Follow Us On

22

December

2024

Sunday

പുനരൈക്യ ശതാബ്ദിക്ക് ഒരുക്കം; വചനവര്‍ഷാചരണം തുടങ്ങി

പുനരൈക്യ ശതാബ്ദിക്ക് ഒരുക്കം; വചനവര്‍ഷാചരണം തുടങ്ങി
തിരുവല്ല: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശതാബ്ദിയാഘോഷങ്ങള്‍ക്ക് ഒരുക്കമായി മലങ്കര കത്തോലിക്കാ സഭയില്‍ വചനവര്‍ഷാചരണത്തിന് തുടക്കമായി. ”എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്റെ ശിഷ്യരാണ്” (യോഹ. 8:31) എന്ന ബൈബിള്‍ വാക്യം അടിസ്ഥാനമാക്കി, ‘എന്റെ വചനത്തില്‍ വസിക്കുക’ എന്നതാണ് വചനവര്‍ഷത്തിലെ ചിന്താവിഷയം.
മലങ്കര കത്തോലിക്കാ സഭാവിശ്വാസികള്‍ക്ക് ബൈബിളില്‍ ആഴമായ അറിവും അനുഭവവും പകര്‍ന്നു നല്‍കുന്നതിനോടൊപ്പം വിശുദ്ധ ലിഖിതത്തിലെ യേശുവിനെ കണ്ടുമുട്ടുന്നതിന് അവരെ ഒരുക്കുക എന്നതുമാണ് വചനവര്‍ഷാചരണത്തിന്റെ ലക്ഷ്യം.
ആദിമസന്യാസ ആശ്രമങ്ങളില്‍ നിലനിന്നിരുന്ന വിശുദ്ധ ഗ്രന്ഥത്തിന്റെ വിശുദ്ധ വായനയായ ‘ലെക്‌സിയോ ദിവീനാ’ എല്ലാ ഇടവകകളിലും പ്രേഷിത പ്രവര്‍ത്തനമേഖലകളിലും പരിശീലിപ്പിക്കാന്‍ വചനവര്‍ഷത്തില്‍ സഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പ്ലാറ്റ് പോമുകളില്‍ ബൈബിള്‍ പഠനം നല്‍കുക, മേഖലാ-രൂപതാ തലങ്ങളില്‍ ബൈബിള്‍ പഠിക്കുന്നതിന് അവസരം നല്‍കുക, മേഖലാ-രൂപതാ തലങ്ങളില്‍ ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുക, ഇടവകതലത്തില്‍ ബൈബിള്‍ പഠനഗ്രൂപ്പുകള്‍ സൃഷ്ടിക്കുക, ബൈബിള്‍പരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിശ്വാസികളെ ശക്തരാക്കുക, ഒരുവര്‍ഷംകൊണ്ട് ബൈബിള്‍ വായിച്ചുതീര്‍ക്കുന്നതിനുള്ള മാര്‍ഗദര്‍ശനം നല്‍കുക, അവസരോചിതവും ഫലപ്രദവുമായ ബൈബിള്‍ വാക്യങ്ങള്‍ മനഃപാഠമാക്കുന്നതിന് നല്‍കുക, ബൈബിളിനെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തുക, വ്യക്തിപരമായി ഒരു ബൈബിള്‍ ഉണ്ടായിരിക്കുക, വ്യക്തിപരമായി ബൈബിള്‍ വായിക്കുക തുടങ്ങിയ സംസ്‌കാരം വളര്‍ത്തുന്നതിനാണ് വചനവര്‍ഷത്തില്‍ മലങ്കര കത്തോലിക്കാ സഭ പ്രത്യേക ശ്രദ്ധ നല്‍കുന്നത്.
സെപ്റ്റംബര്‍ 20-ന് പാറശാലയില്‍ നടന്ന മലങ്കര പുനരൈക്യവാര്‍ഷികത്തില്‍ വചനവര്‍ഷാചരണത്തിന്റെ ഉദ്ഘാടനം നടത്തി. ഇടവകളില്‍ സെപ്റ്റംബര്‍ 29 ഞായറാഴ്ചയും ഉദ്ഘാടനം നടന്നു. ദൈവാലയത്തില്‍നിന്നും ലഭിച്ച തിരി കത്തിച്ച് വിശുദ്ധഗ്രന്ഥം പ്രത്യേകം കുടുംബത്തില്‍ പ്രതിഷ്ഠിക്കുകയും ബൈബിള്‍ പാരായണം നടത്തുകയും ചെയ്യണണെന്നാണ് സഭാനിര്‍ദേശം. എല്ലാ ദിവസവും മെഴുകുതിരി കത്തിച്ചുവച്ച് സന്ധ്യയ്ക്കും പ്രഭാതത്തിലും വിശുദ്ധലിഖിതം വായിക്കുന്നു.
 ഒരു വര്‍ഷംകൊണ്ട് ബൈബിള്‍ മുഴുവന്‍ വായിച്ചു തീര്‍ക്കാനുള്ള നിര്‍ദേശവും സഭ മുന്നോട്ടുവച്ചിട്ടുണ്ട്. ഇതോടൊപ്പം പതിനായിരം പേര്‍ പങ്കെടുക്കുന്ന ബൈബിള്‍ പഠനവും മലങ്കര കാത്തലിക് ടെലിവിഷനിലൂടെ ആരംഭിച്ചിട്ടുണ്ട്. ആഴ്ചയില്‍ രണ്ട് മണിക്കൂര്‍ വീതമുള്ള അമ്പതു എപ്പിസോഡുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ പഠനപരമ്പര. പത്ത് എപ്പിസോഡുകള്‍ പൂര്‍ത്തിയാകുമ്പോള്‍ പരീക്ഷയും വിജയിക്കുന്നവര്‍ക്ക് ഡിപ്ലോമാ സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. ഇടവകതലത്തില്‍ 2025 മെയ് മാസത്തില്‍ ബൈബിള്‍വാക്യ രചനാപരീക്ഷ നടത്തും. വചനവര്‍ഷത്തിന്റെ സമാപനം 2025 സെപ്റ്റംബര്‍ 19-നാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?