ചാലക്കുടി: സമൂഹത്തിലെ പാര്ശ്വവത്ക്കരിക്കപ്പെട്ടവരോ ടും അടിച്ചമര്‍ത്തപ്പെട്ടവരോടും എന്തു സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് യേശു പഠിപ്പിച്ചതാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ഡിവൈന്‍ ധ്യാനകേന്ദ്രം നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇംഗ്ലീഷ് വിഭാഗം ഡയറക്ടര്‍ റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന്റെ പൗരോഹിത്യ സുവര്‍ണജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. പൗരോഹിത്യ സുവര്‍ണജൂബിലിയാഘോഷിക്കുന്ന റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാനെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.
ഡിവൈന്‍ ധ്യാനകേന്ദ്രം 50 നിര്‍ധന കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും കൈമാറുന്നതിന്റെ രേഖാസമര്‍പ്പണവും 1500 നിര്‍ധന കുടുംബങ്ങളെ ജീവിതാന്ത്യംവരെ സൗജന്യമായി പരിപാലിക്കുന്ന 14 സാന്ത്വന കേന്ദ്രങ്ങളുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷവും നൂറ് കിടപ്പുരോഗികള്‍ക്ക് ജീവിതാന്ത്യംവരെ പരിചരണം നല്‍കുന്ന വയോമിത്രം പുനരധിവാസ പദ്ധതിയുടെ താക്കോല്‍സമര്‍പ്പണവും ശിലാഫലകം അനാഛാദനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തി. എംപിമാരായ ബെന്നി ബഹനാന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, ഡീന്‍ കുര്യാക്കോസ്, എംഎല്‍എമാരായ മോന്‍സ് ജോസഫ്, ചാണ്ടി ഉമ്മന്‍, സനീഷ് കുമാര്‍ ജോസഫ്, മുന്‍ എംഎല്‍എ അഡ്വ. തോമസ് ഉണ്ണിയാടന്‍, മുന്‍ എംപി തോമസ് ചാഴികാടന്‍, ഫാ. പോള്‍ പുതുവ, ഫാ. മാത്യു തടത്തില്‍, ഫാ. ബിനോയ് ചക്കാനിക്കുന്നേല്‍, പി.ജെ. ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍, സുപ്പീരിയര്‍ ഫാ. വര്‍ഗീസ് പാറപ്പുറം, ഫാ. മാത്യു നായ്ക്കംപറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *