ഇടുക്കി: ഭരണഘടനയെ തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്ന് ഇടുക്കി രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍. ഛത്തീസ്ഗഡില്‍ സന്യാസിനിക ള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍, അന്യായമായ തുറുങ്കിലട ക്കല്‍ എന്നിവയ്‌ക്കെതിരെ ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ ചെറുതോണില്‍ നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഛത്തീസ്ഗഢില്‍ ഉണ്ടായ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാ ലംഘനവുമാണ്. ഭാരതത്തിന്റെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളിലും, ആദിവാസി ഗോത്രമേഖലകളിലും തികച്ചും സേവന മനോഭാവത്തോടെ ജോലി ചെയ്യുന്ന മിഷനറി ശുശ്രൂഷകരെ അറസ്റ്റ് ചെയ്ത് ജയിലടച്ച നടപടി അംഗീ കരിക്കാവുന്നതല്ല.
ആതുരശുശ്രൂഷകളിലും വിദ്യാഭ്യാസ മേഖലകളിലും ഇവര്‍ ചെയ്യുന്ന സേവനങ്ങള്‍ ഏറ്റവും മികച്ചതും മനുഷ്യത്വപര വുമാണ്. ഭാരതത്തിന്റെ അവികസിത ഗ്രാമങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മറ്റാരും തയ്യാറാകാത്ത സാഹ ചര്യത്തില്‍ പിറന്ന നാടും, ബന്ധുക്കളെയും ഉപേക്ഷിച്ച് സേവനം ചെയ്യുന്ന സന്യസ്ഥരെ അറസ്റ്റ് ചെയ്ത നടപടി ഇന്ത്യയുടെ മതേതര മുഖത്തിനേറ്റ കനത്ത പ്രഹരമാണന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി രൂപതയിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ വഞ്ചികവലയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലി രൂപതാ വികാരി ജനറാള്‍ മോണ്‍. അബ്രഹാം പുറയാറ്റ് ഉദ്ഘാടനം ചെയ്തു. ആയിരങ്ങള്‍ പങ്കെടുത്ത റാലി ചെറുതോണി ടൗണില്‍ എത്തിച്ചേര്‍ന്നപ്പോള്‍ പ്രതിഷേധയോഗം മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ഉദ്ഘാടനം ചെയ്തു.
മോണ്‍. ജോസ് നരിതൂക്കില്‍, ഫാ. ജിന്‍സ് കാരയ്ക്കാട്ട്, സിസ്റ്റര്‍ ഡോ. പ്രദീപ സിഎംസി, കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍, കെസിവൈഎം രൂപതാ പ്രസിഡന്റ് സാം സണ്ണി, മിഷന്‍ ലീഗ് രൂപതാ പ്രസിഡന്റ് സെസില്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *