വത്തിക്കാന്‍ സിറ്റി: ഗോവന്‍ സ്വദേശിയായ ഫാ. റിച്ചാര്‍ഡ് ആന്റണി ഡിസൂസ എസ്.ജെ യെ വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററിയുടെ പുതിയ ഡയറക്ടറായി ലിയോ 14 ാമന്‍ മാര്‍പാപ്പ നിയമിച്ചു. 2025 സെപ്റ്റംബര്‍ 19-ന് 10 വര്‍ഷത്തെ കാലാവധി അവസാനിക്കുന്ന ബ്രദര്‍ ഗൈ കണ്‍സോള്‍മാഗ്‌നോ, എസ്.ജെ.യുടെ പിന്‍ഗാമിയായാണ് ഫാ. റിച്ചാര്‍ഡിന്റെ നിയമനം.
ജ്യോതിശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ പ്രഗത്ഭ ജ്യോതിശാസ്ത്രജ്ഞനായ ഡിസൂസ 2016 മുതല്‍ ഒബ്‌സര്‍വേറ്ററിയിലെ സ്റ്റാഫാണ്. ബഹിരാകാശ ദൂരദര്‍ശിനികളിലും നൂതന കമ്പ്യൂട്ടേഷണല്‍ സാങ്കേതിക വിദ്യകളിലുമുള്ള ഫാ. റിച്ചാര്‍ഡിന്റെ പരിചയസമ്പത്ത് കണക്കിലെടുക്കുമ്പോള്‍, ഒബ്‌സര്‍വേറ്ററി മുന്നോട്ട് കൊണ്ടുപോകാനുള്ള ദര്‍ശനവും ജ്ഞാനവും ഫാ. ഡിസൂസയ്ക്കുണ്ടെന്ന് ബ്രദര്‍ ഗൈ കണ്‍സോള്‍മാഗ്‌നോ പ്രതികരിച്ചു.
1978 – ല്‍ ഇന്ത്യയിലെ ഗോവയില്‍ ജനിച്ച ഫാ. ഡിസൂസ 1996 ല്‍ ജസ്യൂട്ട് സന്യാസ സഭയില്‍ ചേര്‍ന്നു. 2011 ല്‍ വൈദികനായി അഭിഷിക്തനായി. പൂനെയിലെ ജ്ഞാനദീപയില്‍ തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിച്ച അദ്ദേഹം ജര്‍മനിയിലെ ഹൈഡല്‍ബര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ഗാലക്‌സികളുടെ രൂപീകരണത്തിലും പരിണാമത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം മ്യൂണിക്കിലെ ഗാര്‍ച്ചിംഗിലുള്ള മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആസ്‌ട്രോഫിസിക്‌സില്‍ നിന്ന് ജ്യോതിശാസ്ത്രത്തില്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കി. പിന്നീട് യുഎസ്എയിലെ ആന്‍ അര്‍ബറിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ പോസ്റ്റ്-ഡോക്ടറല്‍ ഗവേഷണം നടത്തി.
2022 മുതല്‍ വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററിയിലെ ജെസ്യൂട്ട് സമൂഹത്തിന്റെ സുപ്പീരിയറായ ഫാ. ഡിസൂസ, ഗാലക്‌സി ലയനങ്ങളിലും ഗാലക്‌സി ഘടനയില്‍ അവ ചെലുത്തുന്ന സ്വാധീനത്തിലും വൈദഗ്ധ്യം നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയനിലെ അംഗമായ ഫാ. ഡിസൂസയുടെ ബഹുമാനാര്‍ത്ഥം അടുത്തിടെ ഒരു ഛിന്നഗ്രഹത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *