Follow Us On

23

December

2024

Monday

മാര്‍പാപ്പയുടെ കീഴില്‍ പുതിയ സഭ; അതിരൂപതാംഗങ്ങള്‍ ജാഗ്രത പാലിക്കണം: മാര്‍ ബോസ്‌കോ പുത്തൂര്‍

മാര്‍പാപ്പയുടെ കീഴില്‍ പുതിയ സഭ; അതിരൂപതാംഗങ്ങള്‍ ജാഗ്രത പാലിക്കണം: മാര്‍ ബോസ്‌കോ പുത്തൂര്‍
കൊച്ചി: മാര്‍പാപ്പയുടെ കീഴില്‍ പുതിയ സഭ രൂപീകരിക്കുന്നുവെന്ന് ചില വ്യക്തികള്‍ നടത്തുന്ന തെറ്റായ പ്രചാരണത്തിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതാംഗങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ആവശ്യപ്പെട്ടു.
സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് തീരുമാനിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതും ഫ്രാന്‍സിസ് മാര്‍പാപ്പ നടപ്പിലാക്കാന്‍ ആഹ്വാനം ചെയ്തതുമായ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതിക്കെതിരെ നിരന്തരമായ എതിര്‍പ്പും പ്രതിഷേധവും തടസപ്പെടുത്തലും തുടര്‍ന്നുകൊണ്ട് ഇത്തരം പ്രചാരണം ചിലര്‍ നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. സഭാസംവിധാനങ്ങളെ വെല്ലുവിളിച്ചും അനുസരണക്കേടിനെ ന്യായീകരിച്ചും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചും നടത്തുന്ന പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏകീകൃതരീതിയിലുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണം നടപ്പിലാക്കാതെ അനുസരണക്കേടില്‍ തുടരുന്നവര്‍ ഒരുമിച്ചുകൂടി പരിശുദ്ധ മാര്‍പാപ്പയുടെ കീഴില്‍ ഒരു സ്വതന്ത്ര സഭയായി നില്‍ക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ പ്രചാരണം. മാര്‍പാപ്പ പറഞ്ഞത് അനുസരിക്കാത്തവരെ എങ്ങനെയാണ് കത്തോലിക്കാ സഭയില്‍ ഒരു പ്രത്യേക സഭയായി മാര്‍പാപ്പ അംഗീകരിക്കുന്നത്?
2021 ജൂലൈ മൂന്നിന് സീറോ മലബാര്‍ സഭയ്ക്ക് പൊതുവായും 2022 മാര്‍ച്ച് 25-ന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് പ്രത്യേകമായും ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി നടപ്പിലാക്കാന്‍ മാര്‍പാപ്പ കത്തുകള്‍ എഴുതിയത് എല്ലാവര്‍ക്കും അറിവുള്ളതാണ്. എന്നിട്ടും അനുസരണക്കേട് തുടര്‍ന്നപ്പോള്‍ അതിരൂപതയുടെ ഭരണം മാര്‍പാപ്പയുടെ നിയന്ത്രണത്തിലാക്കി അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചു. അതിനുപുറമേ, ആര്‍ച്ചുബിഷപ് സിറില്‍ വാസിലിനെ പ്രത്യേക പ്രതിനിധിയായി (പൊന്തിഫിക്കല്‍ ഡലഗേറ്റ്) അതിരൂപതയിലേക്കയക്കുകയും ചെയ്തു.
നിര്‍ബന്ധബുദ്ധിയോടെയുള്ള അനുസരണക്കേടും സഭാപരമല്ലാത്ത പ്രതിഷേധങ്ങളും തുടര്‍ന്നപ്പോള്‍ അസാധാരണമായ വിധത്തില്‍ വീഡിയോ സന്ദേശത്തിലൂടെ 2023 ഡിസംബര്‍ ഏഴിന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ അതിരൂപതാംഗങ്ങളോട് അനുസരിക്കാന്‍ ആവശ്യപ്പെടുകയും അനുസരണക്കേടില്‍ തുടര്‍ന്നാല്‍ അത് ശീശ്മയാകുമെന്നു മുന്നറിയിപ്പു നല്‍കുകയും ചെയ്തു.
മാര്‍പാപ്പയുടെ പിതൃസഹജമായ ആവര്‍ത്തിച്ചുള്ള ആഹ്വാനത്തെ തള്ളിക്കളയുന്നതിനും വാക്കുകള്‍ വളച്ചൊടിക്കുന്നതിനും പരിശുദ്ധ പിതാവിന്റെ പ്രതിനിധികളെ അപമാനിക്കുന്നതിനും നേതൃത്വം നല്‍കുന്നവരാണ് പുതിയ സഭയുടെ സാധ്യതകള്‍ പ്രചരിപ്പിക്കുന്നത്. ഏകീകൃതരീതിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്നതിനെതിരെ നടത്തുന്ന സമരപരിപാടികള്‍ മാര്‍പാപ്പയുടെ അധികാരത്തിനെതിരെകൂടി നടത്തുന്ന പ്രതിഷേധമാണ് എന്ന് അതിരൂപതാംഗങ്ങള്‍ തിരിച്ചറിയുകയും സമരമാര്‍ഗത്തില്‍നിന്നു പിന്തിരിയുകയും ചെയ്യേണ്ടതാണ്. പരിശുദ്ധ പിതാവിനോടും സീറോ മലബാര്‍ മെത്രാന്‍സിനഡിനോടും മേജര്‍ ആര്‍ച്ചുബിഷപ്പിനോടും ചേര്‍ന്നുനിന്നുകൊണ്ട് സഭാകൂട്ടായ്മയെ ശക്തിപ്പെടുത്താന്‍ എല്ലാവരും പരിശ്രമിക്കണമെന്നും മാര്‍ ബോസ്‌കോ പുത്തൂര്‍ ആവശ്യപ്പെട്ടു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?