ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)
എവിടെ നോക്കിയാലും കഹലങ്ങളാണ്. ഉദാഹരണങ്ങള്‍ നോക്കാം.
• അനേകം ദമ്പതികള്‍ തമ്മില്‍ കലഹമാണ്.
• അനേകം മാതാപിതാക്കളും മക്കളും തമ്മില്‍ കലഹമാണ്.
• അനേകം കുടുംബങ്ങളില്‍ കലഹമാണ്.
• രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ കലഹമാണ്.
• ഒരേ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ കലഹമാണ്.
• അസംബ്ലിയില്‍ നോക്കിയാല്‍ കലഹമാണ്.
• പാര്‍ലമെന്റില്‍ കലഹങ്ങള്‍ കാണാം.
• പല ജോലിസ്ഥലങ്ങളിലും കലഹം കാണാം.
• മതങ്ങള്‍ തമ്മില്‍ പലപ്പോഴും കലഹമാണ്.
• ഒരേ മതത്തില്‍ത്തന്നെ കലഹമാണ്.
• ഒരേ ഇടവകയില്‍ത്തന്നെ കലഹിക്കുന്ന ഗ്രൂപ്പുകള്‍ കാണാം.
• പല രാജ്യങ്ങള്‍ തമ്മില്‍ കലഹങ്ങള്‍ നടക്കുകയാണ്. കലഹം മൂത്ത് വലിയ യുദ്ധങ്ങള്‍ ആയിരിക്കുന്നു.
• നിരവധി രാജ്യങ്ങളില്‍ വിവിധ വിഭാഗം ജനങ്ങള്‍ തമ്മില്‍ കലഹിക്കുന്നതും യുദ്ധങ്ങള്‍ ചെയ്യുന്നതും കൊല്ലുന്നതും കാണാം.
• ബസിലും ട്രെയിനിലും ആശുപത്രികളിലും കലഹങ്ങള്‍ നടക്കുന്നു.
• ഇടയ്ക്കിടയ്ക്ക് സര്‍ക്കാരും ജനങ്ങളും തമ്മില്‍ കലഹിക്കുന്നു. അതോടനുബന്ധിച്ചുള്ള അടിപിടികള്‍, പോലീസ് മര്‍ദ്ദനം തുടങ്ങിയവയൊക്കെ കാണുന്നു.
ഇത്തരം കലഹങ്ങളുടെ പിന്നില്‍ പലതരം കാരണങ്ങളുണ്ട്. അവഗണന, നീതിനിഷേധം, വിശ്വാസവഞ്ചന, സ്വാര്‍ത്ഥത, ചതി, എടുത്തുചാട്ടം, മനഃപൂര്‍വം ഉണ്ടാക്കുന്ന കലഹങ്ങള്‍, അവകാശ സംരക്ഷണം, രാഷ്ട്രീയ ലക്ഷ്യങ്ങള്‍, മതപരമായ ലക്ഷ്യങ്ങള്‍, ഗ്രൂപ്പിസം, ധനമോഹം, അധികാരമോഹം… ഇങ്ങനെ പല കാരണങ്ങള്‍. കുടുംബകലഹങ്ങള്‍, ദമ്പതികള്‍ തമ്മിലുള്ള കലഹങ്ങള്‍ എന്നിവയില്‍പോലും മേല്‍പറഞ്ഞ പല കാരണങ്ങളുണ്ട്. ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ കൂടുതല്‍ ശക്തമായ കാരണങ്ങള്‍ ഉണ്ടാകാം. ഉക്രെയ്ന്‍ യൂറോപ്പുമായി അടുത്ത് നാറ്റോ സഖ്യത്തില്‍ ചേരുമെന്നുള്ള റഷ്യയുടെ പേടിയില്‍നിന്നാണ് റഷ്യ-ഉക്രെയ്ന്‍ യുദ്ധം തുടങ്ങുന്നത്. ഉക്രെയ്ന്‍ റഷ്യക്ക് ഒരു ദ്രോഹവും ചെയ്തതുകൊണ്ടല്ല.
ഇസ്രായേല്‍ എന്ന രാജ്യത്തെത്തന്നെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കണം എന്ന ചില തീവ്രവാദികളുടെ ആഗ്രഹത്തില്‍നിന്നാണ് ഇസ്രായേലും തീവ്രവാദികളും തമ്മില്‍ യുദ്ധം ഉണ്ടായത്. ഇസ്രായേലിനെ ജീവിക്കാന്‍ അനുവദിക്കാതെ വരുമ്പോള്‍ നിലനില്‍പ്പിനുവേണ്ടി അവര്‍ യുദ്ധം ചെയ്യേണ്ടിവരുന്നു.
കലഹങ്ങളിലും യുദ്ധങ്ങളിലും ഏര്‍പ്പെടുന്ന രണ്ടുകൂട്ടര്‍ക്കും അതു നഷ്ടക്കച്ചവടമാണ്. കലഹിക്കുന്ന ദമ്പതികള്‍ രണ്ടുപേര്‍ക്കും നഷ്ടമുണ്ടാകുന്നു. കലഹിക്കുന്ന സമുദായങ്ങള്‍ക്ക് കലഹം നഷ്ടം ഉണ്ടാക്കുന്നു. കലഹിക്കുന്ന രാജ്യത്തില്‍ കലഹം നഷ്ടമുണ്ടാക്കുന്നു. സഭയ്ക്കുള്ളിലോ സഭകള്‍ തമ്മിലോ കലഹിക്കുമ്പോള്‍ അത് നഷ്ടമുണ്ടാക്കുന്നു. കലഹം ഉണ്ടാക്കുന്നതിലൂടെ ചില വ്യക്തികളോ കുടുംബങ്ങളോ സ്ഥാപനങ്ങളോ സംഘടനകളോ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതായി ചിലപ്പോള്‍ പുറമേ തോന്നാം. പക്ഷേ കലഹത്തിന്റെ പ്രത്യാഘാതങ്ങള്‍ ശരിക്ക് പഠിച്ചാല്‍, കലഹം എല്ലാവര്‍ക്കും ഏതെങ്കിലുമൊക്കെ മേഖലകളില്‍ നഷ്ടമുണ്ടാക്കുന്നു.
കലഹിക്കുന്നവര്‍ക്ക് മാത്രമല്ല കലഹങ്ങള്‍ നഷ്ടമുണ്ടാക്കുന്നത്. അത് മറ്റു പലരെയും ബാധിക്കും. ദമ്പതികള്‍ തമ്മില്‍ കലഹിച്ചാല്‍ മക്കളെ ബാധിക്കും.
ഇടവകയില്‍ കലഹിക്കുന്ന ഗ്രൂപ്പ് ഉണ്ടായാല്‍ അത് ഇടവകയെ മുഴുവന്‍ ബാധിക്കും. സഭയ്ക്കുള്ളില്‍ കലഹമുണ്ടായാല്‍ അത് സഭയെ മുഴുവന്‍ ബാധിക്കും. രാഷ്ട്രത്തിനുള്ളില്‍ കലഹങ്ങള്‍ ഉണ്ടായാല്‍ അത് എല്ലാ ജനങ്ങളെയും ബാധിക്കും. രാജ്യങ്ങള്‍ തമ്മില്‍ കലഹങ്ങളും യുദ്ധങ്ങളും ഉണ്ടാകുമ്പോള്‍ അവ എത്രപേരെ, ഏതെല്ലാം വിധത്തില്‍ ബാധിക്കും എന്ന് പറയാനുംകൂടി വയ്യ. ഉദാഹരണത്തിന്, റഷ്യന്‍-ഉക്രെയ്ന്‍ യുദ്ധം തുടങ്ങിയപ്പോഴും ഇസ്രായേല്‍-തീവ്രവാദി ഗ്രൂപ്പുകളുമായുള്ള യുദ്ധം നടക്കുമ്പോഴും എത്ര മലയാളികളുടെ മനസിലാണ് തീ കത്തുന്നത്. ഈ യുദ്ധത്തിന്റെ ഫലമായി ഇന്ധനവില കൂടിയാല്‍ അത് ദോഷകരമായി ബാധിക്കാത്ത ആരുണ്ടാകും ഭൂമുഖത്ത്? അതെ, ദമ്പതികള്‍ തമ്മിലുള്ള കലഹങ്ങള്‍ മുതല്‍ ലോകത്തില്‍ നടക്കുന്ന യുദ്ധങ്ങള്‍വരെ എല്ലാ കലഹങ്ങളും മനുഷ്യരുടെ സമാധാനം കളയുന്നു; സഹനങ്ങള്‍ വര്‍ധിപ്പിക്കുന്നു.
ഒന്ന് ആലോചിച്ചുനോക്കിക്കേ- കലഹങ്ങള്‍ കൂടാതെതന്നെ മനുഷ്യര്‍ക്ക് ഒരുപാട് സഹനങ്ങളുണ്ട്. രോഗങ്ങള്‍, മാറാരോഗങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍, തൊഴില്‍ ഇല്ലായ്മ, വിവാഹം നടക്കായ്ക, മക്കള്‍ ഇല്ലായ്മ, വന്യമൃഗശല്യം, പകര്‍ച്ചവ്യാധികള്‍ തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങള്‍. അതിനുപുറമേയാണ് ചെറുതും വലുതുമായ കലഹങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍.
കലഹത്തിന്റെ ദുരാത്മാവ് അഴിഞ്ഞാടുകയാണ്. ആര്, എങ്ങനെ ഈ ദുര്‍ഭൂതത്തെ തള യ്ക്കും? ആര്‍ക്കും ഉത്തരം ഇല്ല. പക്ഷേ ഇതിനെ എങ്ങനെയെങ്കിലും എവിടെയെങ്കിലും തളക്കണ്ടേ? എങ്കിലല്ലേ കുടുംബങ്ങളില്‍തൊട്ട് ലോകം മുഴുവന്‍വരെ സ്വസ്ഥതയും ശാന്തതയും സമാധാനവും സ്‌നേഹവും ഐക്യവും സഹകരണവും ഉണ്ടാകൂ?
കേസ് നടത്താനും യുദ്ധം ചെയ്യാനും മുറിവേറ്റവരെ ചികിത്സിക്കാനും മറ്റും എത്ര ഭീമമായ തുകയാണ് ചെലവഴിക്കപ്പെടുന്നത്. യുദ്ധങ്ങളും കലഹങ്ങളും ഒഴിവായാല്‍ത്തന്നെ മനുഷ്യരുടെ ശ്രേയസിനും പുരോഗതിക്കുംവേണ്ടി ഉപയോഗിക്കാന്‍ എന്തുമാത്രം പണം മാറ്റിവയ്ക്കാന്‍ കഴിയും. പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി ഏറെ പറയുന്ന ഇക്കാലത്ത് ബോംബുകള്‍ കണക്കില്ലാത്തവിധം പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന പരിസ്ഥിതി-ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ലല്ലോ.
നമുക്ക് ചെയ്യാവുന്ന ചില ചെറിയ കാര്യങ്ങളുണ്ട്. ദമ്പതികള്‍ കലഹം ഒഴിവാക്കുക, സമൂഹങ്ങളില്‍ കലഹങ്ങള്‍ ഒഴിവാക്കുക, നമ്മെക്കൊണ്ട് പറ്റുന്നിടത്തെല്ലാം കലഹങ്ങള്‍ ഒഴിവാക്കുക. കലഹത്തിന്റെ ദുരാത്മാവിനെ ദൈവം പിടിച്ചുകെട്ടാനായി പ്രാര്‍ത്ഥിക്കുക. പരിശുദ്ധാത്മാവ് സര്‍വ മനുഷ്യരെയും ഏറ്റെടുത്ത് നയിക്കാനായി പ്രാര്‍ത്ഥിക്കാം.
Leave a Comment
Your email address will not be published. Required fields are marked with *