കാഞ്ഞിരപ്പള്ളി: അതിജീവന ചരിത്രം രചിച്ച് അനേകര്‍ക്ക് തണലേകുന്നവരാണ് യഥാര്‍ത്ഥ ദമ്പതികളെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ നടത്തിയ വിവാഹ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം പൊടിമറ്റം സെന്റ് മേരീസ് പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 50 വര്‍ഷത്തെ അതിജീവനത്തിന്റെ ചരിത്രം തലമുറ തലമുറകള്‍ക്ക് പകര്‍ന്നു നല്‍കണമെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. രൂപത വികാരി ജനറാള്‍ റവ. ഡോ. ജോസഫ് വെള്ളമറ്റത്തിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച പരിശുദ്ധ കുര്‍ബാനയോടെയാണ് സംഗമം ആരംഭിച്ചത്.
സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ പ്രതിനിധികളായി ഇളംങ്ങുളം ഇടവകയില്‍ നിന്നുള്ള പുതുപ്പള്ളിയില്‍ അബ്രാഹം സുശീല ദമ്പതികള്‍ അനുഭവം പങ്കുവെച്ചു. സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നവരുടെ മക്കളുടെ പ്രതിനിധിയായി ഫാ. കുര്യാക്കോസ് വടക്കേടത്ത് ആശംസകള്‍ നേര്‍ന്നു.
ഫാമിലി അപ്പോസ്റ്റലേറ്റിന്റെ പുതിയ വെബ്‌സൈറ് പ്രകാശന കര്‍മ്മം മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിച്ചു. അമല്‍ ജ്യോതി റേഡിയോ 90 അവതരിപ്പിച്ച ‘തണല്‍ വിസ്മയം’ കാണികള്‍ക്ക് കൗതുകമേകി. 13 ഫൊറോനകളില്‍ നിന്നായി 250 പേര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.
ഫാമിലി അപ്പസ്‌തോലേറ്റ് രൂപത ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, രൂപത മാതൃവേദി പ്രസിഡന്റ് മേരിക്കുട്ടി പൊടിമറ്റം, ആനിമേറ്റര്‍ സിസ്റ്റര്‍ ജ്യോതി മരിയ സിഎസ്എന്‍, ബ്രദര്‍ എബ്രഹാം ചക്കാലയ്ക്കല്‍ തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *