥലത്ത് ഉണ്ടാക്കുന്ന ചുടലയില്‍ എണ്ണിയാല്‍ ഒടുങ്ങാത്ത മൃതശരീരങ്ങള്‍ ദഹിപ്പിക്കുന്നു. ചിത കൂട്ടുന്നു, ദഹിപ്പിക്കുന്നു, അവശിഷ്ടങ്ങള്‍ മാറ്റുന്നു, വീണ്ടും ചിത കൂട്ടുന്നു, വീണ്ടും ദഹിപ്പിക്കുന്നു, വീണ്ടും അവശിഷ്ടങ്ങള്‍ മാറ്റുന്നു. അല്ലെങ്കില്‍ വൈദ്യുതി ശ്മാശനത്തില്‍ വൈദ്യുതി അടുപ്പില്‍വച്ച് ദഹിപ്പിക്കുന്നു. ചാരംമാത്രം ബന്ധുക്കള്‍ക്ക് കിട്ടുന്നു. ഇവര്‍ക്കൊക്കെ എവിടെയാണ് ആറടിമണ്ണ് കിട്ടുന്നത്? പല ഹൈന്ദവ സഹോദരങ്ങളും വീട്ടുവളപ്പില്‍ ചിത കൂട്ടി ദഹിപ്പിക്കുന്നു. അവിടം ശവകുടീരമായി സൂക്ഷിക്കുന്നു. പക്ഷേ, എത്രകാലം അതങ്ങനെ സൂക്ഷിക്കുമായിരിക്കും?

തലമുറകള്‍ മാറുമ്പോള്‍ ഈ ശവകുടീരങ്ങളും അപ്രത്യക്ഷമാകില്ലേ? സ്ഥലം വിറ്റു കഴിഞ്ഞാല്‍, സ്ഥലം വാങ്ങുന്നവര്‍ ആ ശവകുടീരം അവിടെ നിലനിര്‍ത്തുമോ? വൈദ്യുതി ശ്മശാനത്തില്‍ ദഹിപ്പിക്കുന്ന ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ക്ക് ആറടിമണ്ണ് കിട്ടുന്നുണ്ടോ? ഇല്ല; ഒരു പാത്രത്തില്‍ കുറച്ച് ചാരം മാത്രം കിട്ടുന്നു. ആരുംതന്നെ ഈ ചാരമടങ്ങിയ പാത്രം ആറടിമണ്ണില്‍ നിക്ഷേപിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ക്രിസ്തീയ സെമിത്തേരിയില്‍ ചാരമടങ്ങിയ ഈ ചെറുപാത്രം വക്കാന്‍ അല്‍പസ്ഥലം കിട്ടും, അത്രതന്നെ.
ഇനി കത്തോലിക്കാ സെമിത്തേരിയിലെ മരിച്ചടക്കിനെപ്പറ്റി ചിന്തിക്കുക. രണ്ടുതരം ശവകുടീരങ്ങളാണ് അവിടെ ഉള്ളത്. ഒന്ന്, പൊതു ശവക്കുഴി. അഥവാ പൊതുക്കല്ലറകള്‍. രണ്ട്, കുടുംബക്കല്ലറകള്‍. രണ്ടിലും അടക്കപ്പെടുന്നവരുടെ സ്ഥിതി നോക്കാം. പൊതുക്കല്ലറയില്‍ അടക്കപ്പെടുന്ന ശരീരാവശിഷ്ടങ്ങള്‍ വര്‍ഷങ്ങള്‍ക്കുശേഷം കുഴിമാന്തി പുറത്തെടുത്ത് കുപ്പക്കുഴിയില്‍ ഇടും. എന്നിട്ട് ആ കുഴിയില്‍ വേറെ ആളെ അടക്കും. കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം ആ ആളുടെ അവശിഷ്ടം മാറ്റി അടുത്ത ആളെ അടക്കും. ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കും. അപ്പോള്‍ കിട്ടുന്ന ആറടിമണ്ണ് ഒരു വ്യക്തിക്ക് സ്വന്തമായി എത്രനാള്‍ ഉണ്ടായിരിക്കും? അടുത്ത ആളെ അടക്കുന്നിടംവരെ.

