Follow Us On

29

December

2024

Sunday

ജനവാസമേഖലകളെ ഇഎസ്എയില്‍നിന്നും ഒഴിവാക്കിയുള്ള മാപ്പ് പ്രസിദ്ധീകരിക്കണം

ജനവാസമേഖലകളെ ഇഎസ്എയില്‍നിന്നും ഒഴിവാക്കിയുള്ള മാപ്പ് പ്രസിദ്ധീകരിക്കണം
കോഴിക്കോട്: ജനവാസമേഖലകളെ പരിസ്ഥിതിലോല മേഖലയില്‍ നിന്നൊഴിവാക്കിക്കൊണ്ടുള്ള മാപ്പ് പ്രസിദ്ധീകരിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് താമരശേരി രൂപതാസംഗമം ആവശ്യപ്പെട്ടു. കേരള ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ഇത് പ്രസിദ്ധീകരിക്കണം. തുടര്‍ന്ന് ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ 60 ദിവസം അനുവദിക്കണം. താമരശേരി രൂപതയിലെ കത്തോലിക്കാ കോണ്‍ഗ്രസ് ഇടവകഭാരവാഹികള്‍, മേഖലാ ഭാരവാഹികള്‍, രൂപതാ ഭാരവാഹികള്‍, ഗ്ലോബല്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്ത നേതൃസംഗമമാണ് ആവശ്യം ഉന്നയിച്ചത്. ഇതോടൊപ്പം പുതിയ ഗ്ലോബല്‍ ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കി.
പരിസ്ഥിതിലോല പ്രദേശങ്ങള്‍ റവന്യു വില്ലേജുകളുടെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്നതിനുപകരം കേന്ദ്രം അനുവദിച്ചിട്ടുള്ള പഞ്ചായത്ത് വാര്‍ഡ് അടിസ്ഥാനത്തില്‍ വനംമാത്രം ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളെ പരിസ്ഥിതി ലോലമായി വേര്‍തിരിച്ച് മാപ്പ് തയാറാക്കണം. എങ്കില്‍മാത്രമേ ജനങ്ങളുടെ കൃഷിഭൂമി ഇഎസ്എയില്‍ വരാതിരിക്കുകയുള്ളൂ.
സമുദായം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയവും നിയമപരവുമായ നടപടികള്‍ക്കുപരി സംഗബലവും ആവശ്യമാണെന്ന് സംഗമം വിലയിരുത്തി. ജനവിരുദ്ധമായ പരിസ്ഥിതിനിയമങ്ങള്‍, വന്യജീവിശല്യം, കാര്‍ഷിക പ്രതിസന്ധി, ഭരണകൂടങ്ങളുടെ അവഗണന തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമുദായം ഒന്നിച്ചുനില്‍ക്കണം.
കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പുതിയ ഗ്ലോബല്‍ സമിതി അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി. ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ഗ്ലോബല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റുമാരായ രാജേഷ് ജോണ്‍, ബെന്നി ആന്റണി, കെ.പി. സാജു, ട്രീസാലിസ് സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
എകെസിസി താമരശേരി രൂപത ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളില്‍, രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍, സെക്രട്ടറി ഷാജി കണ്ടത്തില്‍, വിമന്‍സ് കൗണ്‍സില്‍ കോ-ഓര്‍ഡിനേറ്റര്‍ ഷില്ലി ടീച്ചര്‍, രൂപതാ വൈസ് പ്രസിഡന്റ് അല്‍ഫോന്‍സ ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രൂപതാ ട്രഷറര്‍ സജി കരോട്ട് നന്ദിയര്‍പ്പിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?