Follow Us On

18

September

2024

Wednesday

നിങ്ങളുടെ വാക്കുകള്‍ കുറിക്കുകൊണ്ടു; പാപ്പാ ഫ്രാന്‍സിസ് സിങ്കപ്പൂരിലെ യുവജനങ്ങളോട്

നിങ്ങളുടെ വാക്കുകള്‍ കുറിക്കുകൊണ്ടു; പാപ്പാ ഫ്രാന്‍സിസ് സിങ്കപ്പൂരിലെ യുവജനങ്ങളോട്

യുവജനങ്ങളുടെ വാക്കുകള്‍ തന്നെ ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ വിവിധ മതങ്ങളില്‍ നിന്നുള്ള യുവജനങ്ങളുടെ സംഗമത്തെ അഭിസംബോധന ചെയ്തത്. ധൈര്യശാലികളും, സത്യത്തെ അഭിമുഖീകരിക്കുവാന്‍ ആഗ്രഹിക്കുന്നവരുമാണ് യുവജനങ്ങള്‍ എന്ന് പറഞ്ഞ പാപ്പാ, അവര്‍ സര്‍ഗ്ഗാത്മകത പുലര്‍ത്തിക്കൊണ്ട് ജീവിതയാത്രയില്‍ മുന്നേറണമെന്നും ഓര്‍മ്മിപ്പിച്ചു. ക്രിയാത്മകമായ വിമര്‍ശനം ഒരു നല്ല ചെറുപ്പക്കാരന്റെ സ്വഭാവഗുണമാണെന്നും ക്രിയാത്മകമായി വിമര്‍ശിക്കുക എന്നാല്‍, അനാവശ്യമായി സംസാരിക്കുക എന്നതല്ല എന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

സുഖപ്രദമായ മണ്ഡലങ്ങളില്‍ നിന്നും പുറത്തുകടന്ന് ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് യാത്ര ചെയ്യുവാനും, അതിനു വേണ്ടുന്ന ധൈര്യം സംഭരിക്കുവാനും  പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.  ഭയപ്പെടാതെ, പുറത്തു കടന്നുകൊണ്ട്, ജീവിതത്തിന്റെ വെല്ലുവിളികള്‍ സ്വീകരിക്കുവാന്‍, പാപ്പാ യുവജനങ്ങളെ ക്ഷണിച്ചു. യുവജനങ്ങളെ തളര്‍ത്തുന്ന സ്വേച്ഛാധിപത്യ മനോഭാവമാണ് ഭയമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ‘ജീവിതത്തില്‍ തെറ്റുകള്‍ സംഭവിച്ചു എന്ന് കരുതി പുറകോട്ട് മാറുന്നത് ശരിയല്ലായെന്നും, തെറ്റുകള്‍ സംഭവിച്ചുവെന്നത് തിരിച്ചറിയുക’ എന്നതാണ് പ്രധാനമെന്നും പാപ്പാ പറഞ്ഞു. അതിനാല്‍ തെറ്റുകളെ ഭയക്കാതെ മുന്‍പോട്ടു പോകേണ്ടത് ഏറെ ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന് യുവജനങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ചും പാപ്പാ സംസാരിച്ചു.

മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണോ, തെറ്റാണോ? പാപ്പാ ചോദിച്ചു. രണ്ടുതരത്തിലുള്ള മാധ്യമ ഉപയോഗത്തെയാണ് പാപ്പാ ചൂണ്ടിക്കാണിച്ചത്. ഒന്ന്, മാധ്യമങ്ങള്‍ ഉപയോഗിക്കാതെ ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്‍, അടഞ്ഞ ജീവിതം നയിക്കുന്ന ഒരു വ്യക്തിയെന്നും, മാധ്യമങ്ങള്‍ക്ക് അടിമയായി ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്‍, ചിതറിക്കപ്പെട്ടവനുമാണെന്നാണ് പാപ്പാ വിശേഷിപ്പിച്ചത്.  അതിനാല്‍ ജീവിതത്തില്‍ ഉപകാരപ്രദമായ രീതിയില്‍ മാധ്യമങ്ങളെ ഉപയോഗിക്കുവാന്‍ പരിശീലിക്കണമെന്ന് പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു. യുവജനങ്ങളുടെ സംഗമത്തില്‍ തന്നെ ഏറെ ആകര്‍ഷിച്ച കാര്യം, അവരുടെ മതാന്തര സംവാദത്തിനുള്ള കഴിവാണെന്നു പാപ്പാ പറഞ്ഞു.

യുവത്വം ധൈര്യത്തിന്റെ പ്രായമാണെന്നും പരസ്പരമുള്ള ബഹുമാനത്തിനുപകരം, ചെറുപ്പക്കാര്‍ക്കിടയില്‍ ഭീഷണിപ്പെടുത്തിക്കൊണ്ട് ബലം കാണിക്കുന്ന പ്രവണതയും ഏറിവരുന്നുവെന്ന അപായസൂചനയും പാപ്പാ നല്‍കി. വാക്കാലും, ശാരീരികമായും ഭീഷണിപ്പടുത്തിക്കൊണ്ട്, ദുര്‍ബലരായവരെ ചൂഷണം ചെയ്യുന്ന പ്രവണത യഥാര്‍ത്ഥ ധൈര്യത്തിന്റെ ലക്ഷണമല്ലായെന്നും പാപ്പാ പ്രത്യേകം എടുത്തു പറഞ്ഞു. ഈ പരസ്പര ബഹുമാനത്തിലാണ്, നമ്മുടെ കഴിവുകളെയും, വൈകല്യങ്ങളെയും തിരിച്ചറിയുവാന്‍ സാധിക്കുന്നതെന്നും, അതുപോലെ മറ്റുള്ളവരെ  അവരുടെ കുറവുകളോടെ സ്വീകരിക്കുവാന്‍ സാധിക്കുന്നതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

യുവജനങ്ങളില്‍ ഒരാള്‍ നിര്‍ദേശിച്ചതുപോലെ, ധീരമായ മനോഭാവം നിലനിര്‍ത്താനും ചെറുപ്പക്കാര്‍ക്ക് വന്ന് സംസാരിക്കാനും കഴിയുന്ന ഒരു ഇടം പ്രോത്സാഹിപ്പിക്കുന്നതിന് സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?