Follow Us On

08

October

2024

Tuesday

നീണ്ടുനിന്ന കരഘോഷങ്ങളേറ്റുവാങ്ങി മാര്‍പാപ്പ ലുവെയ്ന്‍ സര്‍വകലാശാലയില്‍

നീണ്ടുനിന്ന കരഘോഷങ്ങളേറ്റുവാങ്ങി മാര്‍പാപ്പ ലുവെയ്ന്‍ സര്‍വകലാശാലയില്‍

ഫ്രാന്‍സിസ് പാപ്പായുടെ നാല്പത്തിയാറാം അപ്പസ്‌തോലിക സന്ദര്‍ശനത്തിനു സമയദൈര്‍ഘ്യം കുറവായിരുന്നുവെങ്കിലും, ബെല്‍ജിയത്തില്‍ വലിയ വിശ്വാസതീക്ഷ്ണതയ്ക്കാണ് സാക്ഷ്യം വഹിച്ചത്. സെപ്റ്റംബര്‍ മാസം ഇരുപത്തിയെട്ടാം തീയതി,  കോക്കല്‍ബര്‍ഗ് തിരുഹൃദയബസിലിക്കയില്‍ വിശ്വാസിസമൂഹവുമായി ഫ്രാന്‍സിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ച്ച, യഥാര്‍ത്ഥത്തില്‍ സിനഡല്‍ സഭയുടെ ഒരു നേര്‍ക്കാഴ്ച്ച തന്നെയായിരുന്നു.

ഭ്രൂണഹത്യയെന്ന കൊലപാതക നിയമത്തില്‍ ഒപ്പിടുവാന്‍ വിസമ്മതിച്ചുകൊണ്ട്, രാജകീയപദവി ഉപേക്ഷിക്കുവാന്‍ തീരുമാനിച്ച ബൗദൂയിന്‍ രാജാവിന്റെ ധൈര്യം ഇന്നും ബെല്‍ജിയത്തെ ജനതയ്ക്കു ഉണ്ടായിരിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. റോമില്‍ തിരികെ എത്തിയാലുടന്‍, ബെല്‍ജിയന്‍ രാജാവായിരുന്ന ബൌദുവീന്റെ നാമകരണപരിപാടികള്‍ ആരംഭിക്കുമെന്നും പാപ്പാ പറഞ്ഞു.

ബെല്‍ജിയത്തിലെ പ്രശസ്തവും, അതിപുരാതനവുമായ കത്തോലിക്കാ സര്‍വ്വകലാശാലയായ ലുവൈയിനില്‍ സര്‍വ്വകലാശാല അധികൃതരും, ചാന്‍സിലറും, മലീനസ്ബ്രസല്‍സ് അതിരൂപതാദ്ധ്യക്ഷനും, പ്രവിശ്യയുടെ ഗവര്‍ണറും, ലുവൈന്‍ നഗരത്തിന്റെ അധ്യക്ഷനും ചേര്‍ന്ന് പാപ്പായെ സ്വീകരിച്ചു.
‘ദൈവത്തോടും, മനുഷ്യരോടും വിശ്വസ്തത പുലര്‍ത്തിക്കൊണ്ടുളള അറിവിലും, ഉത്തരവാദിത്വത്തിലും വളരുവാനുള്ള പ്രത്യാശയും, പ്രതിബദ്ധതയും നിറഞ്ഞ ഒരു കാലഘട്ടമായിരിക്കട്ടെ, ഈ സര്‍വ്വകലാശാല പഠനകാലം’ എന്നാണ് പാപ്പാ സന്ദര്‍ശക രജിസ്റ്ററില്‍ കുറിച്ചത്.

അറുനൂറു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന സര്‍വ്വകലാശാലയെ സംബന്ധിച്ചിടത്തോളം, പാപ്പായുടെ സന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.  വേദിയിലേക്ക് കടന്നുവന്ന പാപ്പായെ, ദൈവസ്തുതികളുടെ അകമ്പടിയോടെയും, ഹര്‍ഷാരവത്തോടെയും വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചു. ഏകദേശം അഞ്ചു മിനിറ്റുകളോളം ഈ ഹര്‍ഷാരവം നീണ്ടുനിന്നുവെന്നതും എടുത്തു പറയേണ്ടതാണ്. ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തിനു നന്ദി പറഞ്ഞുകൊണ്ട്, ദൈവത്തെ സ്തുതിക്കുന്നതായിരുന്നു, ഗാനത്തിന്റെ അര്‍ത്ഥം.

പാപ്പായുടെ പ്രഭാഷണം നിറഞ്ഞ കൈയടികളോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. തങ്ങളുടെ ഇരിപ്പിടങ്ങളില്‍ നിന്നും എഴുന്നേറ്റുകൊണ്ട്, അവര്‍ പാപ്പായോടുള്ള ബഹുമാനം എടുത്തു കാണിച്ചു.
‘ലുവൈന്‍ എന്ന വലിയ സര്‍വകലാശാല സമൂഹത്തിലെ അംഗങ്ങള്‍ തുറന്ന മനസോടെയും, ഹൃദയത്തോടെയും,അധ്വാനിക്കുന്ന കരങ്ങളോടെയും  സത്യത്തിന്റയും, സന്തോഷത്തിന്റെയും, മനോഹാരിതയുടെയും യഥാര്‍ത്ഥ അന്വേഷകരായി  മാറട്ടെ. അവര്‍ സംഭാഷണനിപുണരും, സമാധാനത്തിന്റെ കൈവേലക്കാരുമായി മാറിക്കൊണ്ട്, അവരുടെ ഓരോ സ്വപ്നങ്ങള്‍ക്കും സേവനത്തിന്റെ മാതൃക നല്‍കട്ടെ.’, എന്നതായിരുന്നു പാപ്പായുടെ വാക്കുകള്‍.