ഇനി കുടുംബക്കല്ലറയുടെ കാര്യം നോക്കുക. ഒരു നിശ്ചിത വര്‍ഷത്തേക്കാണ് ഒരു കുടുംബത്തിന് ഒരു കല്ലറ നല്‍കുക. ആ കാലഘട്ടത്തിനുള്ളില്‍ ആ കുടുംബത്തില്‍നിന്ന് മരിക്കുന്ന എല്ലാവരെയും അതേ കല്ലറയിലാണ് അടക്കുക. അപ്പോള്‍ ഒരു കല്ലറയില്‍ പലര്‍ അടക്കപ്പെടും. പണംകൊടുത്ത് വാങ്ങിയ ആറടിമണ്ണിന്റെ കല്ലറയും സ്വന്തമായി കിട്ടില്ല എന്നര്‍ത്ഥം. തന്നെയുമല്ല, കുടുംബക്കല്ലറയുടെ കാലാവധി തീരുമ്പോള്‍ മറ്റ് മനുഷ്യരെ അടക്കാനായി അതേ കല്ലറ ഉപയോഗിക്കും. ഞാന്‍ പറഞ്ഞുവരുന്നത് ഇതാണ്: പണം കൊടുത്ത് ആറടിമണ്ണിന്റെ കുടുംബക്കല്ലറ വാങ്ങിയാലും ലോകാവസാനംവരെ ആ ആറടിമണ്ണ് സ്വന്തമായി കിട്ടുകയില്ല.
വയനാട്ടിലും ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രകൃതിദുരന്തമുണ്ടായി മരിച്ച, കാണാതായ അനേകര്‍ക്ക് ആറടിമണ്ണ് കിട്ടിയോ? ഇനി കിട്ടുമോ? പകര്‍ച്ചവ്യാധികളും യുദ്ധങ്ങളുംമൂലം ഒരേസമയം ചിലപ്പോള്‍ ആയിരങ്ങള്‍ കൊല്ലപ്പെടാറുണ്ട്. ഇവര്‍ ഓരോരുത്തര്‍ക്കും ആറടിമണ്ണുവീതം കിട്ടാറുണ്ടോ? മൃതശരീരങ്ങള്‍ നദിയില്‍ എറിയപ്പെടുന്നുണ്ടെന്ന് കേള്‍ക്കാറുണ്ട്. അവര്‍ക്ക് ആറടിമണ്ണ് കിട്ടുന്നുണ്ടോ? മൃതശരീരങ്ങള്‍ പക്ഷികള്‍ തിന്നാനായി പ്രത്യേക സ്ഥലങ്ങളില്‍വയ്ക്കുന്ന വിഭാഗങ്ങളുണ്ടെന്ന് പറയപ്പെടുന്നു. അവര്‍ക്കും ആറടിമണ്ണ് കിട്ടുന്നുണ്ടോ?
ആറടിമണ്ണ് കിട്ടുന്ന ചിലരൊക്കെ ഉണ്ടെന്നത് മറക്കുന്നില്ല. മാര്‍പാപ്പമാര്‍, കര്‍ദിനാളന്മാര്‍, മെത്രാന്മാര്‍ തുടങ്ങിയവരുടെ ശവകുടീരങ്ങളില്‍ മറ്റൊരാളെ അടക്കാറില്ലെന്ന് കരുതുന്നു. വലിയ രാഷ്ട്രീയ-സാമൂഹ്യ നേതാക്കന്മാര്‍ക്ക് പ്രത്യേക ശവകുടീരങ്ങള്‍ ഉണ്ട്. ഗാന്ധിജി, നെഹ്‌റു, ഇന്ദിരാഗാന്ധി തുടങ്ങിയവരുടെ ശവകുടീരങ്ങള്‍ ഇന്ത്യന്‍ ഉദാഹരണങ്ങളാണ്. ചുരുക്കിപ്പറഞ്ഞാല്‍, ലോകാന്ത്യംവരെയും ആറടിമണ്ണ് സ്വന്തമായി കിട്ടുന്നവര്‍ വളരെ വിരളമാണ്.
അപ്പോള്‍ ഭൂരിപക്ഷത്തിന്റെ സ്ഥിതിയോ? ആറടിമണ്ണ് കിട്ടുന്നവരും കിട്ടാത്തവരും ഉണ്ട്. ആറടിമണ്ണ് കിട്ടിയാലും അത് താല്‍ക്കാലികമാണ്. ആ ആറടിമണ്ണിലേക്ക് പുതിയ ആളുകള്‍ വന്നുകൊണ്ടിരിക്കും.

പറഞ്ഞുവന്നതിന്റെ സാരമിതാണ്: അവസാനം ആറടിമണ്ണേ ഉണ്ടാകൂ എന്ന ചൊല്ലിനുതന്നെ പ്രസക്തി ഇല്ലാതായിരിക്കുന്നു. ആറടിമണ്ണ് അനേകര്‍ ചേര്‍ന്ന് വീതിച്ചെടുക്കേണ്ടിവരുന്നു. കുറച്ചു കാലത്തേക്കുപോലും ആറടിമണ്ണ് കിട്ടാത്തവരും ധാരാളം.
അപ്പോള്‍പിന്നെ എന്തിനാണ് സ്ഥാനത്തിനും അംഗീകാരത്തിനും പദവിക്കും സ്വത്തിനും ഭൂമിക്കുംവേണ്ടിയുള്ള ഈ വഴക്കുകളും തര്‍ക്കങ്ങളും യുദ്ധങ്ങളും അടിപിടികളും കൊലപാതകങ്ങളും? അവസാനം സ്വന്തമായി ആറടിമണ്ണുപോലും ഉണ്ടാവില്ല. സമ്പാദിക്കുന്നവയില്‍ മരണശേഷവും അവശേഷിക്കുന്ന രണ്ട് കാര്യങ്ങളേ ഉള്ളൂ. ഒന്ന്, ക്ഷമിക്കപ്പെടാത്ത പാപങ്ങള്‍. രണ്ട്, ചെയ്ത നന്മകളും സുകൃതങ്ങളും.
അതിനാല്‍ സ്വന്തമായി ആറടിമണ്ണുപോലും കിട്ടുകയില്ല എന്ന അവസ്ഥയെപ്പറ്റി ഇടയ്ക്കിടക്ക് ചിന്തിക്കുന്നതും ധ്യാനിക്കുന്നതും നല്ലതാണ്. കള്ളന്‍ മോഷ്ടിക്കാത്തതും ചിതല്‍ അരിക്കാത്തതുമായ നിക്ഷേപം കൂട്ടാന്‍ നമുക്ക് കൂടുതല്‍ ശ്രദ്ധിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?