Follow Us On

22

January

2025

Wednesday

‘സിനഡ് ഓണ്‍ സിനഡാലിറ്റി’ അവസാന ഘട്ടത്തിലേക്ക്

‘സിനഡ് ഓണ്‍ സിനഡാലിറ്റി’ അവസാന ഘട്ടത്തിലേക്ക്

വത്തിക്കാന്‍ സിറ്റി: 2021 ഒക്‌ടോബര്‍ മാസത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുടക്കം കുറിച്ച സിനഡ് ഓണ്‍ സിനഡാലിറ്റി അവസാന ഘട്ടത്തിലേക്ക്. ഒക്‌ടോബര്‍ 2 മുതല്‍ 27 വരെ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ രണ്ടാം സമ്മേളനത്തോടെ വര്‍ഷങ്ങള്‍ നീണ്ട വിവിധ തലങ്ങളിലായി നടത്തിയ സിനഡല്‍ പ്രക്രിയ ഔദ്യോഗികമായി സമാപിക്കും. ‘ഒരുമിച്ചുള്ള യാത്രയി’ലൂടെ വളരുന്നതിനായി പരിശുദ്ധാത്മാവ്  പ്രചോദിപ്പിക്കുന്ന കാര്യങ്ങള്‍’ രൂപതാ തലത്തില്‍ ചര്‍ച്ച ചെയ്തുകൊണ്ടാണ് ഈ സിനഡല്‍ പ്രക്രിയ ആരംഭിച്ചത്. തുടര്‍ന്ന് ദേശീയ തലം, ഭൂഖണ്ഡതലം തുടങ്ങിയ ഘട്ടങ്ങളിലൂടെ കടന്നുപോയ ശേഷം 2023 ഒക്‌ടോബര്‍ മാസത്തില്‍ വത്തിക്കാനില്‍ വച്ച് ‘സിനഡ് ഓണ്‍ സിനഡാലിറ്റിയുടെ’ ആദ്യ പൊതു അസംബ്ലി നടന്നു.

”ക്രിസ്തുവിനോടൊപ്പം ക്രൈസ്തവര്‍  മനുഷ്യകുലത്തെ മുഴുവന്‍ കൂട്ടിക്കൊണ്ട് ദൈവരാജ്യത്തെ ലക്ഷ്യമാക്കി നടത്തുന്ന യാത്ര,”2023 സിനഡിന്റെ സമാപനത്തില്‍ പുറത്തിറക്കിയ സംക്ഷിപ്ത റിപ്പോര്‍ട്ടില്‍ സിനഡാലിറ്റിയെ ഇപ്രകാരമാണ് നിര്‍വചിച്ചിരിക്കുന്നത്. ലോകത്തിന്റെ അജണ്ടകള്‍ വച്ചുകൊണ്ട്  അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടി വാദിക്കാനുള്ള സമ്മേളനമല്ല മറിച്ച് പരിശുദ്ധാത്മാവിനോടൊത്ത് നടത്തേണ്ട യാത്രയാണ് ഇത് എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സിനഡാലിറ്റിയെക്കുറിച്ച് പറഞ്ഞത്. വിവാദപരമായ വിഷയങ്ങളെല്ലാം ഒഴിവാക്കി മൂന്ന് പ്രധാന വിഷയങ്ങളിലാണ് 2024 ഒക്‌ടോബറില്‍ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ പ്രവര്‍ത്തനരേഖ  ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദൈവത്തോടുള്ള കൂട്ടായ്മയുടെയും മനുഷ്യകുലം മുഴവനോടുമുള്ള ഐക്യത്തിന്റെയും അടയാളവും ഉപകരണവുമായി മാറുവാന്‍ ക്രൈസ്തവര്‍ക്ക് എങ്ങനെ സാധിക്കും?, നമുക്ക് ലഭിച്ചിരിക്കുന്ന ദാനങ്ങളും ദൗത്യങ്ങളും സുവിശേഷത്തിന്റെ ശുശ്രൂഷയ്ക്കായി എങ്ങനെ കൂടുതല്‍ ഉപയോഗപ്പെടുത്താം?, മിഷനറി സിനഡല്‍ സഭക്ക് എന്തൊക്ക സംവിധാനങ്ങളും ചട്ടക്കൂടുകളും സ്ഥാപനങ്ങളുമാണ് ആവശ്യമായിട്ടുള്ളത്? എന്നിവയാണ് ആ വിഷയങ്ങള്‍.

വോട്ടവകാശമുള്ള 368 അംഗങ്ങളും വോട്ടവകാശമില്ലാത്ത 96 അംഗങ്ങളുമാണ്  ഇത്തവണ സിനഡില്‍ പങ്കെടുക്കുന്നത്. സിനഡ് ഓണ്‍ സിനഡാലിറ്റിയുടെ റിലേറ്റര്‍ ജനറലായ ലക്‌സംബര്‍ഗ് ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ജീന്‍ ക്ലോഡെ ഹൊള്ളിറിക്കും ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മാരിയോ ഗ്രെഷുമാണ് സിനഡിന്റെ ചുക്കാന്‍ പിടിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?