ആന്‍സന്‍ വല്യാറ
പാലക്കാട് ജില്ലയിലെ മനോഹാരിത നിറഞ്ഞ കുടിയേറ്റ ഗ്രാമമാണ് പാലക്കുഴി. അവിടുത്തുകാരിയായ മോളി ജോര്‍ജ് എന്ന സാധാരണ വീട്ടമ്മയുടെ തഴമ്പിച്ച കൈകളില്‍ പേന പിടിച്ചപ്പോള്‍ വെളിച്ചം കണ്ടത് ചിന്തോദ്ദീപകങ്ങളായ നിരവധി കഥകളാണ്. മനുഷ്യ മനസുകളെ സ്വാധീനിക്കുന്ന ഹൃദയസ്പര്‍ശിയായ രചനകളാണ് മോളി ജോര്‍ജിന്റേത്. ആ കഥകള്‍ വായിക്കുമ്പോള്‍ അറിയാതെ നമ്മുടെ കണ്ണുകള്‍ ഈറനണിയും. സമൂഹത്തില്‍ താന്‍ കണ്ട അനുഭവങ്ങളാണ് കഥകളായി രൂപംപ്രാപിച്ചത്. നാല് വര്‍ഷമേ ആയുള്ളൂ തന്റെ ഈ കഥാരചന ആരംഭിച്ചിട്ട്. പാലക്കുഴി കൂനാനിക്കല്‍ ജോര്‍ജിന്റെ ഭാര്യയാണ് മോളി എന്ന 58 കാരി.
150 ഓളം കഥകള്‍ ഇതിനകം എഴുതിക്കഴിഞ്ഞു. രണ്ടു കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ‘മൈ ഹാര്‍ട്ട് ‘ എന്നതാണ് ആദ്യ സമാഹാരം. ഒരു പുസ്തകം കൂടി ഉടന്‍ പുറത്തിറക്കണമെന്ന ആഗ്രഹത്തിലാണിവര്‍. കൂടാതെ രണ്ടു നോവലും ഒരു സിനിമാക്കഥയും കൈവശമുണ്ട്. സാഹിത്യ രചനയില്‍ അക്കാദമിക് പാണ്ഡിത്യമോ പാരമ്പര്യ സിദ്ധിയോ പറയാനില്ല. അറിയപ്പെടുന്ന സാഹിത്യകാരന്മാര്‍ക്കൊപ്പമാണ് കേവലം പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള സാധാരണ വീട്ടമ്മയായ മോളി ജോര്‍ജിന്റെ കഥകള്‍ ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്.
അംഗീകാരങ്ങള്‍ നിരവധി
നിരവധി അംഗീകാരങ്ങളും ഇതിനകം മോളി ജോര്‍ജിനെ തേടിയെത്തി. 2022ലെ മികച്ച ചെറുകഥക്കുള്ള എം.എസ് ബാബുരാജ് പുരസ്‌കാരം, മൊഴി ഓണ്‍ലൈന്‍ കൂട്ടായ്മ മത്സരത്തില്‍ ഒന്നാം സ്ഥാനം, 2023 ലും 24 ലും ഭാഷാ മലയാളം പുരസ്‌കാരം, മലയാളം ലിറ്ററേച്ചര്‍ ഫോറത്തിന്റെ 2024 -ലെ ഗോള്‍ഡന്‍ ലോട്ടസ് പുരസ്‌കാരം, 2024-ലെ സര്‍ഗതുളസി പുരസ്‌കാരം, 2023-ല്‍ കത്തോലിക്ക കോണ്‍ഗ്രസ് പുരസ്‌കാരം, പാലക്കുഴി സെന്റ് തോമസ് ചര്‍ച്ച് പുരസ്‌കാരം, മാതൃവേദി പുരസ്‌ക്കാരം, പാലക്കുഴി ട്രസ്റ്റ്, വിവിധ വായന ശാലകള്‍ എന്നിങ്ങനെ നിരവധി സ്‌നേഹാദരവുകളുടെ കലവറയാണ് കൂനാനിക്കല്‍ വീട്ടിലെ അലമാരകള്‍.
ഹൃദയസ്പര്‍ശിയായ വാക്കുകളുടെ സംയോജനമാണ് മോളി ജോര്‍ജ് എന്ന വീട്ടമ്മയുടെ കഥകളെ വ്യത്യസ്തമാക്കുന്നത്. സമൂഹവുമായി ബന്ധപ്പെട്ടതാകണം തന്റെ രചനകളെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. സമൂഹം നിസാരവല്‍ക്കരിച്ച് തള്ളിക്കളയുന്ന വിഷയങ്ങളാണ് കഥകളായി മാറുന്നത്. അതു അനുഭവിക്കുന്നവരുടെ നൊമ്പരങ്ങള്‍ ആ അക്ഷരങ്ങള്‍ ഒപ്പിയെടുത്തിട്ടുണ്ടെന്നതാണ് വായനക്കാരെ ആകര്‍ഷിക്കുന്ന ഘടകം.
10-ാം ക്ലാസിലെ
നാടകകൃത്ത്
കോഴിക്കോട് വിലങ്ങാട് നെരിതൂക്കില്‍ തോമാകുട്ടിയുടെയും ത്രേസ്യാമ്മയുടെയും നാലുമക്കളില്‍ മൂത്തമകളാണ് മോളി. വിലങ്ങാട് സെന്റ് ജോര്‍ജ് സ്‌കൂളിലാണ് പഠിച്ചത്. പഠനകാലത്ത് കഥ, കവിത, ചിത്രരചന, പെയിന്റിംഗ്, ക്ലേ മോഡലിംഗ് എന്നിവക്കെല്ലാം നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്വന്തമായി നാടകം എഴുതി സംവിധാനം ചെയ്ത് അവതരിപ്പിച്ച് അധ്യാപകരെ അത്ഭുതപ്പെടുത്തിയ കലാകാരി കൂടിയാണ് അവര്‍. പത്താം ക്ലാസിനു ശേഷം പഠനം മുന്നോട്ടു പോയില്ല. ഇതിനിടയില്‍ തയ്യലും പഠിച്ചിരുന്നു. 19-ാം വയസില്‍ പാലക്കുഴി കൂനാനിക്കല്‍ ജോര്‍ജുമായുള്ള വിവാഹം നടന്നു. പിന്നെ മക്കളും തയ്യലും വീട്ടുകാര്യങ്ങളുമായി 40 വര്‍ഷം സാഹിത്യ സൃഷ്ടികളില്‍ നിന്നും മാറിനിന്നു. കോവിഡ് മഹാമാരിയേ തുടര്‍ന്നു ലോക്ക് ഡൗണ്‍ ഉണ്ടായപ്പോള്‍ തയ്യല്‍ ജോലി കുറഞ്ഞു. അപ്പോഴാണ് കുട്ടിക്കാലത്തെ കലാരചനകളിലേക്ക് തിരിച്ചുനടന്നത്.
വയനാട്ടിലെ ക്ലാസ് മുറിയില്‍ വച്ച് മൂന്നാം ക്ലാസുകാരി ഷഹ്ലമോള്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവമാണ് നീണ്ട ഇടവേളക്കുശേഷം മോളി ജോര്‍ജിന്റെ സാഹിത്യ അഭിരുചിയെ തൊട്ടുണര്‍ത്തിയത്. ആ കുട്ടിയുടെ മരണം ഈ അമ്മമനസിനെ വല്ലാതെ വേദനിപ്പിച്ചു. താന്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളിലെ മണ്ണെടുത്ത കുഴിയില്‍ വീണ് ബോധരഹിതയായ സംഭവമാണ് ഷഹ്ലമോളുടെ മരണത്തെ കഥാതന്തുവായി മോളി ജോര്‍ജ് അവതരിപ്പിച്ചത്. അന്ന് തന്റെ അധ്യാപകര്‍ കാണിച്ച ജാഗ്രതയാണ് ഇന്നും താന്‍ ജീവിച്ചിരിക്കാന്‍ കാരണമായതെന്ന് മോളി ജോര്‍ജ് പറയുന്നു.
അനുഭവങ്ങള്‍ പറയുന്ന
കഥകള്‍
റേഡിയോ പരിപാടികളിലും ഈ കഥാകാരി പങ്കെടുക്കാറുണ്ട്. ലളിതമായ ഭാഷ, സാധാരണക്കാരന്റെ ഭാവന, ജീവിത അനുഭവങ്ങള്‍ എന്നിവയെല്ലാം കൂടി ചേര്‍ന്നതാണ് മോളി ജോര്‍ജിന്റെ രചനകള്‍. ജീവിതത്തിരക്കുകള്‍ക്കും അടുക്കള ജോലിക്കും തയ്യല്‍ പണികള്‍ക്കും ഇടയില്‍ ഇത്രയും ലളിതവും സൗന്ദര്യവുമുള്ള ഭാഷാ ശൈലിയിലെ കഥകള്‍ വായനക്കാരെ അമ്പരപ്പിക്കുന്നു. കഥകള്‍ മാത്രമല്ല ചിത്രരചന, എംബ്രോയിഡറി വര്‍ക്കുകള്‍, കവിത എന്നിവയ്ക്കും ഈ 58കാരി സമയം കണ്ടെത്തുന്നുണ്ട്.
നാല് പതിറ്റാണ്ട് കാലം കലാസൃഷ്ടികളുമായി ബന്ധമില്ലാതിരുന്നപ്പോഴും ഗാനങ്ങള്‍ ആസ്വദിക്കാറുണ്ടായിരുന്നെന്ന് മോളി പറയുന്നു. കൂടാതെ പരന്ന വായനയും ഉണ്ടായിരുന്നു. കല അനുഭവതലത്തില്‍ ആത്മാവിഷ്‌ക്കാരവും സാമൂഹികാധിഷ്ഠിതവുമാണെന്ന് മോളി ജോര്‍ജ് പറയുന്നു. തന്റെ കലാസൃഷ്ടികളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ ഭര്‍ത്താവ് ജോര്‍ജിന്റെയും മക്കളുടെയും പങ്ക് വലുതാണെന്ന് മോളി ജോര്‍ജ് പറയുന്നു. കഥ തയ്യാറാക്കിയാല്‍ ആദ്യം ഭര്‍ത്താവിനെയാണ് വായിച്ചു കേള്‍പ്പിക്കാറുള്ളത്. ഭര്‍ത്താവ് അംഗീകരിച്ചാല്‍ മക്കളായ അരുണും വരുണും കിരണും വായിക്കും. അവരാണ് പ്രസിദ്ധീകരണങ്ങള്‍ക്ക് അയക്കുന്നത്.
മധുരിക്കും ഓര്‍മകള്‍, ലിനിയെന്ന മാലാഖ, പ്രകൃതിയുടെ പ്രതികാരം തുടങ്ങിയ കഥകള്‍ അനുഭവങ്ങളുടെ ആവിഷ്‌കാരമാണ്. ദൈവം തനിക്ക് തന്ന കഴിവുകളെ മനുഷ്യ നന്മയ്ക്കായി 60 മേനിയും 100 മേനിയുമായി വര്‍ധിപ്പിക്കുകയാണ് മോളി ജോര്‍ജ്
എന്ന കലാകാരി.
Leave a Comment
Your email address will not be published. Required fields are marked with *