Follow Us On

03

December

2024

Tuesday

ഇഎസ്എ; റിപ്പോര്‍ട്ടുകളില്‍ ഗുരുതരമായ പിശകുകള്‍

ഇഎസ്എ; റിപ്പോര്‍ട്ടുകളില്‍ ഗുരുതരമായ പിശകുകള്‍

ഡോ. ചാക്കോ കാളംപറമ്പില്‍
(ലേഖകന്‍ പശ്ചിമഘട്ട ജന സംരക്ഷണ സമിതി ജനറല്‍ കണ്‍വീനറും സീറോ മലബാര്‍ സഭ വക്താവുമാണ്)

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ചുള്ള പശ്ചിമഘട്ടത്തിലെ ഇഎസ്എ പ്രഖ്യാപനത്തിന്റെ ആറാമത് കരട് വിജ്ഞാപനം ഇക്കഴിഞ്ഞ ജൂലൈ 31നാണ് ഇറങ്ങിയത്. പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം അന്നുമുതല്‍ 60 ദിവസമാണ് . ഇതിനു മുന്‍പ് അഞ്ചു പ്രാവശ്യം ഇറക്കിയ കരട് വിജ്ഞാപനങ്ങളിന്മേല്‍ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കാത്തതുകൊണ്ട്, മുമ്പു നല്‍കിയ പരാതികള്‍ കരട് വിജ്ഞാപനങ്ങളുടെ കാലാവധി അവസാനിച്ചതോടെ അസാധുവായിരിക്കുകയാണ്. എന്നാല്‍ കേരളമൊഴികെയുള്ള 5 സംസ്ഥാനങ്ങളും ഇതിനോടകം അവരുടെ നിലപാടുകളും ഇഎസ്എ പ്രദേശങ്ങളുടെ മാപ്പ് അടക്കമുള്ള വിശദാംശങ്ങളും കേന്ദ്രത്തിന് നല്‍കിക്കഴിഞ്ഞു.

ഇപ്പോഴത്തെ കരട് വിജ്ഞാപനത്തിലും ജിയോ കോഡിനേറ്റ് മാപ്പുകള്‍ ആയി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ കേരളത്തിന്റെ കാര്യത്തില്‍ ഇഎസ്എ വിസ്തൃതി 9993.7 ച.കി.മി എന്ന് വിജ്ഞാപനത്തില്‍ രേഖപ്പെടുത്തിയതല്ലാതെ കരട് വിജ്ഞാപനത്തില്‍ അവകാശപ്പെടുന്നതുപോലെയുള്ള വിശദാംശങ്ങള്‍ കേരള ബയോഡേറ്റ വേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ഇല്ല. സൈറ്റില്‍ വ്യക്തതയോടെ ജനങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്ന രീതിയില്‍ നല്‍കിയിട്ടില്ല എന്നത് കേരളത്തിന്റെ കാര്യത്തിലെങ്കിലും കരട് വിജ്ഞാപനത്തെ തന്നെ അസാധുവാക്കാന്‍ മതിയായ കാരണമായേക്കാം.

കേന്ദ്ര നിലപാട്

ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി, റിസര്‍വ്വ് ഫോറസ്റ്റുകളും സംരക്ഷിത പ്രദേശങ്ങളും ലോക പൈതൃക പദവി പ്രദേശങ്ങളും മാത്രമേ ഇഎസ്എ പ്രഖ്യാപന ത്തിനായി നല്‍കേണ്ടതുള്ളു എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇതിനനുസരിച്ചുള്ള ജിയോ കോഡിനേറ്റുകള്‍ രേഖപെടുത്തിയ ഇഎസ്എ വില്ലേജ് ഷെയ്പ്പ് മാപ്പ് ഫയല്‍സ് കരട് വിജ്ഞാപനം അനുസരിച്ച് കേരള സര്‍ക്കാരിന്റെ ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ് സൈറ്റില്‍ ഉണ്ടാവേണ്ടതാണ്. എന്നാല്‍ ജനവാസകേന്ദ്രങ്ങള്‍ ഇഎസ്എ യില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി കേന്ദ്രത്തിന് സമര്‍പ്പിക്കുന്നതില്‍ കേരള സര്‍ക്കാരിന് വലിയ വീഴ്ച സംഭവിച്ചിരിക്കുന്നു.

ഉമ്മന്‍ കമ്മിറ്റിയുടെ പിഴവുകള്‍

123 വില്ലേജുകളിലെ 9107 ച.കി.മീ റിസര്‍വ് ഫോറസ്റ്റായും 886.7 ചതുരശ്ര കിലോമീറ്റര്‍ പുഴകളും തോടുകളും പാറക്കെട്ടുകളും അരുവികളും അടങ്ങുന്ന പ്രദേശങ്ങളായും കണക്കാക്കി ആകെ 9993.7 ച കി മീ ഇഎസ്എ ആയി ഉമ്മന്‍ കമ്മിറ്റി നിര്‍ണയിച്ചു. എന്നാല്‍ 123 ഇഎസ്എ വില്ലേജുകളിലെ റിസര്‍വ് ഫോറസ്റ്റ് ഉമ്മന്‍ കമ്മിറ്റി നേരിട്ട് തിട്ടപ്പെടുത്താതെയാണ് 9107 ച.കി.മീ റിസര്‍വ് ഫോറസ്റ്റ് എന്ന് റിപ്പോര്‍ട്ടില്‍ തെറ്റായി രേഖപ്പെടുത്തിയത്. 9107ചതുരശ്ര കിലോമീറ്റര്‍ എന്നത് ഫോറസ്റ്റ് വകുപ്പിന്റെ റിപ്പോര്‍ട്ടനുസരിച്ച് 123വില്ലേജുകളിലെ മാത്രം വനമായിരുന്നില്ല. മറിച്ച് കേരളത്തിലെ ആകെ റിസര്‍വ് ഫോറസ്റ്റ് വിസ്തൃതിയാണ്. ഈ വനവിസ്തൃതി 123 വില്ലേജുകളില്‍ മാത്രം ഉണ്ടെന്ന് തെറ്റായി രേഖപ്പെടുത്തിയതാണ് ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന പാകപ്പിഴ.

അതുമൂലം123 വില്ലേജുകളിലെ വനവിസ്തൃതി ഇതിലും ആയിരത്തില്‍ അധികം ചതുരശ്ര കിലോമീറ്റര്‍ കുറവാണെങ്കിലും ഈ വിസ്തൃതിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ കരട് വിജ്ഞാപനങ്ങളില്‍ എല്ലാം തെറ്റായി ചേര്‍ത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഉമ്മന്‍ കമ്മിറ്റി ശുപാര്‍ശയനുസരിച്ച് ഇഎസ്എ അന്തിമ വിജ്ഞാപനം വന്നാല്‍ 123 വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങള്‍ റിസര്‍വ് വനങ്ങള്‍ ആയിട്ടാവും മാറുക. ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഈ തെറ്റ് ചൂണ്ടിക്കാണിച്ചു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രമന്ത്രാലയത്തിന് ഇനിയെങ്കിലും തിരുത്തല്‍ റിപ്പോര്‍ട്ട് നല്‍കണം.

മറ്റ് അഞ്ചു സംസ്ഥാനങ്ങളിലും കസ്തൂരിരംഗന്‍ കണ്ടെത്തിയ ഇഎസ്ഇ വിസ്തീര്‍ണ്ണം അവിടുത്തെ നാച്ചുറല്‍ ലാന്‍ഡ്‌സ്‌കേപ്പ് വിസ്തീര്‍ണ്ണത്തെക്കാള്‍ കുറവാണ്. എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിലെ നാച്ചുറല്‍ ലാന്‍ഡ്‌സ് കേപ്പായ 12,477 ചതുരശ്ര കിലോമീറ്ററിനെക്കാള്‍ 631 ചതുരശ്രകിലോമീറ്റര്‍ അധികമായി 13,108 ചതുരശ്ര കിലോമീറ്റര്‍ എന്നും രേഖപെടുത്തി. അതായത് കേരളത്തില്‍ മാത്രം നാച്ചുറല്‍ ലാന്‍ഡ്‌സ് കേപ്പിനെക്കാള്‍ ഇഎസ്എ 631ചതുരശ്രകിലോമീറ്റര്‍ അധികമായി രേഖപ്പെടുത്തി. അത്തരത്തില്‍ 631 ചതുരശ്ര കിലോമീറ്റര്‍ കള്‍ച്ചറല്‍ ലാന്‍ഡ്‌സ്‌കേപ്പ് ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ 9993.7 ചതുരശ്രകിലോമീറ്ററിലും വീണ്ടും അധികമായി ചേര്‍ത്തിരിക്കുകയാണ്. ഇത് ഉമ്മന്‍ കമ്മിറ്റി ശുപാര്‍ശയിലെ മറ്റൊരു പാകപ്പിഴയാണ്.

സര്‍ക്കാരിന്റെ മാന്ത്രികവിദ്യ

2018 ല്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും തയാറാക്കി എന്ന് അവകാശപ്പെട്ടുകൊണ്ട് നിക്ഷിപ്ത താല്പര്യത്തോടെ കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് 123 വില്ലേജുകളില്‍ നിന്ന് 31 വില്ലേജുകളെ പൂര്‍ണ്ണമായും ഇഎസ്എ വില്ലേജുകളുടെ പരിധിയില്‍ നിന്നും ഒഴിവാക്കിയതായി കാണാം. ബാക്കി 92 വില്ലേജുകളിലെ വനവിസ്തൃതി 8656.46 ചതുരശ്രകിലോമീറ്റര്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. അതെ റിപ്പോര്‍ട്ടില്‍ 1337 ചതുരശ്ര കിലോമീറ്റര്‍ വനേതര പ്രദേശം എന്നു വീണ്ടും കണക്കാക്കുന്നു. അപ്പോഴും ആകെ വിസ്തീര്‍ണ്ണം പഴയ 9993 എന്നുതന്നെ നിലനിര്‍ത്തുകയാണ്. 31 വില്ലേജുകള്‍ പൂര്‍ണമായും ഒഴിവാക്കപ്പെട്ടപ്പോഴും 92 വില്ലേജുകളുടെ വിസ്തൃതി 123 വില്ലേജുകളിലെതിനു തുല്യം. ഇതിന്റെ യുക്തി മനസിലാകുന്നില്ല. ഇപ്രകാരം 123 വില്ലേജുകള്‍ക്ക് പകരം 92 വില്ലേജുകളില്‍ നിന്ന് അതേ ഇഎസ്എ വിസ്തീര്‍ണ്ണം കണ്ടെത്തേണ്ട സാഹചര്യം ഉണ്ടാവുകയും അതിനുതക്കവിധം 92 വില്ലേജു കളിലെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും വീണ്ടും ജിയോ കോര്‍ഡിനേറ്റ്‌സിലും വില്ലേജ് ഷേപ്പ് മാപ്പിലും റിസര്‍വ് വനമായി രേഖപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. 31 വില്ലേജുകളെ ഒഴിവാക്കുവാന്‍ തിരഞ്ഞെടുത്ത മാനദണ്ഡം ഉപയോഗിച്ചാല്‍ 92 വില്ലേജുകളിലെ പല വില്ലേജുകളും പൂര്‍ണ്ണമായും ഒഴിവാക്കുവാന്‍ യോഗ്യതയുള്ളതാണ്.

സര്‍ക്കാരിന്റെ അനാസ്ഥ

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരില്‍നിന്ന് നിരവധി പ്രാവശ്യം ജിയോ -കോര്‍ഡിനേറ്റ് വില്ലേജ് ഷേപ്പ് മാപ്പ് വര്‍ഷങ്ങളായി ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനം ഇതുവരെ കൃത്യതയോടെ ഇതുവരെയും നല്‍കിയിട്ടില്ല. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തട്ടിക്കൂട്ടിയ രണ്ടുതരം മാപ്പുകളാണ് ഇഎസ്എ കരടു വിജ്ഞാപനത്തില്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഒരു മാപ്പില്‍ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉള്‍പ്പെടുത്തിയും മറ്റൊരു മാപ്പില്‍ അത്തരം പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോഴത്തെ വിജ്ഞാപനത്തിലെ ഇഎസ്എ ഏരിയ പഴയ വിജ്ഞാപനത്തിലേതുപോലെ തന്നെ തുടരുകയും ചെയ്യുന്നു. ആരെ കബളിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഇരട്ടത്താപ്പും വഞ്ചനയും കാണിക്കുന്നത്?

അടിയന്തിരമായി
ചെയ്യേണ്ട കാര്യങ്ങള്‍

1. ജിയോ കോഡിനേറ്റഴ്സും വില്ലേജ് ഷെയ്പ്പ് മാപ്പും ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും ഒഴിവാക്കി റിസര്‍വ് ഫോറസ്റ്റ്, വേള്‍ഡ് ഹെറിറ്റേജ് സൈറ്റ്, പ്രോഡക്റ്റ്ഡ് ഏരിയ ഇവ മാത്രം ഉള്‍പ്പെടുത്തി തിരുത്തലുകള്‍ വരുത്തി കരട് വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ കേരള ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ഇഎസ്എ മാപ്പ് പ്രസിദ്ധീകരിക്കണം. ഈ കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി അവരുടെ ആശങ്കകള്‍ പരിഹരിക്കാനായി അദാലത്തുകള്‍ വില്ലേജുകള്‍ തോറും സംഘടിപ്പിച്ചശേഷം അന്തിമ റിപ്പോര്‍ട്ട് ഉടനെ നല്‍കുക.

2. ഈ വില്ലേജുകളിലെ വനഭൂമിയുടെ കൃത്യമായ വിസ്തൃതി കണ്ടെത്തി അതു മാത്രം അന്തിമ നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെടുത്തുക. കോര്‍, നോണ്‍ -കോര്‍ ഇഎസ്എ എന്ന പുതിയ വ്യാഖ്യാനം പൂര്‍ണ്ണമായും ഉപേക്ഷിക്കണം.

3. റവന്യു വില്ലേജുകളുടെ പേരില്‍ ഇഎസ്എ വില്ലേജുകള്‍ അറിയപ്പെടുന്നത് ഒഴിവാക്കി ഈ വില്ലേജുകളെ ഓരോന്നിനെയും ഫോറസ്റ്റ് വില്ലേജ് എന്നും റവന്യൂ വില്ലേജ് എന്നും തരംതിരിച്ച് ഫോറസ്റ്റ് വില്ലേജ് മാത്രം ഇഎസ്എ പ്രഖ്യാപനത്തിനായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുക. അതേ പേരിലുള്ള റവന്യു വില്ലേജുകളില്‍ സാധാരണ റവന്യൂ വില്ലേജുകളിലെ നിയമങ്ങള്‍ മാത്രമായിരിക്കും ബാധകമായിട്ടുള്ളത് എന്ന് അന്തിമവിജ്ഞാപനത്തില്‍ പ്രത്യേകമായി എഴുതിച്ചേര്‍ക്കാന്‍ ശുപാര്‍ശ നല്‍കുക. റവന്യൂ വില്ലേജുകളുടെ പേരില്‍ തന്നെ ഇഎസ്എ പ്രദേശങ്ങളുടെ വിജ്ഞാപനം ഇറക്കിയാല്‍ ഇഎസ് എ പ്രദേശങ്ങളില്‍ ഉണ്ടാകുന്ന നിയന്ത്രണങ്ങള്‍ എല്ലാം ഈ വില്ലേജുകളിലും അടിച്ചേല്‍പ്പിക്കപ്പെടും.

4. കരട് വിജ്ഞാപനത്തിലെ മേല്‍പ്പറഞ്ഞ പാളിച്ചകള്‍ ചൂണ്ടിക്കാണിച്ചും, ഈ വിജ്ഞാപനം മലയാളത്തില്‍ തര്‍ജ്ജമ ചെയ്ത് സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ പ്രസിദ്ധീകരിക്കണം എന്നാവശ്യപ്പെടണം. കൂടാതെ, മതിയായ രേഖകളോടെ പതിറ്റാണ്ടുകളായി കൈവശം വെച്ച് അനുഭവിച്ചു വരുന്ന വീടുകളും കൃഷി ഭൂമിയും വിവിധ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും ഇഎസ്എയില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ ഇഎസ്എയില്‍ ഉള്‍പ്പെട്ട 131 വില്ലേജുകളില്‍നിന്നും പഞ്ചായത്ത് സമിതികളും ജനങ്ങളും സ്ഥാപനങ്ങളും സംഘടനകളും വിദ്യാര്‍ത്ഥികളും കേന്ദ്ര വനം-പരിസ്ഥിതി മന്താലയത്തിന് കരട് വിജ്ഞാപനത്തിന്മേലുള്ള പരാതികള്‍ അയക്കുക.

കാലാവധി തീരുന്നതിനു മുമ്പ് എത്രയും പെട്ടെന്ന് സാധിക്കുന്നത്ര പരാതികള്‍ ജനങ്ങളും സ്ഥാപനങ്ങളും സംഘടനകളും കരട് വിജ്ഞാപനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളതുപോലെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഇ-മെയില്‍ വഴിയോ കത്തുകള്‍ മുഖേനയോ അയക്കണം.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?