യൂറോപ്പിന്റെ അടിസ്ഥാനമായ ക്രിസ്തീയതയിലേക്ക് തിരികെ വരാനും സുവിശേഷമൂല്യങ്ങളും സാഹോദര്യവും ഐക്യവും ജീവിക്കാനും ലക്‌സംബര്ഗിലെ സാമൂഹ്യ, രാഷ്ട്രീയ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു.
കത്തോലിക്കര്‍ യൂറോപ്പിലെ തങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് സുവിശേഷം ജീവിക്കണം. മനുഷ്യാന്തസ്സിന് പ്രാധാന്യം കൊടുക്കുകയും അവന്റെ അടിസ്ഥാനസ്വാതന്ത്രത്തെ ഉറപ്പാക്കുകയും ചെയ്യുന്ന ഈ രാജ്യത്തിന്റെ ശക്തമായ ജനാധിപത്യപ്രസ്ഥാനം, ഇത്തരമൊരു സുപ്രധാനമായ ഉത്തരവാദിത്വത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ഒരു രാജ്യത്തിന്റെ വിസ്തൃതിയോ അവിടുത്തെ ജനസംഖ്യയോ അല്ല, ആ രാജ്യം അന്താരാഷ്ട്രതലത്തില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കാനോ, സാമ്പത്തികരംഗത്തിന്റെ കേന്ദ്രമായി മാറാനോ ഉള്ള യോഗ്യത. മറിച്ച്, അവഗണനയും വിവേചനവും ഒഴിവാക്കി, വ്യക്തിയെയും, പൊതുനന്മയെയും പ്രധാനപ്പെട്ടതായി കണ്ടുകൊണ്ട് തുല്യതയുടെയും നിയമവാഴ്ചയുടെയും അടിസ്ഥാനത്തില്‍ അവരുടെ ജീവിതങ്ങളെ നിയന്ത്രിക്കുന്ന വിവേകപൂര്‍വ്വമുള്ള നിയമങ്ങളും സംഘടനാസ്ഥാപനങ്ങളും നിര്‍മ്മിക്കുന്നതാണെന്ന് നാല്പത്തിയാറാം അപ്പസ്‌തോലികയാത്രയുടെ ഭാഗമായി സെപ്റ്റംബര്‍ 26 വ്യാഴാഴ്ച ലക്‌സംബര്ഗിലെത്തിയ ഫ്രാന്‍സിസ് പാപ്പാ ഓര്‍മ്മിപ്പിച്ചു.
വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഇടവും, സംസ്‌കാരങ്ങളുടെ സംഗമവേദിയുമായി നില്‍ക്കാനുള്ള വിളിയോട് സത്യസന്ധത പുലര്‍ത്താന്‍ നിങ്ങളുടെ രാജ്യത്തിനാകട്ടെ എന്നും, ഐക്യത്തിനായുള്ള ഈ ആഗ്രഹം കൂടുതല്‍ സമൂഹങ്ങളെ ഒരുമിച്ച് നിറുത്തട്ടെയെന്നും, ഇത്, ലോകത്തിലെ പാവപ്പെട്ട രാജ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളിലേക്കും പടരട്ടെയെന്നും 1985 മെയ് 15ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ലക്‌സംബര്‍ഗില്‍ പറഞ്ഞ വാക്കുകള്‍ ഫ്രാന്‍സിസ് പാപ്പാ ആവര്‍ത്തിച്ചു. ഏവരും ഒരു സുസ്ഥിരപുരോഗതിയുടെ സൃഷ്ടാക്കളും പങ്കുകാരുമാകാന്‍വേണ്ടി, ജനതകള്‍ തമ്മിലുള്ള ശക്തമായ ബന്ധം വളര്‍ന്നുവരട്ടെയെന്ന ആശംസ താന്‍ ആവര്‍ത്തിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.
