കാക്കനാട്: സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഗ്രേറ്റ് ബ്രിട്ടന് രൂപതയില്‍ അജപാലന സന്ദര്‍ശനത്തിനായി പുറപ്പെട്ടു. മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി ബ്രിട്ടനിലെത്തുന്ന സഭാതലവനെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഗ്രേറ്റ് ബ്രിട്ടണ് രൂപതാ പിആര്‍ഒ റവ.ഡോ. ടോം ഓലിക്കരോട്ട് അറിയിച്ചു.
സെപ്റ്റംബര്‍ 11 മുതല്‍ 29 വരെ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശ നത്തില്‍ രൂപതയുടെ വിവിധ ഇടവകകളും, മിഷന് കേന്ദ്രങ്ങളും മാര്‍ തട്ടില്‍ സന്ദര്‍ശിക്കും. 11ന് ഹീത്രു വിമാനത്താവളത്തില്‍ എത്തുന്ന മേജര്‍ ആര്‍ച്ചുബിഷപ്പിനെ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. 12ന് റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ രൂപതയിലെ വൈദിക സമ്മേളനത്തെ മാര്‍ തട്ടില്‍ അഭിസംബോധന ചെയ്യും.
15ന് വൂള്‍വര്‍ ഹാംപ്ടണില്‍ ആയിരത്തിഅഞ്ഞൂറില്പരം യുവജനങ്ങള്‍ പങ്കെടുക്കുന്ന ‘ഹന്തൂസാ’ എസ്എംവൈഎം കണ്വന്ഷന് മാര്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. ബെര്‍മിംഗ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന് രൂപത പുതുതായി വാങ്ങിയ മാര്‍ യൗസേപ്പ് അജപാലന ഭവനത്തിന്റെയും രൂപതാ ആസ്ഥാനത്തിന്റെയും വെഞ്ചരിപ്പ് കര്‍മ്മം 16ന് അദ്ദേഹം നിര്‍വ്വഹിക്കും. 21ന് ബെഥേല്‍ കണ്വന്ഷന് സെന്ററില്‍ നടക്കുന്ന വിമന്‍സ് ഫോറം വാര്‍ഷിക കണ്വന്ഷന് മേജര്‍ ആര്‍ച്ചുബിഷപ് ഉദ്ഘാടനം ചെയ്യും.
വെസ്റ്റ് മിനിസ്റ്റര്‍ കര്‍ദിനാള്‍ വിന്‍സന്റ് നിക്കോള്‍സ്, ഇംഗ്ലണ്ടിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് മിഗ്വല്‍ മൗറി എന്നിവരുമായും മാര്‍ റാഫേല്‍ തട്ടില്‍ കുടിക്കാഴ്ച്ചകള്‍ നടത്തും. ബ്രിസ്റ്റോളിലെ പുതിയ ഇടവക ദൈവാലയത്തിന്റെ കൂദാശാകര്‍മ്മവും രൂപതയിലെ വിവിധ റീജിയനുകളിലെ പതിനഞ്ച് പുതിയ മിഷന് കേന്ദ്രങ്ങളുടെ പ്രഖ്യാപനവും മാര്‍ തട്ടില്‍ നിര്‍വ്വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗ്രേറ്റ് ബ്രിട്ടണ് രൂപതയ്ക്ക് സ്വന്തമായുള്ള അഞ്ച് ഇടവകകള്‍ സന്ദര്‍ശിക്കുകയും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുകയും ചെയ്യും.
മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ സന്ദര്‍ശനത്തെ മാതൃ സഭയോടുള്ള തങ്ങളുടെ കൂട്ടായ്മയും മാര്‍തോമാശ്ലീഹായുടെ പിന്‍ഗാമിയായ സഭാതലവനോടുള്ള വിധേയത്വവും പ്രകടിപ്പിക്കാ നുള്ള അവസരമായാണ് ഗ്രേറ്റ് ബ്രിട്ടനിലെ സീറോമലബാര്‍ വിശ്വാസികള്‍ കാണുന്നതെന്ന് ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *