ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍
(ലേഖകന്‍ തൃശൂര്‍ സെന്റ് തോമസ് കോളേജിലെ അസി. പ്രഫസറാണ്)
ആലങ്കാരികവും അതിലേറെ അതിഭാവുകത്വവും നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് യുവത്വം കടന്നുപോയികൊണ്ടിരിക്കുന്നത്. പൊതുവില്‍ ഉല്ലാസപ്രിയരായ അവരില്‍ വലിയൊരു പക്ഷം അടിച്ചുപൊളിയുടെ വക്താക്കള്‍ കൂടിയാണ്. സാങ്കേതികപരമായി മാത്രം ആത്മീയതയെ പുല്‍കുന്ന നയരൂപീകരണം ന്യൂനപക്ഷത്തെയെങ്കിലും ബാധിച്ചുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. നിസംഗത എല്ലാ മേഖലയിലും പിടിമുറുക്കുകയാണ്. യഥാര്‍ത്ഥത്തിലുള്ള ഭക്തിയും ഭക്തഭ്യാസങ്ങളും വഴിമാറിയപ്പോള്‍ നമുക്കു നഷ്ടപ്പെട്ടത് പുതുതലമുറയിലേക്കുള്ള വിശ്വാസ കൈമാറ്റമാണെന്ന കാര്യം ബോധപൂര്‍വ്വം തമസ്‌ക്കരിക്കുകയാണ്. പരമ്പരാഗതമായി തന്നെ നമ്മുടെ കുടുംബങ്ങളില്‍ അനുവര്‍ത്തിച്ചു വരുന്നതും അനുധാവനം ചെയ്യുന്നതുമായ പല പാരമ്പര്യങ്ങളും തിരക്കുകള്‍ക്കിടയില്‍ നമുക്ക് അന്യംനിന്നുപോയി.
വെല്ലുവിളികള്‍
വൈകുന്നേരങ്ങളിലെ പള്ളിമണിയെ കാതോര്‍ത്തിരുന്ന തലമുറയെ നമുക്ക് നഷ്ടപ്പെട്ടു തുടങ്ങിയതും വിശുദ്ധരുടെ ജീവചരിതങ്ങളും ബൈബിള്‍ കഥകളും പറഞ്ഞിരുന്ന പഴയ തലമുറ നമ്മുടെ വീടുകളില്‍ നിന്ന് അന്യമായതും ആത്മീയ കാര്യങ്ങള്‍ക്ക് പുതിയ തലമുറ വഴങ്ങാത്തതും കൂട്ടി വായിച്ചാല്‍ വളര്‍ന്നുവന്നു കൊണ്ടിരിക്കുന്ന പുതിയ ശൈലി വായിച്ചെടുക്കാനാകും. ഇതുതന്നെയാണ് വിശ്വാസപരിശീലന ക്ലാസുകളും ആത്യന്തികമായി നേരിടുന്ന വെല്ലുവിളി. പരീക്ഷകളുടെ പശ്ചാത്തലത്തില്‍ സാങ്കേതികപരമായി മാത്രം പരിമിതപ്പെടുന്ന വിശ്വാസ പരിശീലന ക്ലാസുകള്‍ക്കപ്പുറത്തേക്ക് വിശ്വാസത്തില്‍ ജീവിക്കുന്ന തലമുറയെ വാര്‍ത്തെടുക്കുന്നതും ഇന്നിന്റെ വെല്ലുവിളിയാണ്.
ഇവിടെ പലപ്പോഴും വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നാം നിര്‍ത്തുക പുതുതലമുറയേയും അവര്‍ പിന്തുടരുന്ന സാങ്കേതിക വിദ്യകളെയുമാണ്. അവരിലേക്കിറങ്ങി ചെല്ലാനും യഥാര്‍ത്ഥത്തില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും നാം തയാറാകുന്നില്ല. ക്ഷോഭിക്കുന്ന ഒരു വിഭാഗമെന്ന് അവരെ പേരിട്ടു വിളിക്കാനാണ് ബഹുഭൂരിപക്ഷവും ശ്രമിക്കുന്നത്. യുക്തിസഹമായി ചിന്തിക്കുന്നവരും അപഗ്രഥിക്കുന്നവരുമാണ് പുതിയ തലമുറ എന്ന യാഥാര്‍ത്ഥ്യം കാണാതെ പോകരുത്. വിശ്വാസത്തെയും പഠനങ്ങളെയും പ്രായോഗികതലത്തിലും യുക്തിസഹജമായും അവരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുണ്ടാകണം.
അടിമുടി മാറേണ്ട പരിശീലനം
ഒരു വിരലിനപ്പുറത്ത് പ്രാപ്യമായ വിജ്ഞാന- വിവര സമ്പത്തുള്ള അവരെ മനസിലാക്കാനും ചേര്‍ത്തുപിടിക്കാനും ഉള്ള ശ്രമങ്ങള്‍ എല്ലാ തലത്തിലും കൂടിയേ തീരൂ. വിശ്വാസ സംബന്ധിയായ വിഷയങ്ങള്‍ പുതിയ തലമുറയുടെ ബോധ്യതലത്തിലേക്ക് നല്‍കാന്‍ സാധിക്കണം. കോപ്പി – പേസ്റ്റ് ചെയ്യുന്ന ബോധന മാര്‍ഗങ്ങളില്‍ നിന്നും മാറി പുതിയ ബോധന മാര്‍ഗങ്ങള്‍ അവലംബിക്കാനും വിശ്വാസത്തിനും അതിന്റെ പഠനങ്ങള്‍ക്കും യുക്ത്യാധിഷ്ഠിതമായ അനുബന്ധ വിവരണങ്ങള്‍ നല്‍കാനും വിശ്വാസ പരിശീലകര്‍ മുന്‍കയ്യെടുക്കണം. യുവജന സംഘടനകള്‍ക്കും ഈ മേഖലയില്‍ വലിയ പ്രവര്‍ത്തന സാധ്യതകളുണ്ട്. തങ്ങളുടെ സംഘടനയുടെ കാരിസത്തിനൊപ്പം തന്നെ ക്രിസ്തു കേന്ദ്രീകൃതവും വിശ്വാസ കേന്ദ്രീകൃതവുമായ ഒരു പ്രവര്‍ത്തനശൈലി അവരില്‍ വളര്‍ത്തിയെടുക്കാന്‍ സംഘടനകള്‍ക്കാവണം.
വിമര്‍ശകര്‍, വിമര്‍ശന
വിധേയര്‍
ഇന്ന് വൈദികരും സന്യസ്തരും അല്മായ നേതാക്കളും ഒപ്പം വിശ്വാസ പരിശീലകരും നേരിടുന്ന പ്രധാന വിമര്‍ശനങ്ങളില്‍, അവയെ കേവല നിഷ്‌ക്രിയ വിമര്‍ശനങ്ങളായി കാണാതെ പഠനങ്ങളും മറ്റു സംവാദങ്ങളും സംഘടിപ്പിക്കേണ്ടതുണ്ട്. സഭയിലേയും സഭാ സ്ഥാപനങ്ങളിലേയും പള്ളി നിര്‍മ്മാണത്തിലേയും ധൂര്‍ത്തിനെ വിമര്‍ശന വിധേയമാക്കപ്പെടുന്ന അതേ പ്രാധാന്യത്തില്‍ തന്നെ, നമ്മെ ഗ്രസിച്ചിരിക്കുന്ന കുടുംബ ജീവിതത്തിലെയും വീടുകളിലെ ധൂര്‍ത്തും ചര്‍ച്ച ചെയ്യപ്പെടണം. പള്ളിപ്പെരുന്നാളുകളിലെ ആഢംബരവും പള്ളിമുറ്റത്തെ ടൈല്‍ വിരിക്കുന്നതും ആവേശത്തോടെ ചര്‍ച്ച ചെയ്യുന്നതുപോലെ തന്നെ പള്ളിപ്പെരുന്നാള്‍ നാം വീടുകളിലാഘോഷിക്കുന്നതും നമ്മുടെ വീട്ടുമുറ്റങ്ങളിലെ ടൈല്‍ പാകലുകളും നമ്മുടെ ചര്‍ച്ചകളിലേക്കു കടന്നു വരണം.
തിരുപ്പട്ടത്തിന്റെ ഭൗതികമായ ആഘോഷങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന അതേ മാനദണ്ഡങ്ങളോടെ വീടുകളിലെ വിവാഹാഘോഷങ്ങളും വിമര്‍ശന വിധേയമാക്കണം. സഭയെന്നത് ഞാനും എന്റെ കുടുംബവുമായി ബന്ധമില്ലാത്ത ഒരു ഏജന്‍സി എന്നതിനപ്പുറത്തേക്ക് സഭയെന്നത് ഞാനും എന്റെ കുടുംബവും അതേപോലുള്ള ലക്ഷക്കണക്കിനു കുടുംബങ്ങളും ഉള്‍ക്കൊള്ളുന്നതാണെന്ന ബോധ്യം സഭാസമൂഹത്തില്‍ വളര്‍ത്തിയെടുക്കുക നമ്മുടെ ദൗത്യമായി കാണണം. അങ്ങനെ മാറ്റം ആരംഭിക്കേണ്ട പ്രാഥമികയിടം നമ്മുടെ മനസുകളാണെന്ന ബോധ്യം ഉണ്ടാകണം.
ഉറവിടത്തിലേക്കുള്ള മടക്കം
കൈമോശം വന്നുകൊണ്ടിരിക്കുന്ന ആത്മീയതയെ തിരികെ വിളിക്കേണ്ടത് ഇന്നിന്റെ അനിവാര്യതയാണ്. ആ മാറ്റം തുടങ്ങേണ്ടത് നമ്മുടെ കുടുംബങ്ങളില്‍ നിന്നുമായിരിക്കണം. വിശ്വാസ കേന്ദ്രീകൃതമായ ഒരു ആത്മീയസംസ്‌ക്കാരം നമ്മുടെ കുടുംബങ്ങളില്‍ രൂപപ്പെടുത്തിയെടുക്കുകയാണ് അതിനുള്ള പോം വഴി. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും കാലഘട്ടം നമ്മില്‍ നിന്നാവശ്യപ്പെടുന്നതിനനുസരിച്ച് മാറ്റങ്ങള്‍ക്കു വിധേയനാകുന്നതിനുള്ള വലിയൊരു മനസ് ആവശ്യമാണ്. സഭയോട് ചേര്‍ന്നുനില്‍ക്കാനും കൂട്ടായ്മയില്‍ വളരാനും കഴിയണം. നമുക്കൊരുമിച്ചു പ്രവര്‍ത്തിച്ച് നന്മയുള്ള ഒരു ലോകം കെട്ടിപ്പെടുക്കാം.
Leave a Comment
Your email address will not be published. Required fields are marked with *