ഇത്തരമൊരു പുരോഗതി പ്രാപിക്കാന്‍ വേണ്ട മാര്‍ഗ്ഗങ്ങള്‍ സഭയുടെ സാമൂഹ്യശാസ്ത്രപരമായ പ്രമാണങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഈയൊരു ഉദ്‌ബോധനത്തില്‍, സൃഷ്ടിയുടെ പരിപാലനം, സാഹോദര്യം എന്നീ ചിന്തകള്‍ ചേര്‍ത്തുകൊണ്ട് താനും പങ്കുചേര്‍ന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. വികസനം ആധികാരികവും പൂര്‍ണ്ണവുമാകണമെങ്കില്‍, നമ്മുടെ പൊതുഭവനമായ ഭൂമിയെ കൊള്ളയടിക്കുകയോ തകര്‍ക്കുകയോ, ഏതെങ്കിലും ജനതകളെയോ സമൂഹങ്ങളെയോ ഉപേക്ഷിക്കുകയോ ചെയ്യരുതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. സമ്പത്ത് ഒരു ഉത്തരവാദിത്വമാണെന്ന് മറക്കരുതെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, അതുകൊണ്ടുതന്നെ, പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളെ അവഗണിക്കാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണമെന്നും, അവരെ ദാരിദ്ര്യാവസ്ഥയില്‍നിന്ന് കരകയറാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതവും അപകടകരവുമായ സാഹചര്യങ്ങളില്‍ കുടിയേറാന്‍ നിര്‍ബന്ധിതരാകുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള മെച്ചപ്പെട്ട മാര്‍ഗ്ഗമാണിത്.
പത്രോസിന്റെ പിന്‍ഗാമി എന്ന നിലയിലും മാനവികതയെക്കുറിച്ച് നന്നായി അറിയാവുന്ന സഭയുടെ നാമത്തിലും, പോള്‍ ആറാമന്‍ പാപ്പായെപ്പോലെ, വ്യക്തിപരവും സാമൂഹികവുമായ നവീകരണത്തിനുള്ള ജീവരസം സുവിശേഷമാണെന്ന് സാക്ഷ്യപ്പെടുത്താന്‍ കൂടിയാണ് താന്‍ ഇവിടെയെത്തിയതെന്ന് പാപ്പാ പ്രസ്താവിച്ചു. ബുദ്ധിമുട്ടേറിയ ഇടങ്ങളിലും നന്മ ചെയ്യാനും, വിരോധം അവസാനിപ്പിച്ച് ഭിന്നതയിലായിരിക്കുന്നവരെ അനുരഞ്ജനപ്പെടുത്താനും സാധിക്കുന്ന വിധത്തില്‍ മനുഷ്യഹൃദയത്തെ മാറ്റാന്‍ യേശുക്രിസ്തുവിന്റെ സുവിശേഷത്തിനാകും. ദൈവവും മനുഷ്യനും തമ്മിലുള്ള അനുരഞ്ജനം തന്നിലൂടെ സാധ്യമാക്കിയവനും, മനുഷ്യന്റെ ഹൃദയം അറിയുന്നവനും ആയതുകൊണ്ട് മുറിവുകളെ സുഖപ്പെടുത്താനാകുന്ന, യേശുവിന്റെ സുവിശേഷം പൂര്‍ണ്ണമായ സ്വാതന്ത്ര്യത്തോടെ എല്ലാ സ്ത്രീപുരുഷന്മാരും മനസ്സിലാക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. കുടുംബങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയിലേക്കും പാപ്പാ ശ്രദ്ധ ക്ഷണിച്ചു.
ദൈവമാതാവും പീഡിതരുടെ ആശ്വാസവും, ലക്‌സംബര്‍ഗിന്റെ പ്രത്യേക മധ്യസ്ഥയുമായ ക്രിസ്തുവിന്റെ മാതാവ് രാജ്യത്തെ സംരക്ഷിക്കുകയും, സമാധാനവും എല്ലാ നന്മയും യേശുവില്‍നിന്ന് വാങ്ങിത്തരികയും ചെയ്യട്ടെയെന്ന ആശംസയോടെയാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *