കോതമംഗലം: മാര്‍പാപ്പമാരുടെ ചാക്രിക ലേഖനങ്ങള്‍, അപ്പസ്‌തോലിക പ്രബോധനങ്ങള്‍ തുടങ്ങിയവയുടെ വിവര്‍ത്തകനും പിഒസി അസിസ്റ്റന്റ് ഡയറക്ടര്‍, പിഒസി പബ്ലിക്കേഷന്‍സിന്റെ ജനറല്‍ എഡിറ്റര്‍, താലന്ത് എഡിറ്റര്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ മോണ്‍. ഡോ. ജോര്‍ജ് കുരുക്കൂര്‍ (83) അന്തരിച്ചു.
ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനുമായിരുന്നു. സംസ്‌കാരശുശ്രൂഷകള്‍ നാളെ (സെപ്റ്റംബര്‍ 11) ഉച്ചകഴിഞ്ഞ് രണ്ടിന് മൂവാറ്റുപുഴ മാറാടി സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും.
കേരള കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പിഒസിയില്‍ 1990 മുതല്‍ 2021 വരെ അപ്പസ്‌തോലിക പ്രബോധനങ്ങളുടെ വിവര്‍ത്തകനായി സേവനമനുഷ്ഠിച്ചു. മംഗലപ്പുഴ, കാര്‍മല്‍ഗിരി സെമിനാരികളിലും കോതമംഗലം സെന്റ് ജോസഫ് മൈനര്‍ സെമിനാരിയിലും ദീര്‍ഘകാലം അധ്യാപകനായിരുന്നു. സഭയ്ക്കു നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2016-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മോണ്‍സിഞ്ഞോര്‍ പദവി നല്‍കി ആദരിച്ചു.
മാറാടി കുരുക്കൂര്‍ ഔസേപ്പ്-അന്നമ്മ ദമ്പതികളുടെ മകനാണ്. 1968 മാര്‍ച്ച് 15-ന് പൗരോഹിത്യം സ്വീകരിച്ചു. മുതലക്കോടം, കല്ലൂര്‍ക്കാട്, പൈങ്ങോട്ടൂര്‍ പള്ളികളില്‍ അസിസ്റ്റന്റ് വികാരി, കുത്തുപാറ, ചെല്ലിയാംപാറ, തെന്നത്തൂര്‍, നടുക്കര, ചാലാശേരി, പള്ളിക്കാമുറി, പെരുമ്പള്ളിച്ചിറ ഇടവകകളില്‍ വികാരി, മുതലക്കോടം അക്വിനാസ് കോളജില്‍ അധ്യാപകന്‍ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്.
ഫാ. ജോര്‍ജിന്റെ ഭൗതികദേഹം ഇന്ന് വൈകുന്നേരം ആറുമുതല്‍ മാറാടിയില്‍ സഹോദരന്‍ മാത്യു ടി. ജോസഫിന്റെ ഭവനത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ രാവിലെ പത്തിന് സംസ്‌കാര ശുശ്രൂഷയുടെ ആദ്യഭാഗം വീട്ടില്‍ ആരംഭിക്കും. 11 മുതല്‍ മാറാടി പള്ളിയില്‍ പൊതുദര്‍ശനം.
Leave a Comment
Your email address will not be published. Required fields are marked with *