സര്‍വകലാശാലയ്ക്കു പുറത്തും പാപ്പായെ കാത്ത് നിരവധിയാളുകള്‍ നില്‍ക്കുന്നുണ്ടായിരുന്നു. അനേകം രോഗികളും വീല്‍ചെയറില്‍ പാപ്പായെ കാത്തിരിക്കുന്നുണ്ടായിരുന്നു. കുരുന്നുകള്‍ പാപ്പായ്ക്ക് പൂക്കള്‍ സമ്മാനിച്ചതും മനോഹരമായ അനുഭവങ്ങള്‍ പകര്‍ന്നു നല്‍കി.

ശേഷം, പാപ്പാ യുവജനങ്ങളുടെ സംഗമം നടക്കുന്ന വേദിയിലും കടന്നെത്തി, അവരോട് സൗഹൃദ സംഭാഷണം നടത്തി. ആഗോള യുവജന സംഗമത്തിന്റെ ഒരു ചെറിയ പതിപ്പെന്നോണമാണ്, ബെല്‍ജിയത്ത് യുവജനങ്ങളുടെ ഒരു സംഗമം സംഘടിപ്പിച്ചത്. ആറായിരത്തിലധികം യുവജനങ്ങള്‍ ഒത്തുചേര്‍ന്ന സംഗമത്തില്‍ സംഗീത  ആരാധനാ വിരുന്നും, പ്രാര്‍ത്ഥനകൂട്ടായ്മയും ഉണ്ടായിരുന്നു. തികച്ചും വ്യക്തിപരമായ പാപ്പായുടെ സന്ദര്‍ശനത്തില്‍, അദ്ദേഹം യുവജനങ്ങളോട്, അവര്‍ കര്‍മ്മനിരതരായിരിക്കണമെന്നു ഓര്‍മ്മിപ്പിച്ചു. പ്രാര്‍ത്ഥനയില്‍ ഒരിക്കലും മാന്ദ്യം വരുത്തരുതെന്നും, മറ്റുള്ളവരെ സഹായിക്കുവാന്‍ നാം ജാഗ്രതയോടെ നിലകൊള്ളണമെന്നും പാപ്പാ പറഞ്ഞു.

തന്റെ നാല്പത്തിയാറാമത് അപ്പസ്‌തോലിക യാത്ര സമാപിക്കുന്ന സെപ്റ്റംബര്‍ മാസം ഇരുപത്തിയൊമ്പതാം തീയതി ഞായറാഴ്ച്ചയും, ഫ്രാന്‍സിസ് പാപ്പായുടെ പരിപാടികള്‍ പ്രഭാതത്തില്‍ തന്നെ ആരംഭിച്ചു. രാവിലെ ഏകദേശം 8. 30 ഓടെ ഫ്രാന്‍സിസ് പാപ്പായെ  സന്ദര്‍ശിക്കുന്നതിനായി  യൂറോപ്യന്‍ കൗണ്‍സിലിന്റെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ചാള്‍സ് മൈക്കേല്‍ നൂന്‍ഷ്യേചറില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹവുമായി സ്വകാര്യകൂടിക്കാഴ്ച്ച നടത്തിയ പാപ്പാ തുടര്‍ന്ന്,  നൂന്‍ഷ്യേചറിലെ അംഗങ്ങളോടും, അഭ്യുദയകാംക്ഷികളോടും നന്ദി പറഞ്ഞതിന് ശേഷം, പ്രാദേശിക സമയം ഏകദേശം ഒമ്പതുമണിയോടെ കിങ് ബൗദുയിന്‍ മൈതാനത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനായി എത്തിച്ചേര്‍ന്നു.
മുപ്പത്തിയയ്യായിരത്തിനു മുകളില്‍ വിശ്വാസികള്‍ പാപ്പായുടെ വരവിനു ഏറെ മണിക്കൂറുകള്‍ക്കു മുന്‍പേ മൈതാനത്തില്‍ ഒരുക്കിയിരുന്ന ഇരിപ്പടങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നു. മൈതാനത്തിന്റെ ഒരു ഭാഗത്ത് വിവിധ മതങ്ങളെ പ്രതിനിധീകരിച്ച്, ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനത്തിന് തങ്ങളുടെ സൗഹൃദവും സാമീപ്യവും അറിയിക്കുന്നതിനായി എത്തിച്ചേര്‍ന്നവര്‍ക്കായി, പ്രത്യേക സ്ഥലവും സജ്ജീകരിച്ചിരുന്നു.
ബെല്‍ജിയത്തിന്റെ രാജഭരണാധികാരികളും, പ്രധാന അധികാരികളും വിശുദ്ധ കുര്‍ബാനയില്‍ സന്നിഹിതരായിരുന്നു. ദൈവദാസിയായ അന്ന ഡി ഹെസൂസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു നടത്തിയ തിരുക്കര്‍മ്മങ്ങള്‍ ഫ്രഞ്ച് ഭാഷയിലാണ് അര്‍പ്പിച്ചത്.

ഫ്രാന്‍സിസ് പാപ്പാ തനിക്കു നല്‍കിയ ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറഞ്ഞു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തിനു എല്ലാവരെയും സമര്‍പ്പിച്ചുകൊണ്ട്  റോമിലേക്കു മടങ്ങുകയും അവിടെയെത്തി പതിവുപോലെ പരിശുദ്ധ അമ്മയുടെ മേജര്‍ ബസിലിക്കയിലെത്തി അമ്മയ്ക്ക് കൃകജ്ഞത അര്‍പ്പിക്കുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?