Follow Us On

09

December

2024

Monday

സ്വര്‍ഗത്തില്‍ ഇതിലും വലിയ ആനന്ദം കിട്ടുമോ? വിശുദ്ധ ഐസക്ക് ജോഗ്‌സും ഏഴ് രക്തസാക്ഷികളും

സ്വര്‍ഗത്തില്‍ ഇതിലും വലിയ ആനന്ദം കിട്ടുമോ? വിശുദ്ധ ഐസക്ക് ജോഗ്‌സും ഏഴ് രക്തസാക്ഷികളും

മിഷനറിവേലക്കായി വേറൊരു രാജ്യത്തായിരിക്കുമ്പോള്‍ മുടിയും താടിയും വിരലിലെ നഖങ്ങളും പിഴുതെടുക്കപ്പെടുക, അതുകഴിഞ്ഞു വിരലുകള്‍ വെട്ടി മാറ്റപ്പെടുക, ഒപ്പം വടിയും കത്തികളും കൊണ്ട് ധാരാളം അടിയും വെട്ടുമേറ്റ് മരണത്തോളം എത്തുക.. ഇത്രയും അനുഭവിച്ചതിന് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താന്‍ ഭാഗ്യം കിട്ടിയാല്‍, വീണ്ടും ആ ഭീകരതയുടെ നാട്ടിലേക്ക് തിരിച്ചു പോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുമോ? അതാണ് യഥാര്‍ത്ഥത്തില്‍ വിശുദ്ധ ഐസക്ക് ജോഗ്‌സ് ചെയ്തത്. ഈശോയോടുള്ള സ്‌നേഹത്തെ പ്രതി, പ്രേഷിത തീക്ഷ്ണതയെപ്രതി, വടക്കേ അമേരിക്കയില്‍ രക്തസാക്ഷികളായ ആദ്യത്തെ എട്ടുപേരില്‍ ഒരാള്‍.

1607ല്‍ ഫ്രാന്‍സില്‍ ജനിച്ച് വളര്‍ന്ന് പാരീസിലെ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം കഴിഞ്ഞ് 1636ല്‍ ഈശോസഭാ( ജെസ്യൂട്ട് ) വൈദികനായ ഐസക്ക് ജോഗ്‌സ്, തന്റെ സുഹൃത്തായ ചാള്‍സ് ഗാര്‍ണിയറിന്റെയും വേറെ മൂന്ന് ജെസ്യൂട്ട് വൈദികരുടെയും കൂടെ തെക്കന്‍ കാനഡയിലെ, അന്ന് ന്യൂ ഫ്രാന്‍സ് എന്നറിയപ്പെട്ടിരുന്ന ക്യൂബക്കിലേക്ക് പോയി ഹുറോണ്‍ ( ഇന്ത്യന്‍ ) വംശജര്‍ക്കിടയില്‍ മിക്ഷണറി പ്രവര്‍ത്തനം നടത്തുകയായിരുന്നു.

ക്യൂബക്കില്‍ എത്തിയപ്പോള്‍ ജോഗ്‌സ് അമ്മക്ക് എഴുതി, ‘ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരുമ്പോള്‍ എങ്ങനെയാണെന്ന് എനിക്കറിയില്ല, പക്ഷേ ഈ പുതിയ ലോകത്തേക്ക് കാലു കുത്തുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന അതിരറ്റ ആനന്ദത്തെക്കാള്‍, ഇവിടെ എത്തി കുര്‍ബ്ബാന അര്‍പ്പിച്ചതിനേക്കാള്‍ കൂടുതല്‍ കവിഞ്ഞൊഴുകുന്ന മറ്റൊരു ആനന്ദം എങ്ങനെ അനുഭവിക്കാന്‍ സാധിക്കും എന്നെനിക്കറിയില്ല’.

നല്ല സംസ്‌കാരവും വിദ്യാഭ്യാസവുമുള്ള അവര്‍ സ്വന്തനാടായ ഫ്രാന്‍സ് വിട്ട് അന്യനാട്ടില്‍ പോയി ഗോത്രവംശജരുടെ ഭാഷകള്‍ പഠിച്ചു, വനത്തില്‍ ജീവിക്കാന്‍ പഠിച്ചു,. ഇന്ത്യന്‍ ഗോത്രക്കാരുടെ രൂക്ഷഗന്ധമുള്ള വീടുകളില്‍ താമസിച്ചു. അവര്‍ കഴിക്കുന്നത് കഴിച്ചു. എന്തിനായിരുന്നു അതെല്ലാം? മനുഷ്യവംശത്തെ വീണ്ടെടുക്കാനായി തന്റെ ജീവന്‍ ബലികഴിച്ച ഈശോക്കായി ആത്മാക്കളെ നേടാന്‍.

ധാരാളം പേര്‍ അവിടെ മാനസാന്തരപെടുകയും കുറച്ചു പേര്‍ മാമോദീസ സ്വീകരിക്കുകയും ചെയ്തു. ഹുറോണ്‍ പ്രവിശ്യയില്‍  സാന്താമേരി( പരിശുദ്ധ അമ്മയുടെ ബഹുമാനാര്‍ത്ഥം ) എന്നൊരു മിഷന്‍ പ്രദേശം പിറവിയെടുത്തു. പള്ളി, താമസസ്ഥലം, സെമിത്തേരി, ആശുപത്രി എന്നിവ പണിതു. മറ്റ് ഗോത്രവംശജരിലേക്കും എത്താന്‍ ഐസക്കും കൂട്ടരും ശ്രമിച്ചു. 1600 കിലോമീറ്ററോളം അവര്‍ ചുറ്റി സഞ്ചരിച്ചു.

1642 അത്ര നല്ല വര്‍ഷമായിരുന്നില്ല. വിളവെടുപ്പ് മോശമായി. ഇന്ത്യന്‍ വംശജര്‍ കുറേ പേര്‍ രോഗികളായി. ഹുറോണ്‍കാരുടെ ശത്രുക്കളായ ഇറോക്കോയ്‌സ് അവരെ ഉപദ്രവിക്കാന്‍ തക്കം പാത്തു കഴിയുകയുമായിരുന്നു. ഐസക്ക് ജോഗ്‌സും റിനെ ഗുപ്പീലും മറ്റ് രണ്ട് ഫ്രഞ്ച്കാരും 35 ഹുറോണുകളും അടങ്ങിയ സംഘം, അവശ്യസാധനങ്ങള്‍ സംഘടിപ്പിക്കാനുള്ള യാത്രയില്‍, ഇറോക്കോയ്‌സിന്റെ വംശത്തിലെ മൊഹ്വാക്ക്  ആളുകളുടെ കയ്യില്‍പെട്ടു. എണ്ണത്തില്‍ കൂടുതലായിരുന്ന മൊഹ്വാക്ക് യോദ്ധാക്കള്‍ അവരെ പതിയിരുന്നു ആക്രമിച്ചു.

ഹുറോണ്‍ വംശജര്‍ കൊല്ലപ്പെടുന്നതും തടവുകാരായി പിടിക്കപ്പെടുന്നതും ഐസക്ക് നിസ്സഹായനായി കണ്ടു നിന്നു. കുറച്ചു പേര്‍ വനത്തിലേക്ക് തിരിച്ചോടി. ഐസക്കിനും അങ്ങനെ ചെയ്യാമായിരുന്നു. പക്ഷേ പിടിക്കപ്പെട്ട ഹുറോണ്‍കാരെ തനിച്ചാക്കി അങ്ങനെ ചെയ്യാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. നിസ്വാര്‍ത്ഥമായ ആ സ്‌നേഹം കണ്ട് അമ്പരന്ന ശത്രുക്കളോട് അദ്ദേഹം പറഞ്ഞു, ‘എന്നെ കെട്ടിവരിയണ്ട, ഇവരില്‍ ആരെങ്കിലും ഒരാള്‍ പോലും നിങ്ങളുടെ കസ്റ്റഡിയിലുണ്ടെങ്കില്‍ ഞാന്‍ രക്ഷപ്പെടാന്‍ ശ്രമിക്കില്ല’.

കണ്ണില്ലാത്ത ക്രൂരതയാണ് അവരെല്ലാം അനുഭവിച്ചത്. താടിയും മുടിയും നഖങ്ങളും പിഴുതെടുക്കപ്പെട്ടു. വിരലുകള്‍ ചതക്കുകയോ മുറിച്ചുമാറ്റുകയോ ചെയ്തു. രക്തം നഷ്ടപെടുന്നത് തടയാന്‍ ഇന്ത്യക്കാര്‍ തങ്ങളുടെ വിരലുകള്‍ കത്തിച്ചു. നടത്തിക്കൊണ്ട് പോയ തടവുകാര്‍ മൊഹ്വാക്ക് ഗോത്രക്കാരുടെ ഓരോ ഗ്രാമങ്ങളില്‍ എത്തുമ്പോഴും കഠിനമായ മര്‍ദ്ദനമുറകള്‍ക്ക് വിധേയരായി.

 ‘ദണ്ഡുകളും വടികളും നീണ്ട കത്തികളും പിടിച്ച് രണ്ട് വരിയായി നില്‍ക്കുന്ന ആളുകളുടെ ഇടയിലൂടെ ഞങ്ങളെ നടത്തി. ഏറ്റവും പിന്നില്‍ ഞാനായിരുന്നു. അടികളും വെട്ടുകളും മഴ പോലെ ഞങ്ങളുടെ മേല്‍ പതിച്ചു. എണ്ണമറ്റ വെട്ടുകൊണ്ട് നിലത്തുവീണ എന്റെ അവസാനം ആണ് അതെന്ന് ഞാന്‍ കരുതി. പക്ഷേ രക്തമൊഴുകി മരിച്ച പോലെ കിടക്കുന്ന എന്നെ അവര്‍ എടുത്തുകൊണ്ടുപോയി ‘. ഐസക്ക് ജോഗ്‌സ്  പിന്നീട് എഴുതി.

തന്റെ പ്രിയപ്പെട്ട ഹുറോണ്‍ വംശജര്‍ ഓരോരുത്തരായി മരണത്തിന് കീഴടങ്ങുന്നത് ഐസക്കിന് കാണേണ്ടി വന്നു. അവരെ വാക്കുകളാല്‍ ധൈര്യപ്പെടുത്തി, മാമോദീസ ലഭിക്കാത്തവര്‍ക്ക് മാമോദീസ നല്‍കി. റെനെ ഗൂപ്പില്‍ എന്ന് പേരുള്ള, കാനഡയിലെ മിഷന് വേണ്ടി സ്വയം അര്‍പ്പിച്ചിരുന്ന മറ്റൊരു ജെസ്യൂട്ട് സര്‍ജന്‍, ഒരു കുട്ടിയുടെ നെറ്റിയില്‍ കുരിശു വരക്കുന്നത് കണ്ട ശത്രുക്കള്‍ കിട്ടിയ ആയുധം കൊണ്ട് അദ്ദേഹത്തിന്റെ തല തകര്‍ത്തു. ‘ഈശോ ‘ എന്ന വിളിയോടെ പിടഞ്ഞുവീണ റെനെയെ കയ്യിലെടുത്തു ഐസക്ക് പാപമോചനാശിര്‍വ്വാദം കൊടുത്തു. 1642, സെപ്റ്റംബര്‍ 29 എന്ന ആ ദിവസം മിഖായേല്‍ മാലാഖയുടെ തിരുന്നാള്‍ ആയിരുന്നു. ‘മുപ്പത്തഞ്ചാം വയസ്സില്‍ ബലികഴിക്കപ്പെട്ട നിഷ്‌കളങ്കനായ ആ മാലാഖ, പാവപ്പെട്ട ഇന്ത്യക്കാരുടെ ക്ഷേമത്തിനായി ഹൃദയവും ആത്മാവും ദൈവത്തില്‍ അര്‍പ്പിച്ചിരുന്നു ‘. വടക്കേ അമേരിക്കയിലെ ക്രിസ്തുവിന്റെ ആദ്യ രക്തസാക്ഷിയാണ് റെനെ ഗൂപ്പില്‍.

ശത്രുക്കളുടെ കൂടെ അടിമയായി കഴിഞ്ഞ ഐസക്ക് അവര്‍ക്ക് വേണ്ടി വേല ചെയ്യേണ്ടി വന്നു. രക്ഷപ്പെട്ടാല്‍, ഇവരോട് ദൈവവചനം എന്നെങ്കിലും പറയാന്‍ പറ്റിയാലോ എന്ന് വിചാരിച്ചു അവരുടെ ഭാഷ പഠിച്ചു, രോഗികളെ ശുശ്രൂഷിച്ചു, അവരോട് സ്വര്‍ഗ്ഗത്തെ പറ്റി പറഞ്ഞു. മരിക്കാറായ കുട്ടികള്‍ക്ക് മാമോദീസ നല്‍കി. 13 മാസത്തിനുള്ളില്‍ 70 മാമോദീസകള്‍ നല്‍കി. രേഖപ്പെടുത്തപ്പെട്ടിട്ടുള്ള , ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ ആദ്യത്തെ കത്തോലിക്കാ മാമോദീസകള്‍. ‘മന്‍ഹാട്ടേ’ ദ്വീപ് സന്ദര്‍ശിച്ച ആദ്യ കത്തോലിക്ക വൈദികന്‍ കൂടി ആയിരുന്നു ഐസക്ക് ജോഗ്‌സ്.

ഐസക്കിനെ കൊല്ലണമെന്ന് ശത്രുക്കള്‍ വിചാരിച്ചെങ്കിലും അവനെക്കൊണ്ട് പിന്നീട് ഉപകാരം ഉണ്ടാകുമെന്ന് കരുതി വേണ്ടെന്ന് വെച്ചു. ഐസക്കിന് കുറച്ചു കഴിഞ്ഞ് ഫ്രാന്‍സിലേക്കുള്ള ഒരു കപ്പലില്‍ കയറാന്‍ പറ്റി.
1643, ക്രിസ്മസ് ദിനത്തില്‍ ഐസക്ക് ജോഗ്‌സ് വീണ്ടും ഫ്രാന്‍സിന്റെ മണ്ണില്‍ കാലുകുത്തി. റെന്നിലെ ( Rennes) ഒരു ജെസ്യൂട്ട് ഭവനത്തില്‍ പോയി കതകില്‍ മുട്ടി പറഞ്ഞു, ന്യൂ ഫ്രാന്‍സില്‍ നിന്ന് വാര്‍ത്ത കൊണ്ടുവന്നതാണെന്ന്. റെക്ടര്‍, പ്രാകൃതവേഷം ധരിച്ച ആളെക്കണ്ട് ചോദിച്ചു,
‘നിനക്ക് ഫാദര്‍ ജോഗ്‌സിനെ അറിയുമോ?’
‘നന്നായി അറിയും ‘
‘ അവര്‍ അദ്ദേഹത്തെ കൊന്നോ? ‘
‘ഇല്ല, അയാള്‍ക്ക് ജീവനുണ്ട്. അത് ഞാന്‍ തന്നെയാണ് ‘.
എല്ലാവരും വന്ന് ജോഗ്‌സിനെ ആലിംഗനം ചെയ്തു.

ക്രിസ്തുവിനെ പ്രതി ഏറെ സഹിച്ച അദ്ദേഹത്തെ കണ്ട് അവര്‍ സന്തോഷം കൊണ്ട് കരഞ്ഞു. വാര്‍ത്ത എല്ലായിടത്തും പരന്നു. ക്രിസ്തുവിന്റെ ജീവിക്കുന്ന രക്തസാക്ഷിയെ എല്ലാവരും കാണാന്‍ വന്നു.. ആന്‍ രാജ്ഞിയും. തന്റെ വസ്ത്രത്തില്‍ ഐസക്ക് ഒളിപ്പിക്കാന്‍ ശ്രമിച്ച, വിരലുകള്‍ വെട്ടി മാറ്റപ്പെട്ട ആ കൈകള്‍ രാജ്ഞി ചുംബിച്ചു.

പ്രശസ്തിയും പ്രശംസയും അല്ല അദ്ദേഹത്തിന് വേണ്ടിയിരുന്നത്. അത്യാവശ്യമായി ചെയ്യേണ്ട മൂന്ന് കാര്യങ്ങള്‍ ആയിരുന്നു മനസ്സില്‍. ആദ്യത്തേത് അമ്മയെ കാണണം, രണ്ടാമതായി,  വെട്ടിമാറ്റപ്പെട്ട വിരലുകള്‍ ഉള്ള കൈ ഉപയോഗിച്ചു കുര്‍ബ്ബാന ചൊല്ലാന്‍ മാര്‍പ്പാപ്പയുടെ പ്രത്യേക അനുവാദം വാങ്ങണം. ഉര്‍ബന്‍ എട്ടാമന്‍ പാപ്പ കാനോനിക നിയമത്തില്‍ നിന്ന് അദ്ദേഹത്തെ സ്വതന്ത്രനാക്കി കൊണ്ട് ഇങ്ങനെ പറഞ്ഞു,
‘ക്രിസ്തുവിന്റെ ഒരു രക്തസാക്ഷിക്ക് ക്രിസ്തുവിന്റെ രക്തം പാനം ചെയ്യാന്‍ അനുവാദം നല്‍കിയില്ലെങ്കില്‍ അത് ലജ്ജാവഹമാണ് ‘.
മൂന്നാമത്തെ ആഗ്രഹം ഇതായിരുന്നു, കൊന്ന് കൊലവിളിക്കാന്‍ നില്‍ക്കുന്ന മോഹ്വാക്കുകളുടെ അടുത്തേക്ക് തിരിച്ചു പോണം!

1644 ജൂണില്‍ ജോഗ്‌സ് കാനഡയില്‍ വീണ്ടുമെത്തി. ഹുറോണ്‍കാരും ഇറോകൊയ്‌സ്‌കാരും തമ്മിലുള്ള യുദ്ധം തീരും വരെ കാത്തിരിക്കാന്‍ പറഞ്ഞ് മോണ്‍ട്രീലിലേക്ക് അയക്കപ്പെട്ടു. കുറച്ചു ഇറോക്കോയ്‌സ് പ്രതിനിധികള്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ വന്നപ്പോള്‍,ജോഗ്‌സ് അവരുടെ കൂടെ, മുന്‍പ് താന്‍ അടിമയായി കഴിഞ്ഞിടത്തേക്ക് പോയി. വൂള്‍ഫ് ഗോത്രവും, ടര്‍ട്ടില്‍ ഗോത്രവും അദ്ദേഹത്തെ കണ്ട് സന്തോഷിച്ചെങ്കിലും ബെയര്‍ ഗോത്രം ജോഗ്‌സിന്റെ രക്തത്തിനായി ദാഹിച്ചു.
ഒക്ടോബര്‍ 18, 1646. ജോഗ്‌സ് ബെയര്‍ ഗോത്രക്കാരാല്‍ ഒരു വിരുന്നിന് ക്ഷണിക്കപ്പെട്ടു. ഒരു വുള്‍ഫ് യോദ്ധാവുമൊത്ത് അദ്ദേഹം അവിടേക്ക് പോയി. താഴ്ന്ന വാതില്‍പടിയിലൂടെ തല ഇട്ടപ്പോഴേ അപകടം മണത്ത കൂട്ടുകാരന്‍ ചാടിവീണെങ്കിലും വൈകിപ്പോയി. ആയുധം ജോഗ്‌സിന്റെ തല തകര്‍ത്തു. സുഹൃത്ത് ജോണ്‍ ഡി ലാലന്‍ഡേയും അന്ന് കൊല ചെയ്യപ്പെട്ടു. രണ്ടുപേരുടെയും തല വെട്ടിയെടുത്ത് അവര്‍ പ്രദര്‍ശിപ്പിച്ചു.

പിന്നീട് ജോഗ്‌സിനെ രക്ഷിക്കാന്‍ ശ്രമിച്ച ആള്‍ മാമോദീസ സ്വീകരിച്ചു, അദ്ദേഹത്തെ വധിച്ച ആളും. അദ്ദേഹത്തെ കൊന്നതില്‍ പശ്ചാത്തപിച്ച് തനിക്ക് ഐസക്ക് ജോഗ്‌സ് എന്ന പേര് വേണമെന്ന് മാമോദീസ സ്വീകരിച്ചപ്പോള്‍ ആവശ്യപ്പെട്ടു. അനേകം മോഹ്വാക്കുകള്‍ ക്രിസ്ത്യാനികളായി പിന്നീട്. അവരില്‍ നിന്നുണ്ടായ വിശുദ്ധയാണ് വിശുദ്ധ കത്തേരി തെക്കക്വീത്ത ( St. Kateri Tekakwitha)
വടക്കേ അമേരിക്കയിലെ ക്രിസ്തുവിന്റെ  ആദ്യ  രക്തസാക്ഷികളായ വിശുദ്ധ ഐസക്ക് ജോഗ്‌സിന്റെയും മറ്റ് ഏഴ് പേരുടെയും തിരുന്നാള്‍ (ഒക്ടോബര്‍ 19-) ആശംസകള്‍..!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?