Follow Us On

02

August

2025

Saturday

സോഷ്യല്‍ മീഡിയയിലെ അമിതമായ വിവരങ്ങള്‍ നമ്മെ ക്ഷീണിതരാക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു: ലിയോ 14 ാമന്‍ മാര്‍പാപ്പ

സോഷ്യല്‍ മീഡിയയിലെ അമിതമായ വിവരങ്ങള്‍ നമ്മെ ക്ഷീണിതരാക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നു: ലിയോ 14 ാമന്‍ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സോഷ്യല്‍ മീഡിയയിലൂടെ നമ്മുടെ മുമ്പിലേക്കെത്തുന്ന അമിതമായ വിവരങ്ങള്‍ നമ്മെ ക്ഷീണിതരാക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന ഒരുതരം വൈകാരിക ‘ബുളിമിയ’ സൃഷ്ടിച്ചിട്ടുണ്ടെന്ന മുന്നറിയിപ്പുമായി ലിയോ 14 ാമന്‍ പാപ്പ.

നമ്മുടെ സമൂഹം ഹൈപ്പര്‍ കണക്റ്റിവിറ്റി മൂലം രോഗാതുരമായിരിക്കുകയാണെന്ന്  ബുധനാഴ്ചത്തെ പൊതുസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ പാപ്പ നിരീക്ഷിച്ചു. ചിത്രങ്ങള്‍, ചിലപ്പോള്‍ തെറ്റായതോ വികലമായതോ നമ്മുടെ മുമ്പിലേക്ക് തുടര്‍ച്ചയായി എത്തിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍  ഇന്നത്തെ ആശയവിനിമയ മാര്‍ഗങ്ങള്‍ ഉത്കണ്ഠയുടെ ഉറവിടങ്ങളായി മാറാതെ സൗഖ്യത്തിന്റെ  ഉപകരണങ്ങളായി മാറുമെന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.

ക്രിസ്തുവിന്റെ ശുശ്രൂഷയുടെ ഭാഗമായുള്ള കണ്ടുമുട്ടലുകള്‍, ഉപമകള്‍, രോഗശാന്തി പ്രവൃത്തികള്‍ എന്നിവയുടെ സമകാലിക പ്രസക്തിയെക്കുറിച്ച് പാപ്പ വിചിന്തനം ചെയ്തു. യേശുവിന്റെ പരസ്യജീവിതത്തെക്കുറിച്ച് ബുധനാഴ്ചയിലെ പൊതുസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് നല്‍കി വന്നിരുന്ന പ്രബോധനപരമ്പര ഉപസംഹരിച്ച പാപ്പ, നിലവിലെ യുഗത്തിനും സൗഖ്യം ആവശ്യമാണെന്ന് പറഞ്ഞു.  ബധിരനും മൂകനുമായ  മനുഷ്യന് യേശു രോഗശാന്തി നല്‍കുന്ന മര്‍ക്കോസിന്റെ സുവിശേഷത്തില്‍ നിന്നുള്ള ഭാഗമാണ് പാപ്പ ഈ പ്രബോധപരമ്പരയുടെ സമാപനത്തില്‍ വിചിന്തനം ചെയ്തത്. ഒരുപക്ഷേ സംസാരിക്കാന്‍ അറിയാത്തതുകൊണ്ടോ അതിനുള്ള പര്യാപ്തത തോന്നാത്തതുകൊണ്ടോ ആവാം അദ്ദേഹം നിശബ്ദനായിരുന്നതെന്ന് പാപ്പ പറഞ്ഞു. തെറ്റിദ്ധരിക്കപ്പെട്ടതായി തോന്നുന്നതിനാല്‍ എത്ര തവണ നമ്മള്‍ സംസാരിക്കുന്നത് നിര്‍ത്താറുണ്ടെന്ന് പാപ്പ ചോദിച്ചു.

യഥാര്‍ത്ഥ ആശയവിനിമയം ക്രിയാത്മകം മാത്രമല്ല, സൗഖ്യദായകമാണെന്നും പാപ്പ തുടര്‍ന്നു. നമ്മുടെ വാക്കുകള്‍ കൊണ്ട് മറ്റുള്ളവര്‍ വേദനിക്കാനിടയാകരുത്. ശരിയായി സംസാരിക്കുക എന്നത് ഒരു യാത്രയുടെ തുടക്കമാണ്. നമ്മുടെ ആശയവിനിമയ രീതിയെ സുഖപ്പെടുത്താന്‍ േയശുവിനോട് പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പ പ്രസംഗം അവസാനിപ്പിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?