Follow Us On

22

January

2025

Wednesday

നിയോഗങ്ങള്‍

നിയോഗങ്ങള്‍

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS

‘ The mystery of human
existence lies not in just
staying alive, but in finding something to live for.’
– Fyodor Dostoyevsky,
The Brothers Karamazov

സച്ചിന്‍ കഴിഞ്ഞാല്‍ ക്രിക്കറ്റില്‍ ഏറ്റവും ഇഷ്ടം ബ്രെയിന്‍ ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്‍. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന്‍ കവിതയാണ് അയാള്‍. ചെറുപ്പത്തില്‍ ഞങ്ങള്‍ കൊതിയോടെ ടിവിക്ക് മുമ്പില്‍ കണ്ടിരുന്നിട്ടുണ്ട്. അന്ന് കൂടുതലും ഞങ്ങള്‍ക്കിടയില്‍ ഓസ്‌ട്രേലിയന്‍ ഫാന്‍സ് ആയിരുന്നു. റിക്കി പോണ്ടിങ്, ഗില്‍ക്രിസ്റ്റ്, സ്റ്റീവോ, ഹൈഡന്‍… കണ്ടത്തില്‍ കളി നടക്കുമ്പോള്‍ ഓരോരുത്തരും ഇഷ്ട കളിക്കാരന്റെ പേര് പറഞ്ഞാണ് കളത്തിലേക്ക് ഇറങ്ങുന്നത്.

ഞങ്ങളുടെയൊക്കെ ആ കുഞ്ഞുവാങ്കട സ്റ്റേഡിയത്തില്‍ ലാറക്ക് വേണ്ടി ഇറങ്ങാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു ഓവര്‍ തികച്ച് ബാറ്റ് ചെയ്തിട്ടില്ലെങ്കിലും ലാറയുടെ വരവും പോക്കും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. ബ്രെയിന്‍ ലാറയുടെ അതേ രൂപമുള്ള ഒരു ചേട്ടന്‍ ഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്നു. ജോഷ്വാ ചേട്ടന്‍. അത്യാവശ്യം ഉയര്‍ന്ന ശരീരവും അറുപത് വയസ് പ്രായവും തോന്നിക്കുന്ന ഒരു ഒത്ത മനുഷ്യന്‍. അദ്ദേഹം ചിരിക്കുമ്പോഴാണ് ഏഴഴക്. കറുത്ത സൗന്ദര്യത്തില്‍ വെളുത്ത പല്ലുകള്‍ ചുവന്ന മോണകാട്ടി ചിരിക്കുമ്പോള്‍ ഏലച്ചെടികള്‍ പോലും ഒന്നു കുണുങ്ങി കിന്നാരം പറയും.

ജോഷ്വാ ചേട്ടന്‍ അടുത്തുള്ള ഏലക്കാട്ടിലെ പണിക്കാരനായിരുന്നു. ഏല ചെടികള്‍ക്കിടയില്‍ അയാളുടെ ഒറ്റമുറി വീടുണ്ട്. ഓര്‍മവെച്ച കാലം തൊട്ടേ ജോഷ്വാ ചേട്ടനെ അവിടെ കാണാറുണ്ട്. പണ്ടൊരു ദിവസം എവിടെനിന്നോ വന്ന ജോഷ്വ ചേട്ടന്‍ പിന്നെ കട്ടപ്പനകാരനായി എന്നാണ് പറയപ്പെടുന്നത്. ബ്രെയിന്‍ ലാറയെ ഇഷ്ടമുള്ളത് കൊണ്ട് ജോഷ്വാ ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. ഇന്നത്തെ ജിമ്മന്‍മാരുടെ അതെ ശരീരമായിരുന്നു അന്ന് ജോഷ്വാ ചേട്ടന്. ഒരു ഉരുക്കുമനുഷ്യന്‍. പക്ഷേ രാത്രി ആയാല്‍ കാര്യങ്ങള്‍ അല്‍പം പിശകാണ്.

ഏഴരമണിയാകുമ്പോഴാണ് ജോഷ്വാ ചേട്ടന് കുന്തളംപാറക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘ബാധ കയറുന്നത്’. കള്ളുഷാപ്പില്‍നിന്ന് ഒരു വരവാണ്. ചിലപ്പോള്‍ ഓട്ടോറിക്ഷയില്‍ അല്ലെങ്കില്‍ കാല്‍നടയായി. കണ്ടുമുട്ടുന്നവരെല്ലാം അയാളുടെ തെറിപ്പാട്ട് കേള്‍ക്കും. ചിലര്‍ തിരിച്ചു തെറി പറയും, ചിലര്‍ ശ്രദ്ധിക്കാതെ നടന്നുപോകും. ജോഷ്വാ ചേട്ടന്‍ അത് തുടര്‍ന്നുകൊണ്ടേയിരുന്നു. രാത്രി മാത്രമേ ആ കുഴപ്പമുള്ളൂ. പകല്‍സമയങ്ങളില്‍ ഇത്ര സ്‌നേഹത്തോടെയുള്ള വര്‍ത്തമാനം എന്റെ ബാല്യത്തില്‍ ഞാന്‍ മറ്റൊരിടത്തും കേട്ടിട്ടില്ല. അത്ര ശുദ്ധനായ മനുഷ്യന്‍. അദ്ദേഹം ഒരിക്കല്‍പോലും തന്റെ വീടിനെ കുറിച്ച് പറഞ്ഞിട്ടില്ല. കൊട്ടാരക്കര ഭാഗത്താണ് എന്ന് അമ്മ പറഞ്ഞാണ് എനിക്ക് മനസിലായത്.

ജോഷ്വാ ചേട്ടന്റെ രാത്രിയില്‍ ഉള്ള വരവുകളില്‍ പൊതിഞ്ഞുപിടിച്ച പലഹാരങ്ങള്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടായിരുന്നു. ഒരു ദിവസം മദ്യപിച്ച് വന്ന അയാള്‍ വീടിനു മുമ്പില്‍ വന്നു ഞങ്ങള്‍ കുട്ടികളെ കുറെ വിളിച്ചു. പൊതി തരാനാണ്. അതിന് അയാളെ അച്ചാച്ചന്‍ കുറെ വഴക്കും പറഞ്ഞു. മദ്യപിച്ചിട്ട് പിള്ളേരെ വിളിക്കരുതെന്നും പറഞ്ഞു. പുള്ളി ഒന്നും മിണ്ടാതെ സങ്കടത്തോടെ പോയതോര്‍ക്കുന്നുണ്ട്. ആ പ്രദേശത്തുള്ള എല്ലാ വീടുകളും അയാളുടെ ആണെന്ന തോന്നല്‍ ജോഷ്വ ചേട്ടനുണ്ടായിരുന്നു. ആ സ്വാതന്ത്ര്യത്തോടെ എല്ലാ വീടുകളിലേക്കും കേറി ചെല്ലാന്‍ അയാള്‍ മടിച്ചില്ല. ഒരു ദിവസം പുറകില്‍ ആഫ്രിക്കന്‍ മുഷി ഉള്ള കുളത്തില്‍ മീന് തീറ്റ കൊടുത്തു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ ജോഷ്വാ ചേട്ടനോട് ചോദിച്ചു. ‘ജോഷ്വാ ചേട്ടന് വീടില്ലേ…’ ഒന്നും മിണ്ടിയില്ല എന്നെ നോക്കി ഒന്ന് ചിരിച്ചു. മീന് തീറ്റ കൊടുത്തു കൊണ്ടിരിക്കുന്നതിനിടയില്‍ പറഞ്ഞു ‘വീടുണ്ട് മോനെ.. വീട്ടില്‍ ആളില്ല… ഇതല്ലേ… ഇതൊക്കെയല്ലേ വീട്…’ എന്ന് പറഞ്ഞ് എന്നെ നോക്കി ചിരിച്ചുകൊണ്ട് ഏലക്കാട്ടിലേക്ക് കയറിപ്പോയി.

പിന്നീട് കുറേ വര്‍ഷങ്ങള്‍ ജോഷ്വാ ചേട്ടന്‍ അവിടെ തന്നെയുണ്ടായിരുന്നു. പഠിക്കാനായി പലയിടങ്ങളിലേക്കും ഞങ്ങളൊക്കെ പോയി. ബംഗളൂരുവില്‍ ആയിരുന്നപ്പോള്‍ അമ്മ വിളിച്ചപ്പോഴാണ് ജോഷ്വാ ചേട്ടന്‍ കട്ടപ്പനയില്‍ നിന്നും പോയത് അറിയുന്നത്. എങ്ങോട്ടാണ് പോയതെന്ന് ആരോടും പറഞ്ഞില്ല. അവിടുത്തെ പണിയൊക്കെ അവസാനിപ്പിച്ച് എങ്ങോട്ടോ പോയി. ഞങ്ങളോടൊക്കെ അന്വേഷണം പറയാന്‍ അമ്മയെ ഏല്‍പ്പിച്ചിട്ടാണ് പോയത്. ഞാന്‍ ഓര്‍ക്കാറുണ്ട് എങ്ങോട്ടാ പുള്ളി പോയത്. ആ വീട്ടില്‍ ജോഷ്വാ ചേട്ടന്‍ ഇപ്പോഴും ഉണ്ടായിരിക്കുമോ..?

ചില മനുഷ്യര്‍ അങ്ങനെയാണ്. ആരോടും ഒന്നും പറയാതെ ജീവിതത്തിന്റെ ചില നിര്‍ണായക ഘട്ടങ്ങളില്‍ ഇറങ്ങിപ്പോകും. ഒരു നിയോഗമാണ് ചില കടന്നു വരവുകള്‍. സ്‌നേഹത്തിന്റെയും കരുണയുടെയും വാതായനങ്ങള്‍ തുറക്കാനുള്ള ചില നിയോഗങ്ങള്‍. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പലതും ഓര്‍മിക്കാനുള്ള നിയോഗങ്ങള്‍. എനിക്ക് തോന്നുന്നു മനുഷ്യന്‍ മറ്റാരുടെയോ നിയോഗങ്ങള്‍ക്ക് വേണ്ടിയാണ് പലയിടങ്ങളിലേക്കും കടന്നുചെല്ലുന്നതെന്നാണ്. പൂര്‍ത്തിയാക്കാനുള്ള എന്തൊക്കെയോ ഓര്‍മിപ്പിച്ചിട്ട് അവര്‍ നടന്നകലുന്നു. അങ്ങനെ നോക്കുമ്പോള്‍ ഈശോയാണ് നമുക്ക് മുമ്പില്‍. ഒരായിരം നിയോഗങ്ങള്‍ ജീവിതത്തില്‍ ആവാഹിച്ച ഒരു മനുഷ്യന്‍. അവന്‍ നമ്മളെയും ഓര്‍മിപ്പിക്കുന്നത് നമ്മുടെ നിയോഗങ്ങളെ കുറിച്ചാണ്. ഒരു ഘട്ടം എത്തുമ്പോള്‍ ഇറങ്ങിപ്പോരേണ്ട ഇടങ്ങളെക്കുറിച്ച്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?