വിശുദ്ധര്‍ ദൈവത്തെക്കുറിച്ച് പറയുമ്പോള്‍ സംഭവിക്കുന്നതുപോലെ ദൈവത്തെക്കുറിച്ച് നമ്മള്‍ പറയുന്ന വാക്കുകള്‍ ശ്രോതാക്കളുടെ ഹൃദയങ്ങളെ ചലിപ്പിക്കാറുണ്ടോ? ഇല്ലെങ്കില്‍ അതിന്റെ കാരണം എന്താണ്.? ‘കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്’ എന്ന ദൈവകല്‍പ്പനയെക്കുറിച്ച് പൊതുദര്‍ശനവേളയില്‍ നല്‍കിയ വിചിന്തനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കുന്നുണ്ട്.
വിശുദ്ധര്‍ ദൈവത്തെക്കുറിച്ച് പറയുക മാത്രമല്ല, അവര്‍ ദൈവം പറയുന്നതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായതുകൊണ്ടാണ് അവരുടെ വാക്കുകള്‍ ഹൃദയങ്ങളുടെ മനഃപരിപവര്‍ത്തനത്തിന് കാരണമാകുന്നതെന്ന് പാപ്പ പറഞ്ഞു. നമ്മുടെ ഹൃദയം ആഗ്രഹിക്കുന്ന കാര്യം വിശുദ്ധരില്‍ നമുക്ക് കാണാം. ആധികാരികതയും സത്യസന്ധതയും യഥാര്‍ത്ഥമായ ബന്ധവും തീക്ഷ്ണതയുമാണത്. ഉദാരവും ലളിതവും സത്യസന്ധവുമായ ജീവിതം നയിച്ചുകൊണ്ട് ഇന്ന് അനേകം മാതാപിതാക്കള്‍ നമ്മുടെ ‘അയല്‍പക്കത്തെ വിശുദ്ധരായി’ മാറുന്നുണ്ടെന്ന് പാപ്പ പറഞ്ഞു.
കപടത കൂടാതെ കൂടുതല്‍ ക്രൈസ്തവര്‍ക്ക് സ്വര്‍ഗസ്ഥാന പിതാവേ പ്രാര്‍ത്ഥനയിലെ ആദ്യ അര്‍ത്ഥന- ‘അങ്ങയുടെ നാമം പൂജിതമാകണമേ’ – എന്ന ഭാഗം മാനിക്കുവാന്‍ സാധിച്ചാല്‍ സഭയുടെ സന്ദേശം കൂടുതല്‍ ക്രെഡിബിള്‍ ആയി മാറുകയും കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുകയും ചെയ്യും. നമ്മുടെ അനുദിനജീവിതം ദൈവത്തിന്റെ തിരുനാമത്തിന് യോജിച്ച വിധമുള്ളതായി മാറുമ്പോള്‍ മാമ്മോദീസായുടെ മനോഹാരിതയും ദിവ്യകാരുണ്യത്തിന്റെ മാഹാത്മ്യവുമൊക്കെ കൂടുതലായി നമുക്ക് മനസിലാക്കാന്‍ സാധിക്കുമെന്നും മാര്‍പാപ്പ പറഞ്ഞു.
ദൈവത്തെക്കുറിച്ച് സംസാരിക്കുമെങ്കിലും ദൈവഹിതമനുസരിച്ച് പ്രവര്‍ത്തിക്കാത്ത നിയമജ്ഞരെ മാര്‍പാപ്പ ദൈവനാമം വൃഥാ ഉപയോഗിക്കുന്നവരുടെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. ‘അവര്‍ പറയുന്നുത് നിങ്ങള്‍ അനുസരിച്ചുകൊള്ളുക. എന്നാല്‍ അവരെ നിങ്ങള്‍ അനുകരിക്കരുത്’ എന്നാണ് ക്രിസ്തു അവരെക്കുറിച്ച് പറയുന്നത്. ബൈബിളില്‍ ഒരാളുടെ പേര് അയാളുടെ ദൗത്യത്തെ കൂടെയാണ് സൂചിപ്പിക്കുന്നത്. ദൈവത്തിന്റെ പേര് യഥാര്‍ത്ഥത്തില്‍ അറിയുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതം തന്നെ മാറിമറിയുന്നു. ദൈവത്തിന്റെ പേര് കേട്ട നിമിഷം മുതലാണ് മോശയുടെ ജീവിതം മാറി മറിഞ്ഞത്.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലാണ് നാം മാമ്മോദീസാ സ്വീകരിച്ചതെന്ന് രണ്ടാം പ്രമാണം നമ്മെ ഓര്‍മിപ്പിക്കുന്നു. ഒരോ തവണ കുരിശടയാളം വരയ്ക്കുമ്പോഴും നാം ഇതു തന്നെയാണ് ആവര്‍ത്തിക്കുന്നത്. ദൈവവുമായുള്ള യഥാര്‍ത്ഥ കൂട്ടായ്മയിലും സ്‌നേഹത്തിലും അനുദിനവ്യാപാരങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ കുരിശടയാളം നമ്മെ സഹായിക്കുമെന്നും പാപ്പ